ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പില്‍ മുത്തമിട്ട് ലിവര്‍പൂള്‍. ചരിത്രപ്രസിദ്ധമായ വെംബ്ലി സ്റ്റേഡിയത്തില്‍ അരങ്ങേറിയ വാശിയേറിയ പോരാട്ടത്തില്‍ ചെല്‍സിയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ലിവര്‍പൂള്‍ കിരീടമുയര്‍ത്തിയത്. നിശ്ചിത സമയവും പിന്നിട്ട് എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തില്‍ 118-ാം മിനിറ്റില്‍ വിര്‍ജില്‍ വാന്‍ ഡിക്കാണ് റെഡ്സിന്റെ വിജയഗോള്‍ നേടിയത്. പല പ്രധാന താരങ്ങളുടെയും അഭാവത്തില്‍ യുവനിരയുമായി പൊരുതിയാണ് ക്ലോപ്പിന്റെയും സംഘത്തിന്റെയും വിജയം. ലിവര്‍പൂളിന്റെ പത്താം ലീഗ് കപ്പാണിത്.
മുഹമ്മദ് സലാ, ഡിയോഗോ ജോട്ട, അലിസണ് ബെക്കര്‍, ട്രെന്റ് അലക്സാണ്ടര്‍ അര്‍ണോള്‍ഡ് എന്നീ പ്രധാന താരങ്ങളില്ലാതെയാണ് ലിവര്‍പൂള്‍ കലാശപ്പോരാട്ടത്തിനിറങ്ങിയത്.
നിശ്ചിത സമയത്തില്‍ ഗോളുകളൊന്നും തന്നെ പിറന്നില്ലെങ്കിലും വെംബ്ലിയില്‍ ആവേശത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല. ഇരുടീമുകളും പലപ്പോഴും ഗോളിനടുത്ത് എത്തിയെങ്കിലും ഗോള്‍കീപ്പര്‍മാരുടെ മികച്ച ഫോമില്‍ സ്കോര്‍ ബോര്‍ഡ് അനങ്ങിയില്ല.
ആദ്യ പകുതിയില്‍ ചെല്‍സിയുടെ സ്റ്റെര്‍ലിങ്ങിന്റെ ഒരു ഗോളും രണ്ടാം പകുതിയില്‍ വാന്‍ ഡൈക് നേടിയ ഒരു ഗോളും നിഷേധിക്കപ്പെട്ടു.
നിശ്ചിത സമയവും പിന്നിട്ട് എക്സ്ട്രാ ടൈമില്‍ എത്തിയിട്ടും ഗോള്‍ പിറന്നില്ല. ഒടുവില്‍ ഷൂട്ടൗട്ടിലേക്കെന്ന് തോന്നിപ്പിച്ച സമയത്ത് 118-ാം മിനിറ്റില്‍ ചെല്‍സിയുടെ വല കുലുങ്ങി. കോര്‍ണര്‍ കിക്കില്‍ നിന്ന് കിടിലന്‍ ഹെഡറിലൂടെ പന്ത് വലയിലെത്തിച്ച് വാന്‍ ഡൈക്കാണ് റെഡ്സിന് വിജയവും കിരീടവും സമ്മാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: