ഈവര്‍ഷം മൂന്നാംതവണ കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പതിവുപോലെ ഇക്കുറിയും ജനശ്രദ്ധയാകര്‍ഷിച്ചു. ഭാരതം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബഹിരാകാശ പദ്ധതിയായ ‘ഗഗന്യാന്’ യാത്രികരാകാന്‍ പരിശീലനം നടത്തുന്ന നാലംഗ സംഘത്തെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നതായിരുന്നു പ്രധാനമന്ത്രി പങ്കെടുത്ത ആദ്യ പരിപാടി. വിമാനമിറങ്ങി വിഎസ്എസ്സിയിലേക്കുപോയ പ്രധാനമന്ത്രി അവിടെ വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ നടന്ന ചടങ്ങില്‍ മലയാളിയായ പ്രശാന്ത് നായര്‍ നയിക്കുന്ന ബഹിരാകാശ സംഘത്തെ പരിചയപ്പെടുത്തിയത് ചരിത്രസംഭവമായിരുന്നു. പ്രശാന്ത് അടക്കം പ്രത്യേക പരിശീലനം നേടിയ നാലുപേരാകും ബഹിരാകാശത്ത് പോവുക. എയര്‍ഫോഴ്സിലെ ഗ്രൂപ്പ് ക്യാപ്റ്റന്മാരായ അജിത് കൃ ഷ്ണന്‍, അംഗദ് പ്രതാപ്, വിങ് കമാന്‍ഡര്‍ ശുഭാന്‍ശു ശുക്ല എന്നിവരാണിവര്‍. റഷ്യയിലും ബെംഗളൂരുവിലും ഇവര്‍ ഇതിനായി പ്രത്യേക പരിശീലനം നേടുകയുണ്ടായി. ഈ നാല് ഗഗന്യാന് സഞ്ചാരികള്‍ വെറും നാല് വ്യക്തികളല്ലെന്നും, 140 കോടി ഭാരതീയരുടെ അഭിലാഷങ്ങള്‍ ബഹിരാകാശത്തേക്ക് കൊണ്ടു പോകുന്ന നാല് ശക്തികളാണെന്നുമുള്ള പ്രധാനമന്ത്രിയുടെ വാക്കുകള്‍ ആവേശദായകമാണ്. 40 വര്‍ഷത്തിനു ശേഷമാണ് ഒരു ഭാരതീയന് ബഹിരാകാശത്ത് പോകുന്നതെന്നും, ഇത്തവണ സമയവും കൗണ്ട്ഡൗണും റോക്കറ്റും നമ്മുടേതാണെന്നും പറഞ്ഞ പ്രധാനമന്ത്രി, 2035 ആകുമ്പോഴേക്കും ഭാരതത്തിന് സ്വന്തമായി ബഹിരാകാശ നിലയമുണ്ടാകുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാഷ്ട്രത്തിന്റെ അമൃതകാലത്ത് ഭാരതത്തിലെ ബഹിരാകാശ സഞ്ചാരികള്‍ സ്വന്തം റോക്കറ്റില്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുകയാണ്. അവസരങ്ങള്‍ ഏറെയുണ്ടായിട്ടും ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടത്തിന്റെ അഭാവംകൊണ്ട് ബഹിരാകാശരംഗത്ത് നേടാന്‍ കഴിയാതിരുന്ന കുതിപ്പുകള്‍ക്കാണ് ഭാരതം ഇപ്പോള്‍ സാക്ഷ്യംവഹിക്കുന്നത്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് നയിക്കുന്ന കേരള പദയാത്രയുടെ സമാപന പരിപാടിയിലും പ്രധാനമന്ത്രി മോദി പങ്കെടുക്കുകയുണ്ടായി. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ഈ സമ്മേളനത്തില്‍ പതിനായിരങ്ങളെ അഭിസംബോ ധന ചെയ്ത് മോദി നടത്തിയ പ്രസംഗം ബിജെപിക്കെതിരെയുള്ള എല്‍ഡിഎഫ്-യുഡിഎഫ് രാഷ്ട്രീയത്തിന്റെ കാപട്യം തുറന്നുകാണിക്കുന്നതും, മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ കേരളത്തില്‍ ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎയുടെ സാധ്യതയിലേക്കു വിരല്‍ചൂണ്ടുന്നതുമായിരുന്നു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടിങ് ശതമാനം രണ്ടക്കത്തിലേക്ക് ഉയര്‍ത്തിയപോലെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ്നില രണ്ടക്കമാക്കണമെന്നും മോദി ആഹ്വാനം ചെയ്തു. കേരളം വിട്ടാല്‍ കോണ്‍ഗ്രസ്സും സിപിഎമ്മും അടുത്ത സുഹൃത്തുക്കളാണെന്നും, തിരുവനന്തപുരത്ത് പറയുന്ന ഭാഷയും രീതികളുമല്ല ദല്‍ഹിയിലെത്തിയാലെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി. കേരളത്തില്‍ സര്‍ക്കാരുകള്‍ മാറിമാറി വന്നെങ്കിലും രാഷ്ട്രീയ സാഹചര്യം മാറിയില്ലെന്നും, ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അത് സംഭവിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞതിനെ ശരിവയ്ക്കുന്ന ചലനങ്ങള്‍ ഇപ്പോള്‍തന്നെ ദൃശ്യമാണ്. ഇത്തവണയും മോദി സര്‍ക്കാര്‍ എന്നതായിരുന്നു 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപി മുദ്രാവാക്യമെന്നും, മൂന്നാം വട്ടം 400 ലേറെ സീറ്റ് എന്നതാണ് വരുന്ന ലോക്സഭാ െതരഞ്ഞെടുപ്പിലെ മുദ്രാവാക്യമെന്നും പ്രധാനമന്ത്രി പറഞ്ഞത് കേരളത്തിലെ ജനങ്ങളും ആവേശത്തോടെ ഏറ്റെടുക്കും.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സര്‍ക്കാര്‍ വീഴുമെന്ന പ്രതിപക്ഷത്തിന്റെ പ്രചാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന്റെ ഫലമായാണ് കേരളത്തില്‍നിന്ന് കോണ്‍ഗ്രസ്സിന് കൂടുതല്‍ സീറ്റ് ലഭിക്കാനിടയായത്. ഇങ്ങനെയൊരു സാഹചര്യം അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലില്ല. പ്രതിപക്ഷം ഇപ്പോള്‍തന്നെ തോല്‍വി ഉറപ്പിച്ചുകഴിഞ്ഞെന്നും, ജനങ്ങള്‍ക്കു മുന്നില്‍ മറ്റൊന്നും വയ്ക്കാനില്ലാത്തതിനാല്‍ തന്നെ അസഭ്യം പറയുകയാണ് അവരുടെ പണിയെന്നും പ്രധാനമന്ത്രി പറയുന്നത് കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ക്ക് ഒരുപോലെ ബാധകമാണ്. മോദിവിരോധത്തില്‍ ഇവര്‍ ഒറ്റക്കെട്ടാണ്. മോദിസര്‍ക്കാര്‍ കേരളത്തെ അവഗണിക്കുകയാണെന്ന കള്ളപ്രചാരണം അവര്‍ നടത്തുന്നുണ്ടെങ്കിലും ജനങ്ങള്‍ അത് വിശ്വസിക്കാന്‍ പോകുന്നില്ല. കൊല്ലം എംപിയായ പ്രേമചന്ദ്രന് പോലും സന്തുലിത വികസനത്തിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കുകയാണല്ലോ. ജനവികാരം മനസ്സിലാക്കിക്കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. മോദിക്കൊപ്പം നിന്നാല്‍ വോട്ടുകിട്ടുമെന്ന് പ്രതിപക്ഷ എംപിപോലും കരുതുന്നിടത്തേക്ക് സ്ഥിതിഗതികള്‍ എത്തിയിരിക്കുന്നു. കേരളത്തിലെ ജനങ്ങള്‍ തന്നെ സ്നേഹിക്കുന്നതില്‍ നന്ദി പറഞ്ഞ പ്രധാനമന്ത്രി അത് ഇരട്ടിയായി തിരിച്ചുനല്‍കുമെന്ന് വാക്കുനല്‍കിയിരിക്കുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് നല്കുന്ന പരിഗണനതന്നെ കേരളത്തിന് നല്‍കിയെന്നും, ഇക്കാര്യത്തില്‍ ഒരു ഇരട്ടത്താപ്പുമില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കുകയുണ്ടായി. ഈ വികസന രാഷ്ട്രീയത്തോട് ഇവിടുത്തെ ജനങ്ങളും അനുകൂലമായി പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: