കൊച്ചി : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് ത്രസിപ്പിക്കുന്ന വിജയം. എഫ് സി ഗോവയ്ക്ക് എതിരെ രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷം ഗംഭീരമായ തിരിച്ചുവരവാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിയത്.
ആദ്യ പകുതിയില്‍ രണ്ടു ഗോളിന് പിറകിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ്. എന്നാല്‍ രണ്ടാം പകുതിയില്‍ നാലു ഗോളുകള്‍ തിരിച്ചടിച്ച് 4-2ന്റെ വിജയം നേടി.
ഏഴാം മിനിട്ടില്‍ തന്നെ ഗോവ മുന്നില്‍ എത്തി.റൗളിംഗ് ബോര്‍ജസ് ആണ് വല കുലുക്കിയത്. വൈകാതെ മുഹമ്മദ് യാസിറിലൂടെ ഗോവ ലീഡ് ഇരട്ടിയാക്കി.17-ാം മിനുട്ടില്‍ നോവ ഇടതു വിംഗില്‍ നിന്ന് നല്കിയ ഒരു ലോ ക്രോസില്‍ നിന്നായിരുന്നു യാസിറിന്റെ ഗോള്‍.
രണ്ടാം പകുതിയില്‍ 51ാം മിനിട്ടില്‍ ഡെയ്സുകെ ഒരു ഫ്രീകിക്കിലൂടെ ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോള്‍ മടക്കി. ഡയറക്ട് ഫ്രീകിക്കിലൂടെ ആയിരുന്നു ഡെയ്സുകെയുടെ ഗോള്‍.
പല ശ്രമങ്ങള്‍ക്കൊടുവില്‍ 80ാം മിനുട്ടില്‍ ഒരു ഹാന്‍ഡ് ബോളിന് ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ഒരു പെനാള്‍ട്ടി ലഭിച്ചത് ദിമി വലയില്‍ എത്തിച്ചു. ഇതോടെ സ്കോര്‍ 2-2 എന്ന നിലയിലായി.
84ാം മിനിട്ടില്‍ ദിമിയുടെ വീണ്ടും ഗോള്‍ നേടിയതോടെ കേരള ബ്ലാസ്റ്റേഴ്സിന് ലീഡായി. ദിമിയുടെ സീസണിലെ പത്താം ഗോളായിരുന്നു ഇത്.
അടുത്തതായി 88ാം മിനിറ്റില്‍ ഫെഡോര്‍ ചെര്‍നിച് ബ്ലാസ്റ്റേഴ്സിലേക്കുള്ള വരവ് അറിയിച്ച് ഗോള്‍ നേടി വിജയം ഉറപ്പിച്ചു. നിയര്‍ പോസ്റ്റില്‍ ഗോളിയെ കീഴ്പ്പെടുത്തിയാണ് ചെര്‍നിച് തന്റെ ബ്ലാസ്റ്റേഴ്സ് കരിയറിലെ ആദ്യ ഗോള്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: