തിരുവനന്തപുരം: ഭിന്നശേഷിക്കാരെ സമൂഹത്തോടു ചേര്‍ത്തു പിടിക്കുമെന്നും സാധ്യമായ എല്ലാ സഹായ സഹകരണങ്ങളും സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും ഇന്നലെ ഭിന്നശേഷിക്കാരുമായുള്ള മുഖാമുഖത്തില്‍ പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനോട് പരിപാടിയില്‍ പങ്കെടുത്ത ഭിന്നശേഷിക്കാര്‍ ചോദിക്കുന്നു, കുടിശികയായ ഞങ്ങളുടെ പെന്‍ഷനെങ്കിലും തന്നുകൂടേ? സമ്പാദിക്കാനല്ല, മരുന്നു വാങ്ങാനാണെന്നും പരിപാടി കഴിഞ്ഞിറങ്ങിയവര്‍ വിലപിക്കുന്നു.
മുഖ്യമന്ത്രിക്ക് തെരഞ്ഞെടുപ്പു പരസ്യ പോസ്റ്ററില്‍ ഞങ്ങളുടെ പടം അച്ചടിക്കാന്‍ ഇത്തരം പരിപാടിക്കു വിനിയോഗിക്കുന്ന ലക്ഷങ്ങള്‍ പെന്ഷന് ഇനത്തില്‍ തന്നുകൂടേയെന്നും ഭിന്നശേഷിക്കാര്‍ ചോദിക്കുന്നു.
പെന്ഷന് തരൂ.. മകളെയെങ്കിലും രക്ഷിക്കട്ടെ
വെഞ്ഞാറമ്മൂട് പിരപ്പന്‍കോടാണ് ഭാര്യയും മകളുമടങ്ങുന്ന ശശിധരന് നായരുടെ കുടുംബം താമസിക്കുന്നത്. ഹീമോഫീലിയ രോഗിയായ ശശിധരന് നായര്‍ക്ക് കൈകാലുകള്‍ക്ക് സ്വാധീനമില്ല. ഭാര്യക്ക് എല്ലുതേയ്മാനവും. നട്ടെല്ലിനും മുട്ടിനുമുള്ള തേയ്മാനം കാരണം എണീക്കാനോ നടക്കാനോ കഴിയില്ല.
മകള്‍ ഇരുപത്തിനാലുകാരി പ്രവീണയ്ക്ക് ഭിന്നശേഷിയോടൊപ്പം ഹൃദ്രോഗവുമുണ്ട്. മകള്‍ക്കു ലഭിക്കുന്ന പെന്ഷന് മുടങ്ങി. ഭാര്യയെയും മകളെയും ശുശ്രൂഷിക്കാന്‍ ശശിധരന് നായര്‍ക്ക് തന്റെ ചായക്കട നിര്‍ത്തേണ്ടി വന്നു. പെന്ഷന് മാത്രമാണ് വരുമാനം. നാലു മാസമായി അത് മുടങ്ങിയിട്ട്. പരിചയക്കാരുടെ കടകളില്‍ നിന്ന് വീട്ടുസാധനങ്ങള്‍ കടമായി ലഭിക്കുന്നതിനാല്‍ പിടിച്ചുനില്ക്കുന്നന്നേയുള്ളൂ, വെഞ്ഞാറമ്മൂടു നിന്ന് മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ശശിധരന് നായര്‍ പറഞ്ഞു.
മരുന്ന് വാങ്ങണം; പെന്ഷന് വേണ്ടി യാചിക്കുന്നു
മലപ്പുറം മഞ്ചേരിയില്‍ നിന്ന് മുഖാമുഖം പരിപാടിക്കെത്തിയതാണ് ഭിന്നശേഷിക്കാരനായ ഉനൈസ്. മസ്റ്ററിങ് ചെയ്യാത്തതിന്റെ പേരില്‍ നാലു മാസത്തോളം പെന്ഷന് മുടങ്ങിയിരുന്നു. നവംബറിലാണ് മസ്റ്ററിങ് നടത്തിയത്. അതിനു ശേഷമുള്ള നാലു മാസത്തെ പെന്ഷന് കിട്ടാനുണ്ട്. ഉനൈസ് ഒരു ആയുര്‍വേദ കമ്പനിയിലാണ്. കാലിനു പഴുപ്പു ബാധിച്ചതിനാല്‍ ഇപ്പോള്‍ ജോലിക്കു പോകുന്നില്ല.
ഇതോടെ വീട്ടിലിരുന്ന് ഉത്പന്നങ്ങളുണ്ടാക്കി വില്പന നടത്തി. എന്നാല്‍ സര്‍ക്കാര്‍ വേണ്ട പ്രോത്സാഹനം നല്കാത്തതിനാല് അതും പാതിവഴിയിലായി. ഇനി ആകെ ആശ്രയം പെന്‍ഷനാണ്. കാലിന്റെ മുറിവുണക്കണം. മരുന്നു വാങ്ങാന്‍ എത്രയും പെട്ടെന്നു പെന്ഷന് ലഭിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടെന്ന് ഉനൈസ് പറഞ്ഞു.
പെന്‍ഷനും ലോട്ടറി പോലെയായി
കരുനാഗപ്പള്ളി സ്വദേശി പ്രകാശന് ലോട്ടറി വിറ്റാണ് ഉപജീവനം. ലോട്ടറി കച്ചവടത്തിന് ഒരുറപ്പുമില്ല. പെന്‍ഷനായിരുന്നു സ്ഥിരമായുള്ള വരുമാനം. പെന്‍ഷനെ ആശ്രയിച്ചായിരുന്നു ജീവിതം.
അച്ഛനും അമ്മയും ഭാര്യയുമടങ്ങുന്നതാണ് കുടുംബം. എന്നാല്‍ ഇപ്പോള്‍ ലോട്ടറി പോലെയായി പെന്‍ഷനും. അടിച്ചാല്‍ ലോട്ടറി എന്ന പോലെ കിട്ടിയാലായി പെന്ഷനുമെന്നു പറയേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: