പലര്‍ക്കും ഒന്നു കണ്ടാല്‍ മതി. ചിലര്‍ക്ക് ഒന്നും മിണ്ടണം. മറ്റുചിലര്‍ക്ക് ആ കൈപിടിച്ച് കുട്ടികളെപ്പോലെ ഒന്നുരണ്ട് ചുവട് നടക്കണം. ഇനിയും ചിലര്‍ക്ക് കാല്‍തൊട്ടു വണങ്ങണം. എന്നിട്ട് നെറുകയില്‍ ആ വിരല്‍സ്പര്‍ശം അനുഭവിക്കണം. ഒട്ടനവധി പേര്‍ക്ക് ഹൃദയാദരവിന്റെ പൊന്നാടയണിയിക്കണം. വേറെ ചിലര്‍ക്ക് തങ്ങള്‍ കൊണ്ടുവന്ന പുസ്തകങ്ങളും മറ്റും കാണിക്കയായി സമര്‍പ്പിക്കണം. അപൂര്‍വം ചിലര്‍ക്ക് സ്വയം വരച്ചുകൊണ്ടുവന്ന രേഖാചിത്രങ്ങള്‍ കൈമാറണം. ഒരുപാട് പേര്‍ക്ക് ചേര്‍ന്നുനിന്ന് സെല്‍ഫിയെടുക്കണം.
മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും, ബാലഗോകുലത്തിന്റെയും തപസ്യ കലാസാഹിത്യ വേദിയുടെയും അമൃതഭാരതിയുടെയും ബാലസാഹിതിയുടെയും സൗരക്ഷികയുടെയും അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രത്തിന്റെയുമൊക്കെ മാര്‍ഗദര്‍ശിയുമായ എം. എ. കൃഷ്ണന്റെ, സംഘ പ്രവര്‍ത്തകരുടെയും പ്രിയപ്പെട്ടവരുടെയും എംഎ സാറിന്റെ തൊണ്ണൂറ്റിയഞ്ചാം പിറന്നാള്‍ ദിനത്തില്‍ കണ്ട കാഴ്ചകളാണിത്. എറണാകുളം ഭാസ്കരീയം കണ്വെന്ഷന് സെന്ററില്‍ ബാലഗോകുലം സംഘടിപ്പിച്ച ‘സാന്ദ്ര സൗഹൃദം-എംഎ സാറിനൊപ്പം ഒരു ദിവസം’ എന്ന പരിപാടി പല തലമുറകളില്‍പ്പെട്ടവരുടെ ഒത്തുചേരലും, കര്‍മനിരതമായ ഒരു നീണ്ട കാലത്തിന്റെ ഓര്‍മകളിലൂടെ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കാനുള്ള അവസരവുമായിരുന്നു.
ബാലഗോകുലത്തിന്റെ പ്രവര്‍ത്തനം അന്പതാണ്ടുകള് പൂര്‍ത്തിയാകുമ്പോള്‍ അതിന്റെ സ്ഥാപകന്‍ തൊണ്ണൂറ്റിയഞ്ചാം പിറന്നാള്‍ ആഘോഷിക്കുന്നതില്‍ ഒരു നിയോഗത്തിന്റെ പൂര്‍ത്തീകരണവും, പുതിയ കാലത്തിന്റെ വെല്ലുവിളികളെ നേരിട്ട് പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാനുള്ള പ്രചോദനവുമുണ്ട്. സംഘാടകനും സംഘടനയും സംഘാടനവും നേര്‍രേഖയില്‍ സംഗമിക്കുന്ന ഒരാളുടെ ജീവിതത്തെ ആദരിക്കുന്നത് ഒട്ടും വൈയക്തികമല്ല.
മഹത്വത്തിന്റെ പൊരുള്‍
എം.എ. സാറിനെ കാലങ്ങളായി അടുത്തറിയുന്നവര്‍ക്കും, ആ സ്നേഹവായ്പ് അനുഭവിച്ചറിഞ്ഞിട്ടുള്ളവര്ക്കുപോലും ഈ മനുഷ്യന്റെ മഹത്വം എന്താണെന്ന് കൃത്യമായി പറയാന്‍ പ്രയാസമായിരിക്കും. അതിന് എത്ര ശ്രമിച്ചാലും പിന്നെയും ചിലത് ബാക്കിയാവും. എന്നാല്‍ സാന്ദ്ര സൗഹൃദം ഉദ്ഘാടനം ചെയ്ത് പ്രൊഫ. എം.കെ. സാനു പറഞ്ഞ വാക്കുകള്‍ എംഎ സാറിന്റെ വ്യക്തിജീവിതവുമായും പൊതുജീവിതവുമായും ഏറെ അടുത്തുനി
ല്ക്കുന്നതായിരുന്നു. സര്ഗാത്മകമായിരുന്നു ആ വിലയിരുത്തല്‍.
”ഒരാള്‍ മറ്റൊരാളുമായി കലഹത്തില്‍ ഏര്‍പ്പെടുമ്പോള്‍ വാക്കുകള്‍ ഒച്ചപ്പാടാകും. അയാള്‍ അയാളോടുതന്നെ സമരം ചെയ്യുമ്പോള്‍ കവിത പിറക്കും. ഇത് പറഞ്ഞത് ഇംഗ്ലീഷ് കവിയായ യീസ്റ്റ് ആണ്. അവനവനോടുള്ള സമരം ആത്മശുദ്ധീകരണമാണ്. ഈയൊരു സംസ്കാരം സമൂഹത്തിന് പകര്‍ന്നു നല്കാന് ജീവിതം സമര്‍പ്പിച്ചയാളാണ് എം.എ. കൃഷ്ണന്. സംസ്കാരത്തിന് വേണ്ടിയുള്ള ഒരു പ്രവര്‍ത്തനമാണിത്.
”ഒരു പാശ്ചാത്യ കവിതയുണ്ട്. രാത്രിയുടെ ഇരുളില്‍ അയാള്‍ക്കു മുന്നില്‍ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു. അവളുടെ കയ്യില്‍ ഈശ്വരന് പ്രിയമുള്ളവരുടെ പേരുകളുണ്ടായിരുന്നു. അത് ഓരോന്നായി മാലാഖ വായിച്ചു. ഒന്നാമത്തെ പേരുകാരന് അയാള്‍ ആയിരുന്നു! തന്റെ പേരുകണ്ട് അയാള്‍ അതിശയിച്ചു. കാരണം അയാള്‍ ഒരിക്കലും ദൈവത്തെ പ്രാര്‍ത്ഥിച്ചിട്ടില്ല. എന്നിട്ടുമെങ്ങനെ താന്‍ ദൈവത്തിന് പ്രിയങ്കരനായി? അപ്പോള്‍ മാലാഖ പറഞ്ഞു, നീ നന്മകള് ചെയ്തു. മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്തു. ആരെയും ദ്വേഷിച്ചില്ല. അതുകൊണ്ട് നീ ദൈവത്തിന്റെ പ്രീതി നേടി. ഇതുപോലെ സത്കര്‍മ്മങ്ങള്‍ മാത്രം ചെയ്യുന്നതുകൊണ്ട് ഈശ്വരന്റെ ഇഷ്ടം നേടിയ ആളാണ് എം. എ. കൃഷ്ണന്. എന്നെക്കാള്‍ രണ്ടു വയസ്സ് കുറവാണെങ്കിലും ഈ മനുഷ്യനെ പൂജിക്കാനാണ് ഞാന്‍ ഇവിടെ എത്തിയത്. അതെ, പൂജിക്കാന്തന്നെ.”
കേരളത്തിന്റെ സാംസ്കാരിക ജീവിതം അടുത്തറിയുകയും, അത് കരുപ്പിടിപ്പിച്ച പലരുമായും ആത്മബന്ധം സൂക്ഷിക്കുകയും ചെയ്തയാളാണ് സാനു മാഷ്. അതുകൊണ്ടുതന്നെ എംഎ സാറിനെക്കുറിച്ചുള്ള ഈ വിലയിരുത്തല്‍ വലിയൊരു ബഹുമതിയും പലര്‍ക്കും ഒരു തിരിച്ചറിവുമാണ്. അവനവനെക്കുറിച്ച് വാതോരാതെ പറയുകയും, മറ്റുള്ളവരെക്കൊണ്ട് ആവര്‍ത്തിച്ച് പറയിപ്പിക്കുകയും ചെയ്യുന്നവര്‍ക്കിടയില്‍ കുലീനമായ നിശബ്ദത പുലര്‍ത്തുന്നവരുണ്ടാവും. അവര്‍ കാമ്പുള്ളവരും ആത്മാവില്‍ സമ്പന്നരുമായിരിക്കും. എംഎ സാറിന്റെ കാര്യത്തില്‍ ഈ നിശ്ശബ്ദതയുടെ പുറന്തോട് പൊട്ടിച്ച് മഹത്വത്തിന്റെ പൊരുളെന്തെന്ന് അറിയിക്കുകയായിരുന്നു സാനുമാഷ്.
എംഎ സാറിനെക്കുറിച്ച് മുതിര്‍ന്ന സംഘപ്രചാരകന് എന്നുമാത്രം പറഞ്ഞാല്‍ പോരാ. കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന പ്രചാരകന്മാരില് ഏറ്റവും പ്രായമുള്ള ആളുമാണ്. സംഘത്തിന്റെ പ്രവര്‍ത്തനഫലമായുണ്ടായ ഇന്നു കാണുന്ന പല മാറ്റങ്ങള്‍ക്കു പിന്നിലെയും സംഘടനാ വൈഭവം കാഴ്ചവച്ചവരില്‍ ഒരാളാണ് എംഎ സാര്‍. വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റി സഹനത്തിന്റെയും സമരത്തിന്റെയും പാതയിലൂടെ സഞ്ചരിച്ച ആദ്യ പഥികനാണ് എംഎ സാറും. അതിന്റെ ആഴവും പരപ്പും അടയാളപ്പെടുത്തുകയാണ് ഭാവുകങ്ങള്‍ നേര്‍ന്നുകൊണ്ട് ആര്‍എസ്എസ് മുന്‍ അഖില ഭാരതീയ കാര്യകാരി അംഗമായ എസ്. സേതുമാധവന് ചെയ്തത്.
കടും ചുവപ്പും കാവിയും
പ്രചാരക ജീവിതത്തില്‍ താന്‍ എംഎ സാറിനെ പിന്തുടര്ന്നതിന്റെ ഓര്‍മകള്‍ സേതുവേട്ടന് പങ്കുവച്ചു. ആദ്യമായി തൊടുപുഴയില്‍ പ്രചാരകനായി എത്തിയപ്പോള്‍ അവിടെ സേതുവേട്ടനെ പരിചയപ്പെടുത്തിയത് എംഎ സാര്‍ ആയിരുന്നു. പിന്നീട് കോട്ടയം വാഴൂരില്‍ എത്തിയപ്പോള്‍ അവിടെയും എംഎ സാര്‍ ഒരുകാലത്ത് അധ്യാപകനും പ്രചാരകനുമായിരുന്നു. ആലപ്പുഴയില്‍ പ്രചാരകനായെത്തിയതും എംഎ സാറിന്റെ പിന്ഗാമിയായിത്തന്നെ. ചുരുക്കത്തില്‍ 1968-71 കാലത്ത് എംഎ സാര്‍ ഉഴുതുമറിച്ച മണ്ണിലാണ് പ്രചാരകനായ സേതുവേട്ടന് പ്രവര്‍ത്തന നിരതനായത്.
ആര്‍എസ്എസ് പ്രചാരകന് എന്ന നിലയ്ക്ക് സംഘടനാ പ്രവര്‍ത്തനത്തിലും കേരളത്തിന്റെ പൊതുമണ്ഡലത്തിലും എങ്ങനെയാണ് എംഎ സാര്‍ തന്റെ ജീവിതം അടയാളപ്പെടുത്തിയതെന്ന് സേതുവേട്ടന് കൃത്യമായി ചൂണ്ടിക്കാണിച്ചു.
”അടിയന്തരാവസ്ഥക്കാലത്ത് പൗരാവകാശങ്ങളും പത്രസ്വാതന്ത്ര്യവുമൊക്കെ നിഷേധിക്കപ്പെട്ടപ്പോള്‍ എംഎ സാര്‍ കേസരി വാരികയുടെ പത്രാധിപരായിരുന്നു. ഇക്കാലത്ത് സാഹിത്യകാരന്മാരുമായും സാംസ്കാരിക നായകന്മാരുമായും നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി. അവര്‍ക്ക് പറയാനുള്ളതു കേട്ടു. ഇടതുപക്ഷ ചിന്താഗതിക്കാരായി മാത്രം അറിയപ്പെടാന്‍ ആഗ്രഹിച്ചിരുന്ന എഴുത്തുകാരെ ദേശീയ ചിന്താധാരയിലേക്ക് കൊണ്ടുവരാന്‍ എംഎ സാറിനു കഴിഞ്ഞു. മഹാകവി അക്കിത്തം, കവി വിഷ്ണു നാരായണന് നമ്പൂതിരി, സ്വാതന്ത്ര്യ സമരസേനാനി വിഷ്ണു ഭാരതീയന്, പില്ക്കാലത്ത് ഭാഗവതാചാര്യനായി മാറിയ പഴയ കമ്യൂണിസ്റ്റ് ടി.എസ്. സുബ്രഹ്മണ്യന് തിരുമുമ്പ്, പത്രപ്രവര്‍ത്തകനായിരുന്ന വി.എം. കൊറാത്ത് തുടങ്ങിയവര്‍ ഇതില്‍പ്പെടുന്നു. സാഹിത്യ-സാംസ്കാരിക രംഗത്തെ ഈ പ്രവര്‍ത്തനത്തിന്റെ സ്വാഭാവികഫലമെന്നോണം തപസ്യ കലാസാഹിത്യവേദിക്ക് രൂപം നല്‍കുന്നതിലും, അതിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിലും എംഎ സാര്‍ വലിയ പങ്കാണ് വഹിച്ചത്.
”കേസരി വാരികയുടെ ബാലപംക്തിയില്‍ നിന്ന് ബാലഗോകുലം എന്ന പ്രസ്ഥാനം രൂപംകൊണ്ടതും എംഎ സാറിലൂടെയാണ്. കോഴിക്കോട് സാമൂതിരി ഹൈസ്കൂളില്‍ കുട്ടികളെ സംഘടിപ്പിച്ച് വലിയൊരു പരിപാടി നടത്താന്‍ കഴിഞ്ഞതും, സ്വാതന്ത്ര്യ സമര സേനാനിയും മാതൃഭൂമി പത്രാധിപരുമായിരുന്ന കെ.പി. കേശവമേനോനെ അതില്‍ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞതും എംഎ സാറിന്റെ ശ്രമഫലമായാണ്. ബാലഗോകുലത്തിന്റെ വിജയത്തുടക്കമായിരുന്നു അത്. 1978 ല്‍ കോഴിക്കോട് എംഎ സാര്‍ മുന്‍കയ്യെടുത്ത് ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര സംഘടിപ്പിച്ചു. അന്നത്തെ സാംസ്കാരിക സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തത് സംഘത്തിന്റെ ക്ഷേത്രീയ പ്രചാരകനായിരുന്ന യാദവ റാവു ജോഷിയായിരുന്നു. ഭാരതത്തിന്റെ ഭാവി ഭാസുരമായിരിക്കുമെന്നാണ് അതില്‍ പങ്കെടുത്ത കുട്ടികളെ നോക്കി യാദവ് റാവുജി പറഞ്ഞത്.
”ഇതൊരു പ്രവചനംതന്നെയായിരുന്നു. കേരളത്തിന്റെ അതിരുകളില്‍ ഒതുങ്ങിനില്ക്കുന്ന പ്രസ്ഥാനമായില്ല ബാലഗോകുലം. അതിന്റെ പ്രവര്‍ത്തനം വിവിധ സംസ്ഥാനങ്ങളിലേക്ക് പടര്‍ന്നു. മലയാളികള്‍ എവിടെയെല്ലാമുണ്ടോ അവിടെയൊക്കെ ബാലഗോകുലവുമെത്തി. ഗള്‍ഫ് നാടുകളില്‍പ്പോലും ബാലമനസ്സുകളില്‍ സംസ്കാരത്തിന്റെ മയില്‍പ്പീലി സ്പര്‍ശവുമായി ഗോകുലങ്ങള്‍ കാണാം.
”ഒരു കാലത്ത് കേരളത്തില്‍ എവിടെ നോക്കിയാലും ചെങ്കൊടികളാണ് കണ്ടിരുന്നത്. ബാലഗോകുലത്തിന്റെ പ്രവര്‍ത്തനത്തിലൂടെ, ശ്രീകൃഷ്ണ ജയന്തി ശോഭാ യാത്രകളിലൂടെയാണ് ഇതിന് പ്രകടമായ മാറ്റം വന്നത്. കേരളത്തിന്റെ ഗ്രാമങ്ങളും നഗരങ്ങളുമൊക്കെ കാവിയില്‍ മുങ്ങുന്ന കാഴ്ച പിന്നീട് കാണുവാന്‍ കഴിഞ്ഞു. ഇതിനു പിന്നിലും എംഎ സാറിന്റെ ഭാവനയും ദീര്‍ഘവീക്ഷണവും സംഘടനാ മികവുമായിരുന്നു. ബാലഗോകുലം നടത്തിയ ഗീതാജ്ഞാനയജ്ഞത്തിലൂടെ കേരളീയ സമൂഹത്തില്‍ അന്യംനിന്നു പോയിരുന്ന സാംസ്കാരിക ആഭിമുഖ്യം വീണ്ടെടുക്കാന്‍ കഴിഞ്ഞു. ”ഞാന്‍ ഭഗവദ്ഗീതയെ മുന്‍നിര്‍ത്തിയുള്ള സാമൂഹ്യമാറ്റത്തെക്കുറിച്ച് ചിന്തിച്ചപ്പോള്‍ സാക്ഷാല്‍ കൃഷ്ണനെ എംഎ സാര്‍ കൊണ്ടുപോയി” എന്ന് സ്വര്‍ഗീയ പരമേശ്വര്‍ജി തമാശയായി പറയുമായിരുന്നു.
”1984 ല്‍ എറണാകുളത്ത് വിശാല ഹിന്ദു സമ്മേളനം നടന്നു. അതിന്റെ ഫലമായി സമൂഹത്തില്‍ പുതിയൊരു ഉണര്‍വും ഐക്യവും പ്രത്യക്ഷപ്പെട്ടു. അപ്പോഴാണ് പാഞ്ഞാളില്‍ അതിരാത്രം എന്ന യാഗം നടക്കുന്നത്. അതില്‍ ആടിനെ ശ്വാസംമുട്ടിച്ചു കൊന്ന് അതിന്റെ ‘വപ’ എടുത്ത് ചെയ്യുന്ന ഒരു അനുഷ്ഠാനം ഉണ്ടായിരുന്നു. പല കോണുകളില്‍നിന്നും പ്രതിഷേധമുയര്‍ന്നു. പ്രാകൃതമായ ഈ രീതി പാടില്ലെന്ന ശക്തമായ നിലപാടുമായി എംഎ സാര്‍ രംഗത്തുവന്നു. ഇത് ഫലം കണ്ടു. ഒരുവിധത്തിലുള്ള ഹിംസയുമില്ലാതെ പ്രതീകാത്മകമായി ആ ചടങ്ങ് നടക്കുകയാണുണ്ടായത്.”
വികസ്വര ചക്രവാളം
എംഎ സാര്‍ ഒരു കവിയല്ല, പക്ഷേ ബാലചന്ദ്രന് ചുള്ളിക്കാടിനെപ്പോലുള്ള കവികളെ തുടക്കത്തില്‍ തന്നെ സഹൃദയര്‍ക്ക് പരിചയപ്പെടുത്തി. എംഎ സാര്‍ ഒരു കഥാകൃത്തല്ല, പക്ഷേ യു.കെ. കുമാരനെപ്പോലുള്ള കഥാകൃത്തുക്കളെ ആസ്വാദകരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. എംഎ സാര്‍ ഒരു നിരൂപകനല്ല, പക്ഷേ കുട്ടികൃഷ്ണമാരാരെപ്പോലുള്ള മഹാരഥന്മാരുമായി ആത്മബന്ധം സ്ഥാപിച്ചു. ഇടശ്ശേരി മുതല്‍ ഇങ്ങോട്ട് പി. കുഞ്ഞിരാമന് നായരും എന്‍.എന്‍. കക്കാടും കുഞ്ഞുണ്ണി മാഷും ഉള്‍പ്പെടെയുള്ള കവികളുടെ ഇഷ്ടക്കാരനായി. കേസരി എന്ന വാരികയെ അക്കാലത്തെ സാഹിത്യ ലോകത്തിന്റെ ഒത്തനടുവില്‍ നിര്‍ത്താന്‍ എംഎ സാറിന് കഴിഞ്ഞു. ‘നിളയുടെ ഇതിഹാസം’ എന്ന കേസരിയുടെ പ്രത്യേക പതിപ്പില്‍ മലയാളത്തിലെ എണ്ണപ്പെട്ട എഴുത്തുകാര്‍ എല്ലാവരും അണിനിരന്നത് സാഹിത്യരംഗത്ത് എംഎ സാര്‍ നേടിയ സ്വാധീനത്തിന് തെളിവായിരുന്നു.
ഒരു സംഘടന സ്ഥാപിക്കുക, തന്റെ ജീവിതകാലത്തുതന്നെ അതിന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നത് കാണാന്‍ കഴിയുക. അപൂര്‍വ്വം ചിലരുടെ അസുലഭമായ ധന്യതയാണിത്. ബാലഗോകുലത്തിലൂടെ എംഎ സാര്‍ അനുഭവിക്കുന്നതും ഇതാണ്. വൈദേശിക ചിന്താഗതികള്‍ മലയാളമണ്ണില്‍ സൃഷ്ടിച്ച ഊഷരതയില്‍ നിരാശപ്പെടാതെ കേരളത്തിന്റെ നേരുകളിലേക്കും വേരുകളിലേക്കും ഇറങ്ങിച്ചെന്ന് ഭാരത സംസ്കാരത്തെ നട്ടുനനച്ച് വളര്‍ത്തിയെടുക്കുകയായിരുന്നു ബാലഗോകുലം. പിന്നീട് ഏഷ്യയിലെ തന്നെ കുട്ടികളുടെ ഏറ്റവും വലിയ സാംസ്കാരിക പ്രസ്ഥാനമായി അത് വളര്‍ന്നു. വിദേശരാജ്യങ്ങളില്‍ അതിന്റെ അനുരണനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു. ഇതിനൊക്കെ പിന്നില്‍ എംഎ സാറിന്റെ നിതാന്തമായ സംഘടനാ തപസ്സുണ്ട്.
സംഘടനാപരമായ വികാസത്തിന്റെ ഓരോ ഘട്ടത്തിലും സാംസ്കാരികമായ ദൗത്യവും ബാലഗോകുലം നിര്‍വഹിച്ചുപോന്നിട്ടുണ്ട്. സംസ്കാരത്തെ മുറിവേല്‍പ്പിക്കുന്ന പ്രതിസംസ്കാരത്തിന്റെ വളര്‍ച്ചയെ സ്ഥായിയായി ചെറുത്തു തോല്‍പ്പിക്കാന്‍ ബാലഗോകുലത്തിന്റെ പ്രവര്‍ത്തനം ഇനിയുമിനിയും ശക്തി പ്രാപിക്കേണ്ടതുണ്ട് എന്ന തിരിച്ചറിവാണ് എംഎ സാര്‍ നല്കിക്കൊണ്ടിരിക്കുന്നത്.
ഉദാത്തമായ ആശയങ്ങള്‍ മാത്രം പോരാ, ഊര്‍ജ്ജസ്വലരായ പ്രവര്‍ത്തകരും സംഘടനകള്‍ക്ക് ആവശ്യമാണല്ലോ. രണ്ടുനിലയ്ക്കും ബാലഗോകുലം സമ്പന്നമാണ്. ബാലന്മാരായി ഗോകുലത്തില്‍ വന്ന്, യുവാക്കളായി വളര്‍ന്ന്, പക്വതയും പാകതയുമുള്ള വ്യക്തികളായിത്തീര്ന്ന പലരും പല തലമുറകളിലായി ബാലഗോകുലത്തെ നയിച്ചുകൊണ്ടിരിക്കുകയാണ്. ഇവരുടെ ഒത്തുചേരല്‍ കൂടിയായിരുന്നു ഭാസ്കരീയത്തിലെ സാന്ദ്രസൗഹൃദം. എംഎ സാര്‍ എന്ന അജാത ശത്രുവിനു മുന്നില്‍ ഇവര്‍ ഇപ്പോഴും ആ പഴയ ബാലന്മാരെപ്പോലെയാവും. സംഘടനാ രംഗത്തെ പ്രവര്‍ത്തന മികവിനെ അംഗീകരിക്കാനും, കുറവുകളെ നികത്താനും പാളിച്ചകള്‍ പരിഹരിക്കാനും പിഴവുകള്‍ തിരുത്താനും ഇപ്പോഴും എംഎ സാര്‍ ഉണ്ട്. വായിച്ചു തീരാത്ത വലിയൊരു പുസ്തകം പോലെ ഈ മനുഷ്യനില്‍ നിന്ന് അവര്‍ പ്രചോദനം ഉള്‍ക്കൊള്ളുന്നു.
സാന്ദ്രമീ സൗഹൃദം
പതിറ്റാണ്ടുകളായി എന്നുതന്നെ പറയാം, എംഎ സാര്‍ കഴിയുന്നത് എളമക്കരയിലെ മാധവനിവാസിലെ ഒറ്റമുറിയിലാണ്. ലോകം ഇവിടേക്ക് ചുരുങ്ങുകയല്ല, ലോകത്തിന്റെ അതിവിശാലതയിലേക്ക് ഇവിടം വികസിക്കുകയാണ്. പുസ്തകങ്ങളും പുരസ്കാരങ്ങളുടെ മൂര്‍ത്ത രൂപങ്ങളും നിറയുന്ന ഈ ചെറിയ മുറിയില്‍ വിവിധ രംഗങ്ങളില്‍ മുദ്ര പതിപ്പിച്ച വലിയ വലിയ ആളുകള്‍ നിത്യവും വന്നുപോകുന്നു. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാനും ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സദാസന്നദ്ധനാണ് എംഎ സാര്‍. അപൂര്‍വം അവസരങ്ങളില്‍ മാത്രമാണ് മുറിവിട്ട് പുറത്തിറങ്ങുക. അപ്പോഴൊക്കെ സന്തതസഹചാരിയും അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം സെക്രട്ടറിയുമായ കെ. രാജേന്ദ്രന് ആ കൈപിടിച്ച് ഒപ്പമുണ്ടാവും. വര്‍ഷംതോറും ജന്മാഷ്ടമി ദിനത്തില്‍ ഗോകുലപതാക ഉയര്‍ത്താനും, പൂമുഖത്തെ ചെറുപൊയ്കയില്‍ വിരിയുന്ന താമരപ്പൂക്കള്‍ കാണാനുമൊക്കെയാവും ഈ പുറത്തിറങ്ങല്‍. അയോധ്യയിലെ പ്രാണപ്രതിഷ്ഠാദിനത്തില്‍ ദീപം തെളിയിക്കാനും മാധവനിവാസിലെ മുറിയില്‍ നിന്ന് എംഎ സാര്‍ പുറത്തുവന്നു.
ഭാസ്കരീയത്തിലെ സാന്ദ്രസൗഹൃദത്തിലേക്കും പതിവുപോലെ അല്‍പ്പം വൈകിയാണ് എംഎ സാര്‍ എത്തിയത്. അവിടെ സമ്മേളിച്ചവര് ആ വരവിനു വേണ്ടി കാത്തിരിക്കുകയായിരുന്നു. സാനു മാഷിനും സേതുവേട്ടനും പുറമേ ആര്‍എസ്എസ് പ്രാന്തപ്രചാരക് എസ്. സുദര്ശന്, സീമാ ജാഗരണ്‍ മഞ്ച് ദേശീയ സംയോജക് എ. ഗോപാലകൃഷ്ണന്. കാലടി സംസ്കൃത സര്‍വ്വകലാശാല മുന്‍ വിസി: കെ.എസ്. രാധാകൃഷ്ണന്, ജസ്റ്റിസ് ആര്. ഭാസ്കരന്, എഴുത്തുകാരി ശ്രീകുമാരി രാമചന്ദ്രന്, തപസ്യ സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ. പി.ജി. ഹരിദാസ്, ഗാനരചയിതാവ് ഐ.എസ്. കുണ്ടൂര്‍, ബാലസംസ്കാര കേന്ദ്രം രക്ഷാധികാരി പി. കെ. വിജയരാഘവന്, അപ്പോളോ ടയേഴ്സ് മുന്‍ കേരള മേധാവി എന്‍. ശ്രീകുമാര്‍, ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്. പ്രസന്നകുമാര്‍, പൊതുകാര്യദര്‍ശി കെ. എന്‍. സജികുമാര്‍, ബാലഗോകുലം മുന്‍ അധ്യക്ഷന്മാരായ സി. ശ്രീധരന് മാഷ്, ഹരീന്ദ്രന്‍ മാഷ്, ബാബുരാജ് മാഷ് എന്നിങ്ങനെ വേദിയിലും സദസ്സിലുമായി നിരവധി പേരാണ് എംഎ സാറിന് വാക്കാലും മനസ്സുകൊണ്ടും ഭാവുകങ്ങള്‍ നേരാന്‍ എത്തിയത്. ജസ്റ്റിസ് പി.എസ്. ഗോപിനാഥനെപ്പോലുള്ളവര്‍ മാധവനിവാസിലെത്തി നേരത്തെ ആശംസകള്‍ നേര്‍ന്നിരുന്നു.
സാന്ദ്രസൗഹൃദത്തിലെ അനുഗ്രഹഭാഷണത്തില്‍ എംഎ സാറിന് പറയാനുണ്ടായിരുന്നത് ഒരു കാര്യം മാത്രം. മധ്യകേരളത്തില്‍ എറണാകുളം മഹാനഗരത്തിന്റെ ഭാഗമായ ഇടപ്പള്ളിയില്‍ എഴുത്തച്ഛന്റെ ഒരു പ്രതിമ ഉയര്‍ന്നു വരണം. അമൃതഭാരതിയുടെ സ്ഥലം ഇതിനുപയോഗിക്കാം. എഴുത്തച്ഛന്റെ ജന്മനാടായ തിരൂരിലെ തുഞ്ചന്‍പറമ്പില്‍ ആചാര്യന്റെ പ്രതിമ സ്ഥാപിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. എന്നാല്‍ മാതൃഭാഷയെ സ്നേഹിക്കുന്നവര്‍ക്ക് ഭാഷയുടെയും കവിതയുടെയുമൊക്കെ നാടായ ഇടപ്പള്ളിയില്‍ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാന്‍ കഴിയണം.”
സാന്ദ്രസൗഹൃദത്തില് ഒത്തുചേര്‍ന്നവര്‍ കാലങ്ങളായി എംഎ സാറിനൊപ്പം ഉള്ളവരാണ്. ഇവരില്‍ ഏഴ് പതിറ്റാണ്ടിലേറെയായി എംഎ സാറിനെ അടുത്തറിയുന്നവരുണ്ട്. പറഞ്ഞും കേട്ടും ഈ സംഘടനാ പുരുഷനെ അറിഞ്ഞ പുതുതലമുറയില്പ്പെട്ടവരുണ്ട്. മാതാപിതാക്കളുടെ വിരല്‍ത്തുമ്പ് പിടിച്ചെത്തിയവരുണ്ട്. എല്ലാവരും സ്നേഹത്താല്‍ ബന്ധിക്കപ്പെട്ട വിശാലമായ ഒരു കുടുംബത്തിലെ അംഗങ്ങള്‍. സാന്ദ്രസൗഹൃദത്തില്നിന്ന് ഓരോരുത്തരും മടങ്ങിയത് ഈ സ്നേഹനിര്‍ഭരമായ മനസ്സോടെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: