കോഴിക്കോട്: കൊയിലാണ്ടിയിലെ സിപിഎം നേതാവിന്റെ കൊലപാതകത്തിലൂടെ പുറത്തുവരുന്നത് പാര്‍ട്ടി വളര്‍ത്തിയ ഗുണ്ടാസംഘങ്ങളുടെ അക്രമചരിത്രം. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പെരുവട്ടൂര്‍ വി.പി. സത്യനാഥനെ കൊന്നത് സത്യനാഥന്റെയും പാര്‍ട്ടി നേതാക്കളുടെയും സന്തതസഹചാരിയും ഡിവൈഎഫ്ഐ മുന്‍ സെക്രട്ടറിയുമായ അഭിലാഷ് പുറത്തോന.
കൊയിലാണ്ടി മുനിസിപ്പാലിറ്റി മുന്‍ ചെയര്‍പേഴ്സണ്‍മാരായിരുന്ന അഡ്വ. കെ. സത്യന്, കെ. ശാന്ത എന്നിവരുടെ ഡ്രൈവറായിരുന്നു അഭിലാഷ്. ഡിവൈഎഫ്ഐയുടെ കീഴിലുള്ള സുരക്ഷ പെയിന്‍ ആന്‍ഡ് പാലിയേറ്റീവില്‍ ഏഴ് മാസം മുമ്പു വരെ പ്രവര്‍ത്തിച്ചിരുന്നു. കൊയിലാണ്ടി ഗവ. ആശുപത്രിയില്‍ ഡിവൈഎഫ്ഐയുടെ രാത്രി ഭക്ഷണ വിതരണത്തിലും ദിവസങ്ങള്‍ മുമ്പ് വരെ സജീവമായിരുന്നു. സിപിഎമ്മിന്റെ കുപ്രസിദ്ധിയാര്‍ജ്ജിച്ച ഡിഫന്‍സ് ഫോഴ്സ് ആയ 21 ബ്രദേഴ്സിലെ സജീവ അംഗമായിരുന്നു അഭിലാഷ്. സിപിഎം നേതൃത്വത്തിന്റെ സംരക്ഷണയിലായിരുന്നു ഈ സംഘം. എന്നാല്‍ അഭിലാഷിനെ സിപിഎമ്മില്‍ നിന്ന് ഏഴ് വര്‍ഷം മുമ്പ് പുറത്താക്കിയെന്നാണ് നേതൃത്വം വിശദീകരിക്കുന്നത്.
സ്വന്തം പാര്‍ട്ടി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകള്‍ ആക്രമിക്കാനും ഈ സംഘങ്ങളെ നേതൃത്വം ഉപയോഗിച്ചുവെന്നാണ് വിവരം. 2015ല്‍ അഡ്വ. കെ. സത്യന്റെ ബൈക്ക് കത്തിക്കുകയും ബ്രാഞ്ച് സെക്രട്ടറി രാജന്റെ വാഴകൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പേരില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ കേസില്‍ കുടുക്കി. 2018ല്‍ ബൈക്ക് അപകടത്തില്‍ ഒരു ഡിവൈഎഫ്ഐക്കാരന് മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തതോടെയാണ് യഥാര്‍ത്ഥ സംഭവം പുറത്താവുന്നത്. തങ്ങള്‍ ചെയ്ത തെറ്റുകളുടെ പേരിലാണ് ബൈക്ക് അപകടം ഉണ്ടായതെന്നും 2015 ലെ അക്രമങ്ങള്‍ പാര്‍ട്ടി തങ്ങളെക്കൊണ്ട് ചെയ്യിച്ചതാണെന്നും ഗുരുതരമായി പരിക്കേറ്റ യുവാവ് വെളിപ്പെടുത്തുകയായിരുന്നു.
2019 ല്‍ ഏപ്രില്‍ 13 ന് അഭിലാഷിനെ ഒരുസംഘം അക്രമിച്ചു. ഇതിനും ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തെങ്കിലും കൃത്യം നടത്തിയത് സ്വന്തം പാര്‍ട്ടിക്കാരാണെന്ന് അഭിലാഷിന് വ്യക്തമായി. ഇക്കാര്യം അഭിലാഷ് ചോദ്യം ചെയ്തത് നേതൃത്വത്തിന് രസിച്ചില്ല. സംഭവത്തില്‍ അഭിലാഷിനെതിരെ നടപടിയെടുത്തെങ്കിലും അതൊരു പുകമറയായിരുന്നു. തുടര്‍ന്നും അഭിലാഷ് പാര്‍ട്ടിയില്‍ സജീവമായിരുന്നു. ഇതിനിടയിലാണ് സത്യനാഥനും അഭിലാഷും തമ്മിലുള്ള വൈരാഗ്യം വര്‍ദ്ധിച്ചത്. തന്റെ ജീവിതം നശിപ്പിച്ചത് പാര്‍ട്ടി നേതൃത്വമാണെന്ന് അഭിലാഷ് പ്രചരിപ്പിച്ചത് നേതാക്കള്‍ ചോദ്യം ചെയ്തു. ഈ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: