Categories: Football

സന്തോഷ് ട്രോഫി:  കേരളത്തിന് ഇന്ന് മേഘാലയ

Published by

ഇറ്റാനഗര്‍: സന്തോഷ് ട്രോഫി ഗ്രൂപ്പ് ഘട്ട പോരാട്ടത്തില്‍ കേരളം ഇന്ന് കരുത്തരായ മേഘാലയയെ നേരിടും. കേരളത്തിന്റെ മൂന്നാം മത്സരമാണിത്. ആദ്യ മത്സരത്തില്‍ ആസാമിനെ തോല്‍പ്പിച്ച കേരളം രണ്ടാം മത്സരത്തില്‍ കരുത്തരായ ഗോവയോട് പരാജയപ്പെട്ടിരുന്നു.

ഗ്രൂപ്പ് എയില്‍ ഉള്‍പ്പെട്ട കേരളം മൂന്ന് പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. പട്ടികയില്‍ നിലവിലെ ചാമ്പ്യന്‍മാരായ സര്‍വീസസ് ആണ് മുന്നില്‍. ഗോവ രണ്ടാമതും. ആറ് ടീമുകളടങ്ങിയ ഗ്രൂപ്പ് എയില്‍ ഇന്ന് കേരളം എതിരിടുന്ന മേഘാലയ അവസാന സ്ഥാനത്താണുള്ളത്. കളിച്ച രണ്ട് കളികളിലും ടീം പരാജയപ്പെട്ടു. ഉച്ചയ്‌ക്ക് 2.30നാണ് കേരളത്തിന്റെ കളി.

രാവിലെ പത്തിന് നടക്കുന്ന പോരാട്ടത്തില്‍ കരുത്തരായ ഗോവയും സര്‍വീസസും തമ്മില്‍ ഏറ്റുമുട്ടും. ഗ്രൂപ്പ് എയിലെ ശക്തിപ്രകടനമായി ഈ മത്സരം മാറിയേക്കും. വൈകീട്ട് ഏഴിന് നടക്കുന്ന മത്സരത്തില്‍ ആതിഥേയരായ അരുണാചല്‍ പ്രദേശും ആസാമും തമ്മില്‍ പോരടിക്കും. ആതിഥേയര്‍ ഇന്ന് ആദ്യ ജയം തേടിയാണിറങ്ങുന്നത്. ആദ്യ രണ്ട് മത്സരങ്ങളില്‍ ഒന്ന് തോല്‍ക്കുകയും മറ്റൊന്നില്‍ സമനില വഴങ്ങുകയും ചെയ്തു.

ഇന്നലെ നടന്ന പോരാട്ടത്തില്‍ ദല്‍ഹി റെയില്‍വേസിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്തു. മറ്റൊരു മത്സരത്തില്‍ മണിപ്പൂര്‍ മഹാരാഷ്‌ട്രയെ 2-1ന് തോല്‍പ്പിച്ചു. കര്‍ണാടകയും മിസോറാമും തമ്മിലുള്ള പോരാട്ടം രണ്ട് ഗോള്‍ വീതം അടിച്ച് സമനിലയില്‍ പിരിഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by