ന്യൂദല്‍ഹി : ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തില്‍ ഗുജറാത്തിലെ ബറൂച്ച് മണ്ഡലം ആം ആദ്മി പാര്‍ട്ടിക്ക് വിട്ടുകൊടുത്തത് രാഹുല്‍ ഗാന്ധിയുടെ പ്രതികാരമാണെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവും നിലവില്‍ ബിജെപി വക്താവുമായ ജയ് വീര്‍ ഷെര്‍ഗില്‍ . കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും സീറ്റ് പങ്കിടല്‍ ധാരണയിലെത്തിയ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. അഹമ്മദ് പട്ടേലും രാഹുല്‍ ഗാന്ധിയും തമ്മില്‍ ഭിന്നതയുണ്ടായിരുന്നു.
അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മണ്ഡലമാണ് ബറൂച്ച്. 1970 കളിലും 80കളിലും അഹമ്മദ് പട്ടേല്‍ മൂന്ന് തവണ ഇവിടെ വിജയിച്ചിരുന്നു. അദ്ദേഹത്തിന്റെ പാരമ്പര്യം ഇല്ലാതാക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ ശ്രമമാണ് എഎപിക്ക് ബറൂച്ച് വിട്ടുനല്‍കിയതിന് പിന്നാലെന്നാണ് ബിജെപി നേതാവ് അമിത് മാളവ്യ അഭിപ്രായപ്പെട്ടത്. അഹമ്മദ് പട്ടേലിന്റെ മകള്‍ മുംതാസ് പട്ടേല്‍ ബറൂച്ചില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാന്‍ താത്പര്യം കാട്ടിയിരുന്നു. ഇത് കണക്കിലെടുക്കാതെയാണ് മണ്ഡലം വിട്ടു നല്‍കിയത്.
ദല്‍ഹി, ഗുജറാത്ത്, ഹരിയാന, ഗോവ എന്നിവിടങ്ങളില്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും സഖ്യമായി ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് തീരുമാനം. എന്നാല്‍ പഞ്ചാബില്‍ സഖ്യം ഇല്ല. ഗുജറാത്തില്‍ എഎപിക്ക് ഭാവ്നഗര്‍, ബറൂച്ച് എന്നീ രണ്ട് സീറ്റുകള്‍ നല്കാന് കോണ്‍ഗ്രസ് സമ്മതിച്ചിട്ടുണ്ട്.
സീറ്റ് എഎപിക്ക് പോകുന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സന്തുഷ്ടരല്ലെന്ന് അഹമ്മദ് പട്ടേലിന്റെ മകന് ഫൈസല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: