ന്യൂദൽഹി: ഭാരതവും ഗ്രീസും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന് പ്രത്യേക പ്രാധാന്യമുള്ളതാണെന്ന് ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിറ്റ്സോട്ടാക്കിസ്. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് മിറ്റ്സോട്ടാക്കിസ് ഭാരതത്തിലെത്തിയത്. 15 വർഷത്തിനിടെ ഗ്രീസ് രാഷ്‌ട്രത്തലവൻ നടത്തുന്ന ആദ്യ ഭാരത സന്ദർശനമാണിത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചർച്ചകൾക്ക് മുന്നോടിയായി രാഷ്‌ട്രപതി ഭവനിൽ മിറ്റ്സോട്ടാക്കിസിന് ആചാരപരമായ സ്വീകരണം നൽകി. രാവിലെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഗ്രീക്ക് പ്രധാനമന്ത്രിയെ സന്ദർശിച്ചിരുന്നു. രാജ്ഘട്ടിൽ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ചാണ് ഗ്രീക്ക് പ്രധാനമന്ത്രി ഇന്ന് രാവിലെയാണ് ഭാരത സന്ദർശനം ആരംഭിച്ചത്.
ഗ്രീസിനെ സംബന്ധിച്ചിടത്തോളം, ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന് പ്രത്യേക പ്രാധാന്യമുണ്ട്, ഇരു രാജ്യങ്ങളുടെ സാമ്പത്തിക ഇടപെടലുകൾ ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാൻ തങ്ങൾക്ക് അവസരമുണ്ടാകുമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗ്രീസ് സന്ദർശന വേളയിൽ ഭാരതം-ഗ്രീസ് ബന്ധം തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർന്നിരുന്നു. ഇന്ന് വൈകുന്നേരം ദേശീയ തലസ്ഥാനത്ത് നടക്കുന്ന റെയ്‌സിന ഡയലോഗിൽ മിറ്റ്സോട്ടാക്കിസ് മുഖ്യാതിഥിയും മുഖ്യ പ്രഭാഷകനുമായിരിക്കും.
ഭാരതവും ഗ്രീസും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുകയും ആഴത്തിലാക്കുകയും ചെയ്യുന്നതിന് ഗ്രീസ് പ്രധാനമന്ത്രിയുടെ സന്ദർശനം ഉപകാരപ്പെടുമെന്ന് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ആഴ്ച പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: