ന്യൂദൽഹി: ഇൻഡോ-പസഫിക്കിലെ വെല്ലുവിളികൾ ഉൾപ്പെടെയുള്ള പ്രധാന ഉഭയകക്ഷി, പ്രാദേശിക, ആഗോള വിഷയങ്ങളിൽ ചർച്ചകൾ നടത്തുന്നതിനായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ മാർച്ച് 4 മുതൽ ദക്ഷിണ കൊറിയയിലേക്കും ജപ്പാനിലേക്കും നാല് ദിവസത്തെ സന്ദർശനം നടത്തും. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ഭാരതത്തിന്റെ പ്രധാന പങ്കാളികളായ റിപ്പബ്ലിക് ഓഫ് കൊറിയയിലേക്കും ജപ്പാനിലേക്കും ജയശങ്കറിന്റെ സന്ദർശനം ഉഭയകക്ഷി വിനിമയങ്ങൾക്ക് കൂടുതൽ ഊർജം പകരുമെന്നും ഭാവിയിലെ സഹകരണത്തിനുള്ള അജണ്ട നിശ്ചയിക്കുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി വിദേശകാര്യ മന്ത്രി ആദ്യം സിയോളിലേക്ക് പോകും, അവിടെ അദ്ദേഹം കൊറിയൻ മന്ത്രി ചോ തേ-യുലിനൊപ്പം പത്താമത് ഭാരതം-ദക്ഷിണ കൊറിയ ജോയിൻ്റ് കമ്മീഷൻ മീറ്റിംഗിൽ (ജെസിഎം) സഹ അധ്യക്ഷനാകും. കൂടാതെ ജയശങ്കർ കൊറിയൻ പ്രമുഖർ, തിങ്ക് ടാങ്ക് മേധാവികൾ, ഭാരതീയ സമൂഹം എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി എംഇഎ അറിയിച്ചു.
ദക്ഷിണ കൊറിയയുമായുള്ള ഭാരതത്തിന്റെ പ്രത്യേക തന്ത്രപരമായ പങ്കാളിത്തം വ്യാപാരം, നിക്ഷേപം, പ്രതിരോധം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ എന്നിവ ഉൾപ്പെടുന്ന സഹകരണത്തിന്റെ വിവിധ മേഖലകളിലേക്ക് വ്യാപിച്ചിരിക്കുന്നുണ്ട്.
ഉഭയകക്ഷി സഹകരണത്തിന്റെ മുഴുവൻ ശ്രേണിയും ജെസിഎം സമഗ്രമായി അവലോകനം ചെയ്യുമെന്നും അത് കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ആസൂത്രണം ചെയ്യുമെന്നും എംഇഎ പ്രസ്താവനയിൽ പറഞ്ഞു.
യാത്രയുടെ രണ്ടാം ഘട്ടത്തിൽ മാർച്ച് 6 മുതൽ 8 വരെ ജയശങ്കർ ജപ്പാൻ സന്ദർശിക്കും. ടോക്കിയോയിൽ, ജപ്പാൻ വിദേശകാര്യ മന്ത്രി യോക്കോ കാമികാവയ്‌ക്കൊപ്പം 16-ാമത് ഭാരതം-ജപ്പാൻ വിദേശകാര്യ മന്ത്രിമാരുടെ തന്ത്രപ്രധാന സംഭാഷണത്തിൽ ജയശങ്കർ പങ്കെടുക്കും. പ്രതിരോധം, ഡിജിറ്റൽ സാങ്കേതികവിദ്യകൾ, അർദ്ധചാലക വിതരണ ശൃംഖല, ശുദ്ധ ഊർജം, അതിവേഗ റെയിൽ, വ്യാവസായിക മത്സരക്ഷമത, കണക്റ്റിവിറ്റി തുടങ്ങിയ മേഖലകളിൽ കഴിഞ്ഞ ദശകത്തിൽ ഭാരതം-ജപ്പാൻ പ്രത്യേക സ്ട്രാറ്റജിക്, ഗ്ലോബൽ പങ്കാളിത്തം കൂടുതൽ ആഴത്തിലുള്ളതാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഈ സാഹചര്യത്തിൽ ജയശങ്കറിന്റെ സന്ദർശനവും ടോക്കിയോയിലെ കൂടിക്കാഴ്ചകളും ഈ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രവർത്തന സഹകരണത്തിന് തന്ത്രപരമായ മാർഗ്ഗനിർദ്ദേശം നൽകുമെന്ന് എംഇഎ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: