സകലചരാചങ്ങളിലും ഒരുപോലെ അന്തര്യാമിയായി വിരാജിക്കുന്ന പരമാത്മചൈതന്യമാണ് ഗുരുവായൂര്‍ കണ്ണന്. വൈവിധ്യങ്ങവള് ഏറെയാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്സവച്ചടങ്ങുകള്‍ക്ക്. താന്ത്രിക ചടങ്ങുകളും കലശാഭിഷേകവും കഴിഞ്ഞാല്‍ പ്രധാന ചടങ്ങാണ് ആനയോട്ടം.
ആനയില്ലാ ശീവേലി കഴിഞ്ഞ് ആനയോട്ടത്തില്‍ ഇത്തവണ ഗോപീകണ്ണന് ഒന്നാമനായി ഓടിയെത്തി. ക്ഷേത്രത്തിനകത്ത് ഉത്സവവാദ്യമേളങ്ങളും, കൂത്തും അരങ്ങേറുമ്പോള്‍ പുറത്ത് കലാപരിപാടികളാല്‍ അരങ്ങുണര്‍ത്തും. നൃത്തവും, സംഗീതവും, നാഗസ്വരവും, അനുഷ്ഠാനകലകളും തുടങ്ങി ഭക്തര്‍ക്ക് ആസ്വാദനാനന്ദം നല്‍കും. ഉത്സവകാലത്ത് പൂജകള്‍ കൂടുതല്‍ നിഷ്ഠയോടും ചിട്ടയോടും ആര്‍ഭാടത്തോടും നടത്തുന്നു. ഉത്സവദിവസങ്ങളില്‍ ഭഗവാന്റെ പന്തീരടിപൂജക്കുശേഷം ഭഗവാനെ സ്വര്‍ണ്ണപഴുക്കാമണ്ഡപത്തില്‍ എഴുന്നള്ളിച്ചിരുത്തുന്ന പതിവുണ്ട്. ശ്രീകോവിലിന് പുറത്ത് തെക്കുഭാഗത്ത് എഴുന്നള്ളിച്ചുവെക്കല്‍ മണിക്കൂറുകളോളം ഭക്തജനങ്ങള്‍ക്ക് ശ്രീഭൂതബലി തൊഴാന്‍ അവസരമൊരുക്കുന്നു. അതുകഴിഞ്ഞ് പുറത്തേക്ക് എഴുന്നള്ളിച്ച് ചടങ്ങിനു ശേഷം തിരിച്ച് ശീകോവിലിലേക്ക് എഴുന്നള്ളിക്കുന്നു. രാത്രിയും ഇതുപോലെ ഭഗവാനെ വടക്കേ നടയില്‍ പഴുക്കാമണ്ഡപത്തില്‍ എഴുന്നള്ളിച്ച് വെക്കുന്നു.
ഉത്സവ സമയത്ത് മൂന്ന് തരം ഹവിസ്സുകള്‍ തയ്യാറാക്കുന്നു. വെള്ള നിവേദ്യം, കദളിപ്പഴം, ശര്‍ക്കര എന്നിവയടങ്ങിയ ദേവ ഹവിസ്സ് (സ്വാത്വിക സ്വഭാവമുള്ളത്) തൈരും, മഞ്ഞപ്പൊടിയും കലര്‍ന്ന പരിഷിത ഹവിസ്സ് (രാജസ സ്വഭാവം) അരി, എള്ള്, കൗളിക്കായ എന്നിവയടങ്ങിയ ഭൂത ഹവിസ്സ് (താമസ സ്വഭാവം). എല്ലാ മനുഷ്യാതീതശക്തികളേയും തൃപ്തിപ്പെടുത്തി ഗ്രാമവാസികളെയാകമാനം
പാപമുക്തരാക്കിത്തീര്ക്കുന്ന ബലി കര്‍മ്മങ്ങള്‍ വളരെ പ്രധാനമാണ്. ഉത്സവ സമാപനത്തിനു മുന്‍പ് ജനങ്ങളുടെ സങ്കടങ്ങള്‍ പരിഹരിക്കപ്പെടണമെന്ന് ഭഗവാന് നിര്‍ബന്ധമുണ്ട്. കൊടിയേറ്റത്തിന്റെ അന്നത്തെ പോലെ കൊടിയിറക്കുന്ന സമയത്തും സങ്കടക്കാരുണ്ടോയെന്ന് വിളിച്ച്ചോദിക്കണമെന്നാണ് ചട്ടം. ‘സ്വഭൃത്യ പരിപാലനലോലധീസ് ത്വം’ എന്ന് മേല്പത്തൂര് ഭട്ടതിരിപ്പാട് ഭഗവാനെ വിശേഷിപ്പിച്ചത് വെറുതേയല്ല. സ്വന്തം അനുഭവത്തില്‍ നിന്ന് തന്നെയാണ്. ദൃഢമായ വിശ്വാസവും ആത്മാര്‍പ്പണവും മാത്രമേ ഭക്തന് ആവശ്യമുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: