തിരുവനന്തപുരം: രാജ്യത്തിന്റെ അഭിമാനമാനമായ ഗഗന്യാന് ദൗത്യത്തിനായുള്ള സംഘാംഗങ്ങളെ അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലക്കാട് സ്വദേശിയായ വ്യോമ സേന ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്, ഗ്രൂപ്പ് ക്യാപ്റ്റന്‍ അംഗദ് പ്രതാപ്, അജിത് കൃഷ്ണന്, വിങ് കമാന്‍ഡര്‍ ശുഭാന്‍ശു ശുക്ല എന്നിവരാണ് ഗഗന്യാന് ദൗത്യത്തിനായി പരിശീലനത്തിലുള്ളവര്‍. സംഘത്തെ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണനായിരിക്കും നയിക്കുക.
പാലക്കാട് നെന്മാറ സ്വദേശി പ്രശാന്ത് ബാലകൃഷ്ണന് നായര്‍ 1999ലാണ് വ്യോമസേനയില്‍ ചേരുന്നത്. ഇപ്പോള്‍ വ്യോമസേനയില്‍ ഗ്രൂപ്പ് ക്യാപ്റ്റനാണ്.
തുമ്പ വിഎസ്എസ്യില് നടന്ന ചടങ്ങില്‍ നാലുപേരെയും വേദിയിലേക്ക് ക്ഷണിച്ചുകൊണ്ടാണ് നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയത്. ഗഗന്യാന് ദൗത്യത്തിനുള്ള ബഹിരാകാശ സഞ്ചാരികളായി തെരഞ്ഞെടുക്കപ്പെട്ട നാല് പേര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ബഹിരാകാശ ചിറകുകള്’ നല്‍കുകയും ചെയ്തു.
‘ഭാരത് മാതാ കീ ജയ്’ വിളികള്‍ സദസില്‍ അലയടിച്ചപ്പോള്‍, നിയുക്ത ബഹിരാകാശ സഞ്ചാരികള്‍ക്കു കൈയടിക്കാന്‍ ആഹ്വാനം ചെയ്താണു പ്രധാനമന്ത്രി അഭിസംബോധന ആരംഭിച്ചത്. നിയുക്ത ബഹിരാകാശ സഞ്ചാരികള്‍ ഇന്ത്യയുടെ വിജയത്തോടൊപ്പം ചേര്‍ന്നിട്ടുണ്ടെന്നും അവര്‍ ഇന്നത്തെ ഇന്ത്യയുടെ വിശ്വാസത്തെയും ധൈര്യത്തെയും വീര്യത്തെയും അച്ചടക്കത്തെയും പ്രതീകപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പരിശീലനത്തോടുള്ള അവരുടെ അര്‍പ്പണബോധത്തെയും മനോഭാവത്തെയും അദ്ദേഹം പ്രശംസിച്ചു. അവര്‍ ഒരിക്കലും തളരാത്ത ഇന്ത്യയുടെ അമൃതതലമുറയുടെ പ്രതിനിധികളാണെന്നും എല്ലാ പ്രതികൂല സാഹചര്യങ്ങളെയും വെല്ലുവിളിക്കാനുള്ള കരുത്തു പ്രകടിപ്പിക്കുമെന്നും മോദി പറഞ്ഞു.
ഈ ദൗത്യത്തിന് ആരോഗ്യമുള്ള ശരീരത്തിന്റെയും ആരോഗ്യമുള്ള മനസ്സിന്റെയും ആവശ്യകത ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി, പരിശീലന മൊഡ്യൂളിന്റെ ഭാഗമായുള്ള യോഗയുടെ പങ്കും ചൂണ്ടിക്കാട്ടി. ‘രാജ്യത്തിന്റെ ആശംസകളും അനുഗ്രഹങ്ങളും നിങ്ങള്‍ക്കുണ്ട്’ പ്രധാനമന്ത്രി പറഞ്ഞു. ഗഗന്യാന് പദ്ധതിയുമായി ബന്ധപ്പെട്ട ഐഎസ്ആര്‍ഒയിലെ എല്ലാ സ്റ്റാഫ് പരിശീലകര്‍ക്കും അദ്ദേഹം ആശംസകള്‍ അറിയിച്ചു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്ര സഹമന്ത്രി വി. മുരളീധരന്, ഐ.എസ്.ആര്.ഒ ചെയര്‍മാനുമാന്‍ എസ് സോമനാഥ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: