ന്യൂദല്‍ഹി: കര്‍ഷകസമരത്തിന്റെ പേരില്‍ ക്രമസമാധാനം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും എന്നാല്‍ പഞ്ചാബ് സര്‍ക്കാര്‍ ഇതില്‍ നടപടിയൊന്നും എടുക്കുന്നില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇനിയും ക്രമസമാധാനം പാലിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നടപടിയെടുക്കേണ്ടിവരുമെന്ന് അമിത് ഷാ താക്കീത് ചെയ്തു.
കര്‍ഷകരോട് ട്രാക്ടര്‍ ട്രോളികള്‍ ഹൈവേകളില്‍ ഇറക്കരുതെന്നും വാഹനഗതാഗതം തടസ്സപ്പെടുത്തരുതെന്നും കഴിഞ്ഞ ദിവസം പഞ്ചാബ് ആന്‍റ് ഹരിയാന ഹൈക്കോടതി ഉത്തരവിട്ടിരുന്നതാണ്. എന്നാല്‍ കര‍്ഷകര്‍ എന്ന പേരില്‍ എത്തിയിരിക്കുന്ന അക്രമികള്‍ കൂടുതല്‍ ട്രാക്ടര്‍ ട്രോളികള്‍ ഹൈവേകളില്‍ ഇറക്കിയിരിക്കുകയാണ്. ഇതിനെതിരെ പഞ്ചാബിലെ ആം ആദ്മി സര്‍ക്കാര്‍ ചെറുവിരല്‍ അനക്കിയിട്ടില്ല.
ഫെബ്രുവരി 13 മുതല്‍ റോഡ് ഗതാഗതം തടസ്സപ്പെടുത്തിക്കൊണ്ട് പഞ്ചാബ് അതിര്‍ത്തിയില്‍ ഇവരുടെ ട്രക്കുകള്‍ ഹൈവേകളില്‍ കിടക്കുകയാണെന്ന് പൊതുതാല‍്പര്യഹര്‍ജി നല്‍കിയത് അഭിഭാഷകന്‍ കൂടിയായ ഉദയ് പ്രതാപ് സിങ്ങാണ്. ഈ പൊതുതാല‍്പര്യഹര്‍ജി കണക്കിലെടുത്താണ് പഞ്ചാബ്- ഹരിയാന ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കര്‍ഷകരുടെ ട്രക്കുകള്‍ കാരണം റോഡിലൂടെ ആംബുലന്‍സുകള്‍ക്കോ, സ്കൂള്‍ ബസ്സുകള്‍ക്കോ കാല്‍നടയാത്രക്കാര്‍ക്കോ പോകാന്‍ കഴിയുന്നില്ലെന്നതായിരുന്നു ഉദയ് പ്രതാപ് സിങ്ങ് ഹൈക്കോടതിയില്‍ നല്‍കിയ പരാതി. പഞ്ചാബ് ഭരിയ്‌ക്കുന്ന ആം ആദ്മി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. പഞ്ചാബ് ഹരിയാന അതിര്‍ത്തിയിലെ ഷംഭു, കനോരി പ്രദേശങ്ങളിലാണ് കര്‍ഷകര്‍ വാഹനങ്ങളുമായി തമ്പടിച്ചിരിക്കുന്നത്. ഹരിയാനയിലെ അംബാല, കുരുക്ഷേത്ര, ഹിസാര്‍, സിര്‍സ, ഫത്തേബാദ്, ജിണ്ഡ്, തുടങ്ങിയ പ്രദേശങ്ങളില്‍ ബള്‍ക്ക് എസ് എംഎസുകളും ഇന്‍റര്‍നെറ്റും നിരോധിക്കാനും ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കാരണം അര്‍ധസത്യങ്ങളും നുണകളും പ്രചരിപ്പിക്കുകയാണ് സമരക്കാര്‍.
കേന്ദ്രസര്‍ക്കാരിന് കേന്ദ്ര ഇന്‍റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയ വിവരമനുസരിച്ച് വലിയ ക്രമസമാധാന അട്ടിമറികയാണ് കര്‍ഷകസമരത്തിന്റെ പേരില്‍ ലക്ഷ്യം വെയ്‌ക്കുന്നതെന്ന് പറയുന്നു. ഇതിന് വിദേശനിന്നും വന്‍തോതില്‍ ധനസഹായം എത്തിയതായും പറയുന്നു. ക്രമസമാധാനം അട്ടിമറിച്ച് ഒരു വെടിവെപ്പില്‍ ഈ സമരം കലാശിപ്പിക്കുകയാണ് ലക്ഷ്യം. 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് വലിയൊരു ലഹള സൃഷ്ടിക്കുകയും രക്തസാക്ഷികളെ സൃഷ്ടിക്കുകയും വഴി മോദി സര്‍ക്കാരിനെതിരെ ജനവികാരം ഇളക്കിമറിക്കുകയാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: