മുംബൈ: മഹാരാഷ്ട്ര കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റും മുന്‍ മന്ത്രിയുമായ ബസവരാജ് പാട്ടീല്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച ബസവരാജ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസില്‍ നിന്നാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. സംസ്ഥാന ബിജെപി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബാവന് കുലേ ഉള്‍പ്പടെയുള്ളവര്‍ സന്നിഹിതരായിരുന്നു.
തുടര്‍ച്ചയായി നാലാമത്തെ നേതാവാണ് കോണ്‍ഗ്രസിനെ ഉപേക്ഷിക്കുന്നത്. അശോക് ചവാന്, ബാബാ സിദ്ദിഖ്, മിലിന്ദ് ദേവ്റ എന്നിവര്‍ക്ക് പിന്നാലെയാണ് പരിചയസമ്പന്നനായ ബസവരാജ് പാട്ടീലും കോണ്‍ഗ്രസ് ഉപേക്ഷിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ കോണ്‍ഗ്രസ് സംസ്ഥാനത്ത് തകര്‍ന്നടിയുന്നതിന്റെ സൂചനയാണിതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.
മറാത്ത്വാഡ മേഖലയില്‍ നിന്നുള്ള പ്രമുഖ ലിംഗായത്ത് നേതാവാണ് ബസവരാജ്. ഔസ മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ സംസ്ഥാന നിയമസഭയിലേക്ക് ജയിച്ചു. ആദ്യ ഊഴത്തില്‍ത്തന്നെ അശോക് ചവാന് മന്ത്രിസഭയില്‍ അംഗമായിരുന്നു അദ്ദേഹം. 2019ല്‍ ബിജെപിയുടെ അഭിമന്യു പവാറിനോടാണ് ബസവരാജ് തോറ്റത്. ഇന്നലെ രാവിലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസുമായി അദ്ദേഹത്തിന്റെ വീട്ടിലെത്തി ബസവരാജ് പാട്ടീല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജിവാര്‍ത്ത വന്നത്.
അതേസമയം, പാട്ടീല്‍ ഏറെക്കാലമായി പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് നാനാ പടോലെ പറഞ്ഞു. രാജിവച്ചോ എന്ന് അറിയില്ല. അത്തരത്തില്‍ കത്തുകളൊന്നും ലഭിച്ചില്ല. പടോലെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: