കോട്ടയം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എന്‍ഡിഎ മികച്ച നേട്ടമുണ്ടാക്കുമെന്ന് ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത്. കോട്ടയം ലോക്സഭാ ഇലക്ഷന് മാനേജ്മെന്റ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗ്യാരന്റി ഉറപ്പുള്ള ഗ്യാരന്റിയാണ്. വരുന്ന 25 വര്‍ഷത്തേക്കുള്ള വികസനമാണ് അദ്ദേഹം ചിന്തിക്കുന്നത്. 2047ല്‍ വികസിത ഭാരതത്തിനുള്ള അടിത്തറ പാകുകയാണ് മോദി ചെയ്യുന്നത്.
കേരളവും ഗോവയും തമ്മില്‍ സമാനതകള്‍ ഏറെയുണ്ടെന്നും സാവന്ത് പറഞ്ഞു. ജനസംഖ്യാനുപാതത്തിലും ഭക്ഷണകാര്യത്തിലും ഈ സമാനത പ്രകടമാണ്. ഇരട്ട എഞ്ചിന് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഗോവയില്‍ വികസനം അതിവേഗത്തിലായി. കേന്ദ്രവും സംസ്ഥാനവും ബിജെപി ഭരിക്കുന്നതിനാല്‍ മാനവശേഷി വികസനത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും ഗോവ മുന്നിലാണ്. ഈ വികസനം കേരളത്തിലും സാധ്യമാകുന്നതിന് കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പടെ മോദി സര്‍ക്കാരിനെ പിന്തുണയ്ക്കണം.
പ്രധാനമന്ത്രി ആവാസ് യോജന, ഉജ്ജ്വല യോജന തുടങ്ങി നിരവധി പദ്ധതികളാണ് കേരളത്തിലെ ജനതയ്ക്ക് വേണ്ടി മോദി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും പ്രമോദ് സാവന്ത് പറഞ്ഞു.
കോട്ടയത്ത് നടന്ന ഇലക്ഷന് മാനേജ്മെന്റ് കമ്മിറ്റി യോഗത്തില്‍ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പങ്കെടുത്തു. ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണന് പങ്കെടുത്തു.
യോഗത്തിന് ശേഷം കോട്ടയം താഴത്തങ്ങാടി ഗൗഡ സ്വാരസ്വത മഹാസഭയുടെ തിരുമല വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ പ്രമോദ് സാവന്ത് ദര്‍ശനം നടത്തി. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ദിലീപ് ആര്. കമ്മത്ത്, കുടുംബി സേവാ സംഘം എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം പി. സോമനാഥ്, ആര്‍എസ്എസ് വിഭാഗ് സഹകാര്യവാഹ് ശിവാനന്ദന് ഇ.എസ്., തളിയില്‍ ക്ഷേത്രോപദേശക സമതിയംഗം കെ.ആര്. സതീശന് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: