സ്കൂളുകളുടെ നിത്യച്ചെലവിനുള്ള തുക ഉപയോഗിച്ച് എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നടത്താന്‍ ഉത്തരവിട്ട വിദ്യാഭ്യാസ വകുപ്പിന്റെ നടപടി ഇടതുമുന്നണി ഭരണത്തിന് കീഴില്‍ സംസ്ഥാനം നേരിടുന്ന സാമ്പത്തിക തകര്‍ച്ചയുടെ ചിത്രമാണ് വരച്ചുകാട്ടുന്നത്. പരീക്ഷകള്‍ നടത്താന്‍ പണമില്ലെന്നു കാണിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നല്കിയ കത്തിന് മറുപടിയായാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഈ ഉത്തരവ്. പരീക്ഷാ ഹെഡ് അക്കൗണ്ടില്‍ പണമെത്തുന്ന മുറയ്ക്ക് നിത്യച്ചെലവിനുള്ള തുക തിരിച്ചുനല്കുമത്രേ. എന്നാല്‍ ഇങ്ങനെയൊരു സാധ്യത നിലവിലില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. കഴിഞ്ഞവര്‍ഷം പരീക്ഷാ നടത്തിപ്പിന് ചെലവാക്കിയ ഭീമമായ തുക പൊതുവിദ്യാഭ്യാസ വകുപ്പിന് ഇപ്പോഴും കുടിശികയാണ്. ഒരുവര്‍ഷമായിട്ടും ഇത് തിരിച്ചുനല്‍കാന്‍ കഴിയാത്ത സ്ഥിതിയിലാണ് സ്കൂളുകളുടെ നിത്യച്ചെലവിനുള്ള തുകയില്‍ നിന്നെടുത്ത് വീണ്ടും പരീക്ഷകള്‍ നടത്തുന്നതും, അത് തിരിച്ചുനല്‍കാമെന്ന് നിരുത്തരവാദപരമായി ഉറപ്പുനല്‍കുന്നതും. ഉച്ചഭക്ഷണ പദ്ധതിക്കായി കടം വാങ്ങിയ തുക തിരിച്ചുകിട്ടാന്‍ വിദ്യാഭ്യാസ വകുപ്പിനെതിരെ പ്രധാനാധ്യാപകര്‍ കോടതിയെ സമീപിച്ചിരിക്കെയാണ് എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നടത്താന്‍ പണമില്ലാതെ വന്നിരിക്കുന്നതും, നിത്യച്ചെലവിനുള്ള തുക വകമാറ്റുന്നതും. ഉത്തരപേപ്പര്‍ അച്ചടിച്ചതിലുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ നെട്ടോട്ടമോടിയ വിദ്യാഭ്യാസ വകുപ്പാണ് പരീക്ഷാ നടത്തിപ്പിനുപോലും പണമില്ലാതെ വലയുന്നത്.
മാതൃകാപരമെന്ന് വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിയും മുഖ്യമന്ത്രി പിണറായി വിജയനും, ഇക്കൂട്ടരുടെ സിപിഎമ്മുകാരായ അക്കാദമിക് അനുചരന്മാരും വാഴ്ത്തിക്കൊണ്ടിരിക്കുന്ന കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തെ ഘടനാപരമായ തകര്‍ച്ചയാണ് ഇത് കാണിക്കുന്നത്. സംസ്ഥാനത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്ത് വകുപ്പ് ഭരിക്കുന്ന മന്ത്രിക്കും സിപിഎമ്മിനുമുള്ളത് യൂണിയന് താല്പര്യം മാത്രമാണ്. അധ്യാപകരില്‍ ഏറിയ കൂറും സിപിഎമ്മിന്റെ യൂണിയനില്‍പ്പെടുന്നവരാണ്. പാര്‍ട്ടിക്കുവേണ്ടി പണിയെടുക്കുന്ന ഇക്കൂട്ടരുടെ താല്പര്യം സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ് പൊതുവിദ്യാഭ്യാസത്തെ സിപിഎമ്മും മന്ത്രിമാരും വാനോളം വാഴ്ത്തിക്കൊണ്ടിരിക്കുന്നത്. പൊതുവിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യം വര്ധിപ്പിക്കണമെന്നതോ, വിദ്യാഭ്യാസ നിലവാരം ഉയരണമെന്നതോ സര്‍ക്കാരിന്റെ അജണ്ടയിലില്ല. വെറുമൊരു പാര്‍ട്ടിക്കാരനായ വിദ്യാഭ്യാസമന്ത്രിക്ക് കാര്യങ്ങളൊന്നും നേരെയാക്കണമെന്ന ആഗ്രഹവുമില്ല. പാര്‍ട്ടി ഏല്‍പ്പിച്ച ഒരു പണി പാര്‍ട്ടിക്കുവേണ്ടി കൊണ്ടുനടക്കുക മാത്രമാണ് മന്ത്രി ചെയ്യുന്നത്. വിദ്യാഭ്യാസ വകുപ്പ് ഭരിക്കാന്‍ തീര്‍ത്തും അയോഗ്യനാണ് താനെന്ന് ഈ മന്ത്രി ആവര്‍ത്തിച്ച് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. തന്റെപോലും നിലവാരമില്ലാത്ത ചിലര്‍ മുന്‍കാലങ്ങളില്‍ ഈ വകുപ്പ് ഭരിച്ചിട്ടുണ്ടല്ലോ എന്നതു മാത്രമാണ് മന്ത്രി ശിവന്‍കുട്ടിയുടെ സമാധാനം. ഇതിന്റെ ദുരന്തഫലം കൂടിയാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല ഇപ്പോള്‍ അനുഭവിക്കുന്നത്. ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ പ്രകടനവും ഇതില്‍നിന്ന് വ്യത്യസ്തമല്ല.
ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി അപകടത്തിലാക്കുംവിധം പരീക്ഷാ നടത്തിപ്പിന് പോലും പണമില്ലാതിരിക്കെയാണ് മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും തീര്‍ത്തും വ്യക്തിപരവും അനാവശ്യവുമായ കാര്യങ്ങള്‍ക്ക് നികുതിപ്പണം ധൂര്‍ത്തടിക്കുന്നത്. അധികാരം വല്ലാതെ ആസ്വദിക്കുന്ന ഇവര്‍ ആഡംബരം മുഖമുദ്രയാക്കിയിരിക്കുകയാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ ഇതാണ് മന്ത്രിമാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. കണ്ണടകള്‍ വാങ്ങാനും ആയുര്‍വേദ ചികിത്സക്ക് കച്ചത്തോര്‍ത്ത് വാങ്ങാനുമൊക്കെ മന്ത്രിമാര്‍ ലക്ഷക്കണക്കിനു രൂപ ചെലവഴിച്ചത് വിവാദങ്ങളുടെ പരമ്പരതന്നെ സൃഷ്ടിച്ചിട്ടും ആരും പിന്മാറിയില്ല. രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരും ഇതുതന്നെ ചെയ്യുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കാനും പശുത്തൊഴുത്ത് നിര്‍മിക്കാനുമൊക്കെ ദശലക്ഷങ്ങളാണ് പിണറായി വിജയന് ചെലവഴിച്ചത്. ഇതിനെതിരായ വിമര്‍ശനം കണ്ടില്ലെന്ന് നടിച്ചു. ജനാലവിരികള്‍ വാങ്ങാനും ഒരു മന്ത്രി ലക്ഷങ്ങള്‍ ചെലവഴിച്ചു. നവകേരള സദസ്സുകളുടെ പേരില്‍ കോടികള്‍ പൊടിച്ചവര്‍ അതിന്റെ തുടര്‍ച്ചയെന്നോണം പിന്നെയും അനാവശ്യ പരിപാടികള്‍ സംഘടിപ്പിച്ച് നികുതിപ്പണം നഷ്ടപ്പെടുത്തുകയാണ്. നവകേരള സദസ്സിനുവേണ്ടി വാങ്ങിയ ആഡംബര ബസ്സ് കാഴ്ചബംഗ്ലാവില്‍ വച്ചാല്‍ അത് കാണാന്‍ ആളുകളെത്തുമെന്നും, അതുവഴി കോടികള്‍ ലഭിക്കുമെന്നും വീമ്പടിച്ചവര്‍ ഇപ്പോള്‍ മിണ്ടുന്നില്ല. ശരീരം പുഷ്ടിപ്പെടുത്താന്‍ സര്‍ക്കാര്‍ ചെലവില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് ഫിറ്റ്നസ് ഉപകരണങ്ങള്‍ വാങ്ങുന്നതാണ് ഏറ്റവും പുതിയ ധൂര്‍ത്ത്. ഇക്കൂട്ടരെ അധികാരത്തില്‍നിന്ന് പുറത്താക്കിക്കൊണ്ടല്ലാതെ സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥ നേരെയാക്കാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: