തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്നും നാളെയും നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ന് രാവിലെ 5 മണി മുതല്‍ ഉച്ചയ്‌ക്ക് 2 മണി വരെ ഡൊമസ്റ്റിക് എയര്‍പോര്‍ട്ട്, ശംഖുമുഖം, ആള്‍സെയിന്‍സ്, കൊച്ചുവേളി, മാധവപുരം, സൗത്ത് തുമ്പ, പൗണ്ട്കടവ് വരെയുള്ള റോഡിലും ആള്‍സെയിന്‍സ് ജംഗ്ഷന്‍ മുതല്‍ ചാക്ക, പേട്ട, പാറ്റൂര്‍, ആശാന്‍ സ്‌ക്വയര്‍, രക്തസാക്ഷി മണ്ഡപം, വിജെടി, സ്‌പെന്‍സര്‍ ജംഗഷന്‍, സ്റ്റാച്യൂ, പുളിമൂട് വരെയുള്ള റോഡിലും സെക്രട്ടേറിയറ്റിനും സെന്‍ട്രല്‍ സ്‌റ്റേഡിയത്തിനും ചുറ്റുമുള്ള റോഡിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. നാളെ രാവിലെ 11 മുതല്‍ ഉച്ചയ്‌ക്ക് 2വരെ ഡൊമസ്റ്റിക് എയര്‍പോര്‍ട്ട്, ശംഖുമുഖം, ആള്‍സെയിന്‍സ്, ചാക്ക, ഈഞ്ചക്കല്‍ വരെയുള്ള റോഡുകളിലും ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി.
വിമാനത്താവളത്തിലേക്കുള്ള യാത്രക്കാര്‍ മുന്‍കൂട്ടി യാത്രകള്‍ ക്രമികരിക്കണം. ഡൊമസ്റ്റിക് എയര്‍പോര്‍ട്ടിലേക്ക് പോകുന്നവര്‍ വെണ്‍പാലവട്ടം, ചാക്ക ഫ്‌ളൈ ഓവര്‍, ഈഞ്ചക്കല്‍ കല്ലുംമൂട്, പൊന്നറപാലം, വലിയതുറ വഴിയും ഇന്‍ര്‍നാഷണല്‍ ടെര്‍മിനലിലേക്ക് പോകുന്ന യാത്രക്കാര്‍ വെണ്‍പാലവട്ടം ചാക്ക ഫ്‌ളൈ ഓവര്‍, ഈഞ്ചക്കല്‍, അനന്തപുരി ആശുപത്രി സര്‍വീസ് റോഡ് വഴിയും പോകണം. സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ പൊതുപരിപാടിക്കായി എത്തുന്ന വാഹനങ്ങള്‍ പനവിള, ഊറ്റുകുഴി എന്നിവിടങ്ങളില്‍ ആളുകളെ ഇറക്കിയശേഷം വാഹനങ്ങള്‍ ആറ്റുകാല്‍ ക്ഷേത്രം ഗ്രൗണ്ടിലോ കോവളം ബൈപ്പാസില്‍ ഈഞ്ചക്കല്‍ മുതല്‍ തിരുവല്ലം വരെയുള്ള റോഡിന്റെ വശങ്ങളിലോ പാര്‍ക്ക് ചെയ്യണം. ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള ഭാഗങ്ങളില്‍ രണ്ടുദിവസവും രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ഡ്രോണ്‍ പറത്തുന്നതും നിരോധിച്ചിട്ടുണ്ട്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തലസ്ഥാനത്തെ ഈ വര്‍ഷത്തെ ആദ്യ സന്ദര്‍ശനത്തെ സ്വാഗതം ചെയ്യാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി എന്‍എഡിഎ. മോദിയെ കാണാന്‍ രാഷ്‌ട്രീയ വ്യത്യാസം മറന്ന് ആയിരക്കണക്കിന് പേര്‍ സമ്മേളനസ്ഥലത്ത് എത്തിച്ചേരും. മറ്റ് ജില്ലകളില്‍ നിന്നും നിരവധി പേര്‍ എത്തിച്ചേരും. മോദിയ്‌ക്ക് സ്വാഗതമേകി കൂറ്റന്‍ കട്ടൗട്ടുകളും നിരവധി ഫഌക്‌സ്‌ബോര്‍ഡുകളും നഗരത്തില്‍ നിറഞ്ഞു കഴിഞ്ഞു. കുങ്കുമ ഹരിത പതാകകള്‍ കൊണ്ട് പ്രധാന റോഡുകളെല്ലാം അലങ്കരിച്ചു സ്വാഗതമേകിയിട്ടുണ്ട്. നഗരം അപ്പാടെ ഉത്സവാന്തരീക്ഷത്തിലാണ്.
സമ്മേളനം നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തീര്‍ത്ത പടുകൂറ്റന്‍ വേദിക്ക് ഇരുവശത്തുമായി മോദിയുടെ ഗ്യാരന്റി യെന്നും നരേന്ദ്രമോദിക്ക് സ്വാഗതമെന്നും ആലേഖനം ചെയ്ത കട്ടൗട്ടുകളും ഫഌക്‌സുകളുമാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തിലും പരിസരത്തുമായി സ്ഥാപിച്ചിട്ടുള്ളത്. മോദിയുടെ ഗ്യാരന്റി എന്ന് ആലേഖനം ചെയ്ത 25 അടി ഉയരമുള്ള കട്ടൗട്ടുകള്‍ ഉള്‍പ്പെടെ നിരവധി പ്രചരണ ബോര്‍ഡുകള്‍ നഗരത്തില്‍ സ്ഥാനം പിടിച്ചു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പടുകൂറ്റന്‍ സമ്മേളന വേദിയാണ് ഒരുക്കിയിട്ടുള്ളത്. രാവിലെ 10 മണി മുതല്‍ സമ്മേളനം ആരംഭിക്കും.
കേരളപദയാത്രയുടെ സമാപനസമ്മേളനം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ അരലക്ഷം പ്രവര്‍ത്തകര്‍ പങ്കെടുക്കും. ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ നിന്നായി ബിജെപിയിലെത്തിയ ആയിരത്തോളം പേര്‍ സമ്മേളനത്തിനെത്തിച്ചേരും. കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളെല്ലാം നരേന്ദ്രമോദിയെ കാണാനുള്ള ആവേശത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെയും ഫഌക്‌സ് ബോര്‍ഡുകള്‍ ഗ്രാമങ്ങളിലുള്‍പ്പെടെ സ്ഥാപിച്ചിട്ടുണ്ട്. ജില്ലയില്‍ ബൂത്തുതലങ്ങളില്‍ നിന്ന് അമ്മമാരുള്‍പ്പെടെ പരിപാടിയില്‍ എത്തുന്നതിനുവേണ്ട ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതായി പ്രവര്‍ത്തകര്‍ പറഞ്ഞു. രാവിലെ 10 മണിയോടുകൂടി സമ്മേളനം ആരംഭിക്കും.
ജനുവരി 27ന് കാസര്‍കോട് നിന്നാണ് കേരള പദയാത്ര ആരംഭിച്ചത്. ബിജെപി ദേശീയാധ്യക്ഷന്‍ ജെ.പി. നദ്ദയാണ് യാത്ര ഉദ്ഘാടനം ചെയ്തത്. മധൂര്‍ ക്ഷേത്രദര്‍ശനത്തോടെയായിരുന്നു യാത്ര ആരംഭിച്ചത്.സമാപന സമ്മേളനത്തില്‍ അരലക്ഷം പേര്‍ സംബന്ധിക്കുമെന്ന് ബിജെപി ജില്ലാപ്രസിഡന്റ് വി.വി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മത്സ്യത്തൊഴിലാളി വിഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികളടക്കം നിരവധി പ്രമുഖര്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനുണ്ടാകുമെന്ന് വി.വി.രാജേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: