ഇന്നത്തെ ഭ്രമണത്തിനിടയില്‍ മനുഷ്യന് സര്‍വസ്വമല്ല, എന്ന ചിന്ത മനസ്സില്‍ കറങ്ങിക്കൊണ്ടിരുന്നു. സര്‍വശ്രേഷ്ഠനല്ല, സര്‍വരുടെയും നേതാവുമല്ല. അവനു ബുദ്ധിയും ബലവും ലഭിച്ചിട്ടുണ്ടെന്നത് ശരിതന്നെ. അതിന്റെ അടിസ്ഥാനത്തില്‍ അവന് സ്വന്തം സുഖസൗകര്യങ്ങളും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അതു ശരിതന്നെ. പക്ഷേ ഇതെല്ലാം ലഭിച്ചിട്ടും അവന് ചെയ്തിരിക്കുന്നത് അനര്‍ത്ഥമാണ് എന്ന സംഗതിയും അത്രതന്നെ ശരിയാണ്. സൃഷ്ടിയിലെ മറ്റു പ്രാണികളും അവന്റെ സഹോദരങ്ങളായിരിക്കെ, ഈ ഭൂമി അവരുടെയും മാതാവാണെന്നിരിക്കെ ഇവിടെ ജീവിക്കാനും വളരാനും സ്വാതന്ത്രമായി വിഹരിക്കാനും അവയ്‌ക്കും അവകാശമുണ്ടെന്നിരിക്കെ മനുഷ്യന്‍ അവയെ പരാധീനരാക്കി, എല്ലാറ്റിന്റെയും സുഖവും സ്വാതന്ത്ര്യവും ചവിട്ടിമെതിച്ചു കളയുകയാണ് ചെയ്തിരിക്കുന്നത്. മൃഗങ്ങളെ ചങ്ങലകൊണ്ടു ബന്ധിച്ചു, കൂടുതല് അദ്ധ്വാനിപ്പിക്കാനായി, പൈശാചികമായി പീഡിപ്പിച്ച്, അവയുടെ കുട്ടികള്‍ക്കവകാശപ്പെട്ട പാല് കവര്‍ന്നെടുത്ത് സ്വയം കുടിക്കാന് തുടങ്ങി; നിര്‍ദ്ദയം വധം ചെയ്തു അവയുടെ മാംസം ഭക്ഷിക്കാന്‍ തുടങ്ങി. പക്ഷികളെയും ജലജീവികളെയും സ്വന്തം സ്വാദിനും രസത്തിനും വേണ്ടി നിര്‍ദ്ദാക്ഷിണ്യം നശിപ്പിച്ചു. മാംസത്തിനു വേണ്ടി, മരുന്നിനുവേണ്ടി, ഫാഷനുവേണ്ടി, വിനോദത്തിനുവേണ്ടി അവയുമായി എത്ര ക്രൂരമായിട്ടാണ് പെരുമാറുന്നതെന്നോര്‍്ത്താല്‍ അഹങ്കാരിയായ മനുഷ്യന്റെ സാന്മാര്‍ഗ്ഗിക ബോധമാകെ വെറും മിഥ്യയാണെന്നും തോന്നുകില്ലേ?
നമ്മുടെ വിജനമായ കുടിലിരിക്കുന്ന പ്രദേശത്ത് ജല ജീവികളും, കരജീവികളും, പറവകളും ധാരാളമായുണ്ട്. നടക്കാന്‍ പോകുമ്പോള്‍ ഇവയെ കണ്ടുമുട്ടുക സ്വാഭാവികമാണ്. ആദ്യമാദ്യം അവ ഭയപ്പെടുമായിരുന്നു. ഇപ്പോള്‍ പരിചിതരായിക്കഴിഞ്ഞു. എന്നെയും അവരുടെ കുടുംബാംഗമാക്കിക്കഴിഞ്ഞു. ഇപ്പോള്‍ അവയ്‌ക്ക് എന്നേയും, എനിക്കവയെയും ഭയമില്ല. ദിവസേന അടുപ്പവും സ്‌നേഹവും വര്‍്ദ്ധിച്ചു വരികയാണ്. ഈ ഭൂമിയില്‍ തന്നെ മഹത്തായ ഒരു വിശ്വസമാജം ഉള്ളതായി തോന്നുന്നു. ആ ലോകത്തില്‍ സ്‌നേഹം, കാരുണ്യം, മൈത്രി, സഹകരണം, ദയ, ശാന്തി, സന്തോഷം ഇത്യാദി സ്വര്‍ഗ്ഗീയ ഗുണവിശേഷങ്ങള്‍ വിളയാടുന്നുണ്ട്. പക്ഷേ മനഷ്യന് അവിടെനിന്നും അകലെയാണ്. അവന് തന്റേതായ ഒരു ചെറിയ ലോകം കെട്ടിപ്പടുത്തിരിക്കുകയാണ്. അതായത് മനുഷ്യലോകം. അഹങ്കാരിയും ദുഷ്ടനുമായ ഈ പ്രാണി ഭൗതികശാസ്ത്രത്തെപ്പറ്റി വലിയ വലിയ കാര്യങ്ങള്‍ പറയാറുണ്ട്. വലിപ്പവും, ശ്രേഷ്ഠതയും, വിദ്യാഭ്യാസവും സാന്മാര്‍്ഗ്ഗികത്വവുമെല്ലാം വിസ്തൃതമായി വിശ്ലേഷണം ചെയ്തു വച്ചിട്ടുണ്ട്. എന്നാല്‍ സൃഷ്ടിയിലെ അന്യജീവികളോടു അവന് കാട്ടിയിരിക്കുന്ന ചീത്ത പെരുമാറ്റം അവന്റെ സ്വന്തം സമുദായത്തിന്റെയും സദാചാരത്തിന്റെയും ശ്രേഷ്ഠതയെപ്പറ്റിയുള്ള വീമ്പിളക്കലിന്റെ മുഖംമൂടിമാറ്റി പൊള്ളത്തരം തെളിയിച്ചു കാട്ടുന്നുണ്ട്.
ഇന്നത്തെ ചിന്തകള്‍ ആഴത്തിലേയ്‌ക്ക് കടന്നുചെന്നു; വഴി തെറ്റിപ്പോയി, എത്രയോ പക്ഷിമൃഗാദികളെ ദീര്‍ഘനേരം കണ്‍ നിറയെ നോക്കിക്കൊണ്ടിരുന്നു. അവയും എഴുന്നേറ്റുനിന്ന് എന്റെ ചിന്താഗതിയെ പിന്താങ്ങിയിരുന്നു. മറ്റു പ്രാണികളെക്കാള്‍ കൂടുതല്‍ ബുദ്ധി ഉണ്ടെന്ന കാരണത്താല്‍ മനുഷ്യനെ ശ്രേഷ്ഠനായി കരുതികൂടാ. ബലമാണ് വലിപ്പത്തിന്റെ മാനദണ്ഡമെങ്കില്‍ കള്ളന്മാര്‍, കൊള്ളക്കാര്‍, സാമന്തന്മാര്‍, അസുരന്മാര്‍, പിശാചുക്കള്‍, വേതാളം, ബ്രഹ്മരാക്ഷസന്‍ മുതലായവരുടെ വലിപ്പത്തിന് മുമ്പില്‍ തല കുനിക്കേണ്ടിവരുമല്ലോ. ശ്രേഷ്ഠതയുടെ അടയാളം സത്യം, സ്‌നേഹം, സത്സ്വഭാവം, ന്യായം, ആത്മനിയന്ത്രണം, ഔദാര്യം, ത്യാഗം, ദയ, വിവേകം, സൗഹാര്‍്ദ്ദം എന്നിവയാണ്. ഇവ ഇല്ലാതെ വന്നാല് ബുദ്ധിയാകുന്ന ആയുധം ധരിച്ച മനുഷ്യമൃഗം കരാളദംഷ്‌ട്രങ്ങളും നഖങ്ങളുമുള്ള ഹിംസ്രജന്തുക്കളേക്കാള്‍ ഭയാനകമാണ്. ഹിംസ്രജന്തുക്കള്‍, വിശക്കുമ്പോള്‍ മാത്രമേ ആക്രമിക്കാറുള്ളു. എന്നാല്‍ ബുദ്ധിമാനായ മനുഷ്യമൃഗം വികാരവും അഹങ്കാരവും പോഷിപ്പിക്കാനായി വമ്പിച്ച ക്രൂരതയും ദുഷ്ടതയും നിറഞ്ഞ പോരുതന്നെ നിരന്തരം ചെയ്തുകൊണ്ടിരിക്കയാണ്.
(ഗായത്രീ പരിവാര്‍ സ്ഥാപകന്‍ ശ്രീരാംശര്‍മ ആചാര്യയുടെ ‘വിജനതയിലെ സഹചാരികള്‍’ എന്ന ഗ്രന്ഥത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: