കൊച്ചി: ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങള്‍ക്ക് സെനറ്റ് യോഗങ്ങളില്‍ പങ്കെടുക്കാന്‍ പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി.
പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഡോ. വിനോദ്കുമാര്‍, ടി.ജി. നായര്‍, പി. ശ്രീകുമാര്‍, പി.എസ്. ഗോപകുമാര്‍, ജി. സജികുമാര്‍, അഡ്വ. വി.കെ. മഞ്ചു, ഒ.ബി. കവിത, ഡോ. എസ്. മിനി വേണുഗോപാല്‍, ഡോ. പോള്‍രാജ്, ഡോ. ശ്രീപ്രസാദ് ആര്., ഡോ. ദിവ്യ എസ്.ആര്., എസ്. ശ്യാം ലാല്‍ എന്നിവര്‍ നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസ് രാജ വിജയരാഘവന്റേതാണ് ഉത്തരവ്.
സെനറ്റ് യോഗത്തില്‍ പങ്കെടുക്കുന്നതില്‍ എസ്എഫ്ഐ, ഡിവൈഎഫ്ഐ, സിപിഎം സംഘടനകളില്‍ നിന്ന് ഭീഷണി നേരിടുന്നു. സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് ഇടതു സംഘടനകള്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.
സംരക്ഷണം ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല എന്നൊക്കെയാണ് ഹര്‍ജിയിലെ ആരോപണങ്ങള്‍. കഴിഞ്ഞ 16 ന് സെനറ്റ് യോഗം നടന്നപ്പോള്‍ പഴുതില്ലാത്ത സുരക്ഷ നല്കിയ കാര്യം സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
തുടര്‍ന്നാണ് ഇനിയുള്ള യോഗങ്ങളിലും സെനറ്റ് അംഗങ്ങള്‍ എന്ന നിലയിലുള്ള കടമ നിര്‍വഹിക്കാന്‍ വേണ്ട സംരക്ഷണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. സെനറ്റ് ഹാളിനുള്ളില്‍ നടന്ന അക്രമങ്ങളില്‍ ബന്ധപ്പെട്ടവര്‍ക്ക് നിയമപരമായ പരിഹാരത്തിനായി ശ്രമിക്കാമെന്നും കോടതി പറഞ്ഞു.
ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഡ്വ. ആര്. വി. ശ്രീജിത്ത്, അഡ്വ. ടി. സി. കൃഷ്ണ എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: