മുംബൈ: പങ്കജ് ഉധാസ് പാടി…
“ചുപാന ഭി നഹിം ആതാ
ജടാന ഭി നഹിം ആതാ
ഹമേം തുമ്സെ മൊഹബ്ബത് ഹെ
ബതാനാ ഭി നഹി ആതാ”
(എങ്ങിനെ ഒളിച്ചുവെയ്ക്കണമെന്ന് എനിക്കറിയില്ല
എങ്ങിനെ പ്രകടിപ്പിക്കണമെന്നും എനിക്കറിയില്ല
ഞാന്‍ നീയുമായി പ്രണയത്തിലാണ്
പക്ഷെ എങ്ങിനെ അത് പറയമെന്ന് എനിക്കറിയില്ല)
അതെ, തന്റെ പ്രണയം ഒളിച്ചുവെയ്ക്കാന് പങ്കജ് ഉധാസിനറിയില്ലായിരുന്നു. അന്യസമുദായക്കാരിയായ കാമുകി ഫരീദയ്ക്കൊപ്പം പങ്കജ് ഉധാസ് ഉറച്ചുനിന്നു. പങ്കജ് ഉധാസ് ഗുജറാത്തിലെ ഭൂവുടമകളായ പരമ്പരാഗത ഹിന്ദുസമുദായക്കാരന്‍. അയല്‍ക്കാരിയായ ഫരീദ പാഴ്സി കുടുംബത്തില്‍ നിന്നും. പാഴ്സികള്‍ക്ക് അന്യസമുദായത്തില്പ്പെട്ടവരെ വിവാഹം കഴിക്കാന്‍ പാടില്ല. മൂന്ന് വര്‍ഷത്തോളം ഇരുവരും പ്രേമിച്ചു. അതിനിടയില്‍ തന്റെ ആദ്യ സംഗീത ആല്‍ബം പങ്കജ് ഉധാസ് പുറത്തിറക്കിയത് ഏറെ കഷ്ടപ്പെട്ട്. ആല്‍ബത്തിന് ഏതാനും ആയിരങ്ങള്‍ കൂടി ആവശ്യമുണ്ട്. അന്ന് വിവാഹം കഴിഞ്ഞിട്ടില്ല. പക്ഷെ കാമുകിയായ ഫരീദ എവിടെനിന്നോ കടം വാങ്ങി പണം കൊടുത്തു. ആ പണം കൂടി ചേര്‍ത്താണ് ആദ്യ ആല്‍ബം ആഹത് പുറത്തിറക്കിയത്. അന്ന് അത് വലിയ വിജയവുമായിതീര്ന്നു. “പങ്കജ് ഉധാസ് തന്റെ ഭര്‍ത്താവായി വരണമെന്ന് ഏഴ് ജന്മങ്ങള് ഞാന്‍ ആഗ്രഹിച്ചിരുന്നിരിക്കണം. എന്റെ എല്ലാ സ്വാതന്ത്ര്യങ്ങളും അദ്ദേഹം അനുവദിച്ചു. ആ സ്വാതന്ത്ര്യം ഞങ്ങള്‍ക്കിടയില്‍ നിങ്ങള്‍ക്ക് കാണാം.”- ഫരീദ പറയുന്നു.
ഇരുവരും പ്രണയത്തില്‍ നിന്നും പിന്തിരിയില്ലെന്ന് കണ്ടതോടെ ഫരീദയുടെ അച്ഛന് വിവാഹത്തിന് വഴങ്ങി. 1979ല്‍ കണ്ടുമുട്ടിയ പ്രണയം 1982ലെ വിവാഹത്തില്‍ കലാശിച്ചു. പിന്നീട് 42 വര്‍ഷത്തോളം ഇരുവരും പ്രണയാര്‍ദ്രരായി ജീവിച്ചു. പങ്കജ് ഉധാസിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള യാത്രയില്‍ ഫരീദ പൊട്ടിക്കരഞ്ഞു. ഒരിയ്ക്കലും ദുസ്വപ്നത്തില് പോലും കാണാത്ത ഒന്നായിരുന്നു ഫരീദയെ സംബന്ധിച്ചിടത്തോളം പങ്കജ് ഉധാസിന്റെ വിടവാങ്ങല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: