കണ്ണകീചരിതവും ആറ്റുക്കാല്‍ പൊങ്കാല ഐതിഹ്യവും

മഹിഷാസുരവധം കഴിഞ്ഞ് ഭക്തജനങ്ങളുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട ദേവിയെ സ്ത്രീജനങ്ങള്‍ പൊങ്കാല നൈവേദ്യം ഭക്തിപൂര്‍വ്വം അര്‍പ്പിച്ച് സ്വീകരിച്ചുവെന്നതാണ് മറ്റൊരു ഐതിഹ്യം.

Published by

പൊങ്കാല നൈവേദ്യ സമര്‍പ്പണത്തെപ്പറ്റി പല ഐതിഹ്യങ്ങളും ഉണ്ട്. തന്റെ നേത്രാഗ്‌നിയില്‍ മധുരാനഗരത്തെ ചുട്ടെരിച്ച കണ്ണകിദേവിയുടെ ക്രോധം ശമിപ്പിച്ച് ശാന്തയാക്കുന്നതിനായി സ്ത്രീകള്‍ പൊങ്കാല ഇട്ട് നൈവേദ്യം അര്‍പ്പിച്ചു എന്നത് ഏറെ പ്രചാരം നേടിയ ഐതിഹ്യമാണ്. മഹിഷാസുരവധം കഴിഞ്ഞ് ഭക്തജനങ്ങളുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട ദേവിയെ സ്ത്രീജനങ്ങള്‍ പൊങ്കാല നൈവേദ്യം ഭക്തിപൂര്‍വ്വം അര്‍പ്പിച്ച് സ്വീകരിച്ചുവെന്നതാണ് മറ്റൊരു ഐതിഹ്യം.

പൊങ്കാലയ്‌ക്ക് പുതിയ മണ്‍കലം, പച്ചരി, ശര്‍ക്കര, നെയ്യ്, നാളികേരം എന്നിവയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഭൂമിയെ പ്രതിനിധീകരിക്കുന്ന മണ്‍കലവും, അരിയും മറ്റു ഭൂതങ്ങളായ വായു, ജലം, ആകാശം,അഗ്‌നി എന്നിവയോടു ചേരുമ്പോള്‍ പഞ്ചഭൂത സമ്മേളനത്തിലൂടെ പൊങ്കാല നൈവേദ്യം ഒരു വിശിഷ്ട വഴിപാടായി മാറുന്നു.

പൊങ്കാല ദിവസം പാടുന്ന കണ്ണകീചരിതത്തില്‍ പാണ്ഡ്യരാജാവിന്റെ വധം നടക്കുന്ന ഭാഗം പാടിക്കഴിഞ്ഞാലുടനെ ശ്രീകോവിലില്‍ നിന്നും മേല്‍ശാന്തി തന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ദീപം പകര്‍ന്ന്‌ക്ഷേത്രതിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ തീ കത്തിച്ചശേഷം അതേദീപം സഹമേല്‍ശാന്തിക്കു കൈമാറുന്നു.

സഹമേല്‍ശാന്തി വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്‍വശത്ത് ഒരുക്കിയിട്ടുള്ള പണ്ടാരഅടുപ്പിലും തീ കത്തിക്കുന്നു. തുടര്‍ന്ന് ഭക്തജനങ്ങള്‍ക്ക് പൊങ്കാല അടുപ്പുകള്‍ ജ്വലിപ്പിക്കുന്നതിനുള്ള അറിയിപ്പായി ചെണ്ടമേളവും, കതിനാവെടിയും മുഴക്കുന്നു. ക്ഷേത്രത്തിനു ചുറ്റും 10 കിലോമീറ്ററില്‍ കൂടുതല്‍ ചുറ്റളവില്‍ അടുപ്പുകൂട്ടി കാത്തിരിക്കുന്ന സ്ത്രീജനങ്ങള്‍ വായ്‌ക്കുരവയോടെ തങ്ങളുടെ അടുപ്പില്‍ തീകത്തിക്കുന്നു. ഭക്തിയോടെ ജ്വലിപ്പിച്ച ലക്ഷക്കണക്കിനുള്ള അടുപ്പുകള്‍ ആറ്റുകാലിനെയും സമീപപ്രദേശങ്ങളെയും യജ്ഞശാലയാക്കി മാറ്റുന്നു.

ക്ഷേത്രത്തില്‍ നിന്നും നിയോഗിച്ചിട്ടുള്ള പൂജാരിമാര്‍ പൊങ്കാല നൈവേദ്യത്തില്‍ തീര്‍ത്ഥജലം തളിക്കുന്നതോടെ തങ്ങള്‍ തയ്യാറാക്കിയ നൈവേദ്യം ആറ്റുകാലമ്മ സ്വീകരിച്ച സംതൃപ്തിയോടെഭക്തജനങ്ങള്‍ നൈവേദ്യ കലങ്ങളും പേറി മടങ്ങുന്നു. പിന്നെ അടുത്ത പൊങ്കാലയ്‌ക്കായുള്ള കാത്തിരിപ്പാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by