മലപ്പുറം: സാമൂഹ്യമായും സാമ്പത്തികമായും കേരളത്തെ കടക്കെണിയിലാക്കിയത് എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും രാഷ്ട്രീയമാണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. എന്‍ഡിഎ കേരള പദയാത്രയോടനുബന്ധിച്ച് മലപ്പുറം പ്രസ്ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുമുന്നണികളുടെയും രാഷ്ട്രീയത്തിനെതിരെ പുതിയ ശക്തി ഉയര്‍ന്നു വരണമെന്ന വലിയ വികാരം ജനങ്ങള്‍ക്കിടയിലുണ്ട്.
സിപിഎമ്മിന് വലിയ ഭയമായതുകൊണ്ടാണ് ലീഗുമായി ബന്ധമുണ്ടാക്കാന്‍ ശ്രമിച്ചത്. എന്നാല്‍ അത് പരായജപ്പെട്ടെങ്കിലും പിണറായി വിജയന്റെ അടവ് നയം ഇപ്പോഴും സിപിഎം ഉപേക്ഷിച്ചിട്ടില്ല. ഇതിന്റെ തെളിവാണ് മലപ്പുറം ജില്ലയില്‍ രണ്ട് ദുര്‍ബല സ്ഥാനാര്‍ത്ഥികളെ സിപിഎം പ്രഖ്യാപിച്ചത്. ഇത് പിണറായി വിജയനും കുഞ്ഞാലിക്കുട്ടിയും തമ്മിലുള്ള പ്രകടമായ രാഷ്ട്രീയത്തിന്റെ പ്രതിഫലനമാണ്. മാസപ്പടി വിവാദത്തില്‍ പിണറായി വിജയന് മാത്രമല്ല ഇബ്രാഹിംകുട്ടിയും കുഞ്ഞാലിക്കുട്ടിയുമൊക്കെ ഉണ്ടെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. അഴിമതിക്ക് കൂട്ടുനിന്ന പിണറായി വിജയനും മകളും അഴിക്കുള്ളിലാകണമെന്ന് കേരളം ആഗ്രഹിക്കുന്നുണ്ട്.
കോണ്‍ഗ്രസ് രാജ്യത്താകെ പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമായാണ് പ്രവര്‍ത്തിക്കുന്നത്. രാഹുല്‍ ഗാന്ധിപോലും മുസ്ലിം ലീഗിന്റെ ഔദാര്യത്തിലാണ് ഇപ്പോള്‍ എംപിയായി ജീവിക്കുന്നത്. മൂന്നാം സീറ്റെന്ന ലീഗിന്റെ സമ്മര്‍ദത്തിന് കോണ്‍ഗ്രസ് വഴങ്ങേണ്ടിവരും. രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ചടങ്ങ് കോണ്‍ഗ്രസ് ബഹിഷ്ക്കരിച്ചത് മുസ്ലിം പ്രീണനത്തിന്റെ ഭാഗമായാണ്. നരേന്ദ്ര മോദി മുന്നോട്ട് വച്ച കാര്‍ഷിക നയത്തിന്റെ ഭാഗമായി നടപ്പാക്കുന്ന സാമ്പിള്‍ പദ്ധതിയാണ് ഭാരത് അരി വിതരണം. മോദി വീണ്ടും അധികാരത്തില്‍ വരുന്നതോടെ കാര്‍ഷിക വിപ്ലവത്തിനാകും രാജ്യം സാക്ഷ്യം വഹിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധീര്‍, കേരളാ കാമരാജ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സന്തോഷ് കാര്യത്ത്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. രാജന്, ബിജെപി ജില്ലാ പ്രസിഡന്റ് രവി തേലത്ത്, ജില്ലാ ജനറല്‍ സെക്രട്ടറി രശ്മില് നാഥ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: