തിരുവനന്തപുരം: നെല്ല് സംഭരിച്ചതിന് നല്‍കാനായി സിവില്‍ സപ്ലൈസ് കോര്പറേഷന് സംസ്ഥാന ധനവകുപ്പ് 203.9 കോടി രൂപ അനുവദിച്ചു. എന്നാല്‍ കേന്ദ്രത്തിന് യാഥാസമയം കണക്ക് നല്കാത്തതിനാല് താങ്ങുവില കുടിശ്ശിക ലഭ്യമായില്ല. കുറ്റം കേന്ദ്രസര്‍ക്കാരിനും.
നെല്ല് സംഭരണത്തിന് സംസ്ഥാന സബ്സിഡിയായി 195.36 കോടി രൂപയും, കൈകാര്യ ചെലവുകള്‍ക്കായി 8.54 കോടി രൂപയുമാണ് അനുവദിച്ചത്. നെല്ല് സംഭരണത്തിനുള്ള കേന്ദ്രസര്‍ക്കാരിന്റെ താങ്ങുവില സഹായ കുടിശിക അനുവദിക്കാത്തതിനാലാണ് സംസ്ഥാന സര്‍ക്കാര്‍ പണം അനുവദിച്ചതെന്നാണ് ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചത്. നേരത്തെ രണ്ടു തവണയായി 380 കോടി രൂപയും നല്‍കിയിരുന്നുവെന്ന് മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സംസ്ഥാന സര്‍ക്കാര്‍ സംഭരിച്ച നെല്ലിന്റെ തുക നല്‍കാതെ കുട്ടനാട്ടില്‍ കര്ഷകന് ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നില്ലെന്നാണ് ധനമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നല്കിയ കണക്കുകളില്‍ അപാകത ഉണ്ടെന്നും വ്യക്തത ഇല്ലാത്തതിനാലാണ് തുക നല്കാന് കാലതാമസം ഉണ്ടാകുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കണക്കുകളില്‍ നെല്ല് നല്‍കാതെ നല്‍കിയെന്ന് കാണിച്ച് പണം തട്ടിയെടുക്കാനുള്ള നീക്കം നടത്തിയെന്നും കണ്ടെത്തിയിരുന്നു.
ഇതോടെ കണക്കുകളില്‍ പിശക് സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി തിരുത്തി നല്‍കാമെന്ന് കേന്ദ്രത്തെ അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ താങ്ങുവില സഹായത്തില്‍ മൂന്നു വര്‍ഷത്തെ 763 കോടി രൂപയാണ് ലഭിക്കാനുള്ളത്. ഈ വര്‍ഷത്തെ 388.81 കോടി രൂപയും, കഴിഞ്ഞവര്‍ഷത്തെ 351.23 കോടി രൂപയും 2021-22ലെ 23.11 കോടി രൂപയും ലഭിക്കാനുണ്ട്. സംസ്ഥാനം സമര്‍പ്പിച്ച മൂന്ന് വര്‍ഷത്തെ കണക്കുകളിലും അപാകത സംഭവിച്ചിരുന്നു.
സംസ്ഥാനം നല്കിയ കണക്കുകള്‍ പരിശോധിച്ച് കേന്ദ്രം പണം നല്കുമെന്നായതോടെയാണ് സംസ്ഥാന വിഹിതം അനുവദിച്ച് ധനമന്ത്രി കേന്ദ്രത്തെ കുറ്റപ്പെടുത്തി രംഗത്ത് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: