ഇറ്റാനഗര്‍: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലെ രണ്ടാം മത്സരത്തിന് കേരളം ഇന്നിറങ്ങുന്നു. ഗ്രൂപ്പ് എയില്‍ കരുത്തരായ ഗോവയാണ് എതിരാളികള്‍. ആദ്യ കളിയില്‍ ആസാമിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് നിജോ ഗില്‍ബര്‍ട്ടിന്റെ നേതൃത്വത്തിലുള്ള കേരളം. അതേസമയം ഗോവയാകട്ടെ ആദ്യ കളിയില്‍ അരുണാചല്‍പ്രദേശുമായി 3-3ന് സമനില പാലിക്കുകയും ചെയ്തു.
കേരള സ്ട്രൈക്കര്‍മാര്‍ മികച്ച ഫോമിലാണെങ്കിലും മധ്യനിരയിലും പ്രതിരോധത്തിലും ചില പാകപ്പിഴകളുണ്ട്. കഴിഞ്ഞ കളിയില്‍ അത് മൈതാനത്ത് കാണുകയും ചെയ്തു. പ്രത്യേകിച്ച് മധ്യനിര. ഇതോടെ കഴിഞ്ഞ കളിയില്‍ പ്രതിരോധനിരയ്ക്ക് കൂടുതല്‍ പണിയെടുക്കേണ്ടി വന്നു. സ്ട്രൈക്കര്‍മാരുടെ മിന്നുന്ന ഫോമിന്റെ കരുത്തിലാണ് കേരളം ആസാമിനെതിരെ ഉജ്ജ്വല വിജയം നേടിയത്. ഇന്ന് ഗോവയ്ക്കെതിരെയും മികച്ച വിജയം ലക്ഷ്യമിട്ടാണ് സതീവന്‍ ബാലന് പരിശീലിപ്പിക്കുന്ന കേരളം യുപിയ ഗോള്‍ഡണ്‍ ജൂബിലി സ്റ്റേഡിയത്തില്‍ കളിക്കാനിറങ്ങുന്നത്. കഴിഞ്ഞ കളിയിലെ പാളിച്ചകള്‍ പരിഹരിച്ചായിരിക്കും കേരളം തുടര്‍ ജയത്തിനായി ഇറങ്ങുക.
മറ്റൊരു മത്സരത്തില്‍ രണ്ടാം ജയം ലക്ഷ്യമിട്ട് മുന്‍ ചാമ്പ്യന്മാരായ സര്‍വീസസും ഇറങ്ങും. ആദ്യ കളിയില്‍ മേഘാലയയെ 1-0ന് പരാജയപ്പെടുത്തിയ സര്‍വീസസിന് ഇന്ന് അരുണാചല്‍ പ്രദേശാണ് എതിരാളികള്‍. ആദ്യ കളിയില്‍ തോറ്റ ടീമുകളായ മേഘാലയയും ആസാമും ഇന്ന് നേര്‍ക്കുനേര്‍ ഏറ്റുമുട്ടും.
സന്തോഷ് ട്രോഫിയില്‍ ഇന്നലെ നടന്ന കളികളില്‍ രണ്ടെണ്ണം സമനിലയില്‍ പിരിഞ്ഞു. ദല്‍ഹിയും കര്‍ണാടകയും തമ്മിലുള്ള മത്സരവും മണിപ്പൂരും റെയില്‍വേസും തമ്മിലുള്ള മത്സരവുമാണ് സമനിലയില്‍ അവസാനിച്ചത്. രണ്ട് കളികലും ഓരോ ഗോള്‍ സമനിലയില്‍ പിരിയുകയായിരുന്നു. ദല്‍ഹി-കര്‍ണാടക പോരാട്ടത്തില്‍ രണ്ട് ഗോളുകളും പിറന്നത് ആദ്യ പകുതിയിലാണ്. മൂന്ന് മിനിറ്റ് വ്യത്യാസത്തില്‍ ഇരു ടീമുകളും ഗോള്‍ നേടി. കര്‍ണാടകയ്ക്ക് വേണ്ടി 23-ാം മിനിറ്റില്‍ അപ്പു ആണ് ആദ്യ ഗോള്‍ നേടിയത്. കളിക്ക് 26 മിനിറ്റുകളായപ്പോള്‍ ദല്‍ഹി തിരിച്ചടിച്ചു. ടിഗ്ഗ ആണ് സമനിലഗോള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഒരു ഗോള്‍ പോലും വിഴാതെ കളിയുടെ ബാക്കി സമയം അവസാനിച്ചു.
മണിപ്പൂര്‍-റെയില്‍വേസ് പോരാട്ടത്തില്‍ രണ്ട് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലാണ്. 56-ാം മിനിറ്റില്‍ ലീഡ് ചെയ്ത മണിപ്പൂരിനെതിരെ നിര്‍ണായകമായ 90-ാം മിനിറ്റില്‍ ഗോള്‍ കണ്ടെത്തി റെയില്‍വേസ് സമനില പിടിക്കുകായയിരുന്നു. ബാബുവിന്റെ ഗോളാണ് റെയില്‍വേസിന് രക്ഷയായത്. നേരത്തെ മണിപ്പൂരിന് വേണ്ടി മീറ്റേയ് ആണ് സ്കോര്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: