Categories: KeralaIndia

ഇത് അമൃതകാലം; രാജ്യം വികസന കുതിപ്പില്‍; വിഎസ്എസ്‌സിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത് 1800 കോടിയുടെ പദ്ധതികള്‍

Published by

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തലസ്ഥാനത്തെ വിഎസ്എസ്‌സിയില്‍ ഉദ്ഘാടനം ചെയ്തത് 1800 കോടിയുടെ പദ്ധതികളാണ്. മൂന്ന് സുപ്രധാന അടിസ്ഥാന സൗകര്യപദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ പിഎസ്എല്‍വി ഇന്റഗ്രേഷന്‍ ഫെസിലിറ്റി, മഹേന്ദ്രഗിരിയിലെ ഐഎസ്ആര്‍ഒ പ്രൊപ്പല്‍ഷന്‍ കോംപ്ലക്സില്‍ സെമി ക്രയോജനിക്സ് ഇന്റഗ്രേറ്റഡ് എഞ്ചിനും സ്റ്റേജ് ടെസ്റ്റ് സൗകര്യവും വിഎസ്എസ്സിയിലെ ട്രൈസോണിക് വിന്‍ഡ് ടണല്‍ എന്നിവയാണ് ഉദ്ഘാടനം ചെയ്തത്.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ പിഎസ്എല്‍വി ഇന്റഗ്രേഷന്‍ ഫെസിലിറ്റി (പിഐഎഫ്) പിഎസ്എല്‍വി വിക്ഷേപണങ്ങളുടെ ആവൃത്തി പ്രതിവര്‍ഷം ആറില്‍നിന്ന് 15 ആയി ഉയര്‍ത്താന്‍ സഹായിക്കും. ഈ അത്യാധുനിക കേന്ദ്രത്തിന് സ്വകാര്യ ബഹിരാകാശ കമ്പനികള്‍ രൂപകല്‍പ്പന ചെയ്ത എസ്എസ്എല്‍വിയുടെയും മറ്റ് ചെറിയ വിക്ഷേപണ പേടകങ്ങളുടെയും വിക്ഷേപണങ്ങളും നിറവേറ്റാനാകും.

ഐപിആര്‍സി മഹേന്ദ്രഗിരിയിലെ പുതിയ സെമി ക്രയോജനിക്‌സ് ഇന്റഗ്രേറ്റഡ് എഞ്ചിനും സ്റ്റേജ് ടെസ്റ്റ് സൗകര്യവും സെമി ക്രയോജനിക് എഞ്ചിനുകളുടെയും ഘട്ടങ്ങളുടെയും വികസനം സാധ്യമാക്കും, ഇത് നിലവിലെ വിക്ഷേപണ പേടകങ്ങളുടെ പേലോഡ് ശേഷി വര്‍ധിപ്പിക്കും. ട്രൈസോണിക് വിന്‍ഡ് ടണല്‍ ഭാവി സാങ്കേതിക വികസന ആവശ്യങ്ങള്‍ നിറവേറ്റുന്ന സങ്കീര്‍ണമായ സാങ്കേതിക സംവിധാനമാണ്.

വിഎസ്എസ്‌സിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രധാനമന്ത്രി ഗഗന്‍യാന്റെ പുരോഗതി അവലോകനം ചെയ്യുകയും നിയുക്ത ബഹിരാകാശ സഞ്ചാരികള്‍ക്ക് ബഹിരാകാശ യാത്രികരുടെ ചിറകുകള്‍ സമ്മാനിക്കുകയും ചെയ്തു. കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വി. മുരളീധരന്‍ എന്നിവരും പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by