തൃശൂര്‍: കരുവന്നൂര്‍ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ച ആളെ രക്ഷപ്പെടുത്തി.പല്ലിശ്ശേരിയില്‍ താമസിക്കുന്ന കാസര്‍കോട് സ്വദേശി വാഴപ്പിള്ളി രാജേഷ് (51) ആണ് പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയത്. പുഴയില്‍ ഒഴുകിയെത്തിയ പുല്ലില്‍ പിടിച്ച് കിടന്ന ഇയാളെ നാട്ടുകാര്‍ ബോട്ടിറക്കി വലിച്ചു കരയ്ക്കു കയറ്റി. അഗ്നിശമന സേന എത്തി രാജേഷിനെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞയാഴ്ച 50 കാരി പാലത്തില്‍ നിന്ന് ചാടി മരിച്ചിരുന്നു.
കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നാണ് രാജേഷ് ആത്മഹത്യക്ക് ശ്രമിച്ചത്. രാവിലെ പാലത്തിന് മുകളില്‍ നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നു. സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുന്നയാളാണ് രാജേഷ്. പാലത്തിന്റെ പില്ലറില്‍ പോളയും പുല്ലും ഒഴുകിയെത്തി കിടന്നതില്‍ പിടിച്ച് വെള്ളത്തിന് മുകളില്‍ തലപൊങ്ങിക്കിടന്ന രാജേഷിനെ നാട്ടുകാര്‍ കണ്ടതോടെയാണ് രക്ഷയായത്.
കരുവന്നൂര്‍ പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടി ആത്മഹത്യകള്‍ കൂടുന്ന സാഹചര്യത്തില്‍ പാലത്തിന് മുകളില്‍ വയര്‍ ഫെന്‍സിങ്ങ് സ്ഥാപിക്കുമെന്ന് ഇരിങ്ങാലക്കുട എം. എല്‍. എയും മന്ത്രിയുമായ ഡോ. ആര് ബിന്ദു അറിയിച്ചു. കരുവന്നൂര്‍ പാലത്തിനെ ആത്മഹത്യാമുനമ്പാക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: