ആന കാടുകയറി എന്നുറപ്പായപ്പോള്‍ വയനാട്ടില്‍ മന്ത്രിമാരെത്തി. പക്ഷേ മുഖ്യമന്ത്രി വന്നതേയില്ല. വനംമന്ത്രിയും റവന്യൂ മന്ത്രിയും തദ്ദേശമന്ത്രിയുമാണ് സര്‍വ്വകക്ഷിയോഗത്തില്‍ പങ്കെടുക്കാനെത്തിയത്. മുഖ്യമന്ത്രി വരാത്തത്തില്‍ യുഡിഎഫുകാര്‍ യോഗം ബഹിഷ്ക്കരിക്കുകയായിരുന്നു. വയനാട്ടില്‍ ഗവര്‍ണര്‍ക്ക് പോകാം. ആന അതിക്രമം കാട്ടിയവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തി ബന്ധുക്കളെ ആശ്വസിപ്പിക്കാം. എന്നിട്ടും മുഖ്യമന്ത്രിക്ക് വയനാട്ടിലെത്താന്‍ മടി. ഗവര്‍ണര്‍ പോകുന്നിടത്തെല്ലാം കരിങ്കൊടി കാട്ടി കരിങ്കാലിപ്പണി നടത്താന്‍ കുട്ടിസഖാക്കളെ കച്ചകെട്ടി ഇറക്കി. ഗവര്‍ണറുടെ യാത്രക്കൊരു മുടക്കവുമുണ്ടായില്ല.
കേരളം നഷ്ടപരിഹാരം പ്രഖ്യാപിച്ചതല്ലാതെ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ചില്ലിക്കാശുപോലും നല്‍കിയില്ല. ‘ഞാന്‍ വന്നില്ലെങ്കിലെന്താ കാര്യങ്ങള്‍ നടന്നാല്‍ പോരെ’ എന്ന മുടന്തന്‍ ന്യായത്തില്‍ തന്നെ വനംമന്ത്രി. എന്തിനാണിങ്ങനെയൊരു മന്ത്രി എന്നതാണ് പ്രശ്നം. പത്തു ദിവസം പിന്നിട്ടു, ആദ്യത്തെ ആനച്ചതി നടന്നിട്ട്. ആന കാടുകയറിയും ഇറങ്ങിയും വനപാലകരേയും നാട്ടുകാരെയും ഭീതിയിലാക്കി. ഇപ്പോള്‍ കര്‍ണാടക വനത്തിലാണ് ബേലൂര്‍ മഖ്ന. കര്‍ണാടക വനം വകുപ്പ് ഉദേ്യാഗസ്ഥര്‍ ആനയെ നിരീക്ഷിക്കുന്നുണ്ട്. ആന കൂടുതല്‍ ആക്രമണകാരിയായി ഉള്‍വനത്തിലേക്ക് നീങ്ങുകയാണെന്നാണ് ഉദേ്യാഗസ്ഥരുടെ നിഗമനം. ആന തിരിച്ചെത്താന്‍ സാധ്യതയില്ലെന്ന നിഗമനത്തെ തുടര്‍ന്ന് മിഷന് ബേലൂര്‍ മഖ്ന പ്രതിസന്ധിയിലായി. ആനയെ രാത്രിയും വനംവകുപ്പ് സംഘം നിരീക്ഷിക്കുന്നുണ്ട്.
ദിവസങ്ങളായി രാവും പകലും വനപാലക സംഘം ബേലൂര്‍ മഖ്നയുടെ പുറകെ നടന്നെങ്കിലും മയക്കുവെടിവയ്ക്കാന്‍ സാധിച്ചിരുന്നില്ല. ദൗത്യത്തിലുണ്ടായിരുന്ന കുങ്കിയാനകളിലൊന്നിനെ ബേലൂര്‍ മഖ്ന ആക്രമിക്കാനും ശ്രമിച്ചിരുന്നു. നോര്‍ത്ത് വയനാട്, സൗത്ത് വയനാട്, വയനാട് വന്യജീവി സങ്കേതം, നിലമ്പൂര്‍ നോര്‍ത്ത്, സൗത്ത് മണ്ണാര്‍ക്കാട്, കോഴിക്കോട് എന്നിവിടങ്ങളില്‍നിന്നുള്ള ആര്‍ആര്‍ടി സംഘങ്ങള്‍ അടക്കമുള്ള 200 ഓളം വനം വകുപ്പ് ജീവനക്കാരാണ് പത്തു ദിവസമായി ആനയെ പിടികൂടാനുള്ള ശ്രമം നടത്തുന്നത്. മയക്കുവെടി വിദഗ്ധന്‍ ഡോ. അരുണ്‍ സഖറിയയും മുന്‍പ് കര്‍ണാടകയില്‍നിന്നു ബേലൂര്‍ മഖ്നയെ മയക്കുവെടിവച്ച സംഘത്തിലെ അംഗങ്ങളടക്കമുള്ള 25 പേരടങ്ങുന്ന കര്‍ണാടക വനപാലകരും ഒപ്പമുള്ളത് തിരച്ചലില്‍ പങ്കെടുക്കുന്നവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്. മുന്‍പ് ഒരുവട്ടം മയക്കുവെടി വച്ച് പിടികൂടിയതിനാല്‍ കുങ്കിയാനകളുടെ സാന്നിധ്യം മനസ്സിലാക്കി മോഴയാന ഉള്‍വനത്തിലേക്ക് പിന്‍വാങ്ങുന്നതും പൊന്തക്കാടുകളും ദൗത്യസംഘത്തിനു തലവേദന ഉണ്ടാക്കുന്നുണ്ട്.
മുള്ളന്‍ കൊല്ലിയില്‍ ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അതിനിടയില്‍ സുഖവാസത്തിനെന്ന മട്ടില്‍ രാഹുല്‍ എത്തി മടങ്ങി. വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച് രാഹുല്‍. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പടമല സ്വദേശി പനച്ചിയില്‍ അജീഷിന്റെ വീട്ടിലാണ് അദ്ദേഹം ആദ്യം എത്തിയത്. കര്‍ഷക ആത്മഹത്യകള്‍ പെരുകുകയും വന്യജീവി ആക്രമണത്തില്‍ നിരവധി കര്‍ഷകര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടും സ്വന്തം മണ്ഡലത്തില്‍ തിരിഞ്ഞുനോക്കാത്ത രാഹുല്‍ ഗാന്ധിക്കെതിരെ വയനാട്ടില്‍ രോഷമുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാഹുല്‍ വയനാട്ടിലെത്തിയത്. അജീഷിന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ച രാഹുല്‍ എന്ത് സഹായം വേണമെങ്കിലും നല്‍കാമെന്ന് ഉറപ്പ് നല്കിയ ശേഷം മടങ്ങുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വനം വാച്ചര്‍ പോളിന്റെ വീട്ടിലും കയറി. പോളിന്റെ വീട്ടില്‍ നിന്നും കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട വാകേരി മൂടക്കൊല്ലി സ്വദേശി പ്രജീഷിന്റെ വീട്ടിലേക്കാണ് പോയത്.
2024 ആരംഭിച്ചതുമുതല്‍ വന്യജീവി ആക്രമണത്തില്‍ വയനാട്ടില്‍ കൊല്ലപ്പെട്ടത് മൂന്ന് പേരാണ്. ഇത്രയും ദാരുണമായ സംഭവങ്ങള്‍ വയനാട്ടില്‍ നടന്നിട്ടും ഉത്തരവാദപ്പെട്ട എംപി എന്ന നിലയില്‍ രാഹുല്‍ ഗാന്ധി വരികയോ ഇവിടെ നടക്കുന്ന ജനകീയ വിഷയങ്ങളില്‍ ഇടപെടുകയോ ചെയ്തിട്ടില്ല. ഇത് വിവാദമായപ്പോഴാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമെന്ന ഭീതിയില്‍ ജോഡോ ന്യായ് യാത്രയില്‍ നിന്ന് രാഹുല്‍ ഗാന്ധി മിന്നല്‍ സന്ദര്‍ശനത്തിനെത്തിയത്. രാഹുല്‍ മണ്ഡലത്തില്‍ തിരിഞ്ഞുനോക്കാത്തത് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളിലും അഭിപ്രായവ്യത്യാസമുണ്ടാക്കിയിരുന്നു. രാഹുല്‍ ഗാന്ധി എംപിയായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം വയനാട്ടിലെ കര്‍ഷക കൂട്ടായ്മ അദ്ദേഹത്തിന് വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നുപോലും പരിഗണിക്കുകയോ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയോ ചെയ്തില്ല.
കഴിഞ്ഞ വര്‍ഷം ട്രാക്ടര്‍ റാലി നടത്തിയെങ്കിലും കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്താനാണ് അദ്ദേഹം സമയം ചെലവഴിച്ചത്. കര്‍ഷകരുടെ ആവശ്യങ്ങള്‍ അവഗണിക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ ഒരക്ഷരം ഉരിയാടാന്‍ തയ്യാറായില്ല. കര്‍ഷകര്‍ കൊല്ലപ്പെട്ടാല്‍ അനുശോചന സന്ദേശമയക്കുന്നതില്‍ കവിഞ്ഞ് ഒരു നടപടിയും എംപിയുടെ ഭാഗത്തുനിന്നുണ്ടായില്ല. ഇത്തവണ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തി സംസാരിക്കുന്ന അപൂര്‍വ്വ മുഹൂര്‍ത്തവും കാണാനായി. ആനയുടെ ചവിട്ടേറ്റ് അവശനായ പോളിന്റെ ജീവന് വച്ച് കളിക്കുകയാണ് ചെയ്തത്. ഒരു കുടുംബത്തിന്റെ ഒരേ ഒരു ആശ്രയമായിരുന്നു പോള്‍. പോളിനെ ഒരു മെഡിക്കല്‍ കോളജില്‍ നിന്ന് മറ്റൊരു മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയാണ് ചെയ്തത്. ആനയുടെ ചവിട്ടേറ്റയാളെ മെഡിക്കല്‍ കോളജുകള്‍ തമ്മില്‍ മാറേണ്ടി വരുന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്. ബോര്‍ഡ് വെച്ചാല്‍ മാത്രം മെഡിക്കല്‍ കോളജ് ആകില്ലെന്ന് രാഹുലെങ്കിലും അറിയേണ്ടെ. വന്യമൃഗശല്യങ്ങള്‍ ഉണ്ടാകുന്ന സ്ഥലങ്ങളില്‍ മതിയായ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഉണ്ട്. വനം മന്ത്രി എന്ത് ചെയ്യുന്നു എന്ന് മനസിലാകുന്നില്ല.
വയനാട് എംപി ഇപ്പോഴങ്കിലും മണ്ഡലത്തില്‍ എത്തിയത് നന്നായി എന്നാണ് കേന്ദ്രമന്ത്രി വി. മുരളീധരന് പറഞ്ഞത്. മെഡിക്കല്‍ കോളജിന്റെ കാര്യത്തില്‍ എംപിക്ക് ഒരു ഉത്തരവാദിത്വവും ഇല്ലേ. കേന്ദ്രം നല്കിയ പണം ഉപയോഗിക്കണം. സംഭവം നടന്ന് ഒരാഴ്ചയിലേറെ കഴിഞ്ഞാണ് എംപി മണ്ഡലത്തിലെത്തിയത്. വിനോദസഞ്ചാരി ആയിട്ടല്ല രാഹുല്‍ സ്വന്തം മണ്ഡലത്തില്‍ പോകേണ്ടത്. ടൂറിസ്റ്റ് മനോഭാവത്തിന് അപ്പുറം സ്വന്തം മണ്ഡലത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണം. വന്യജീവി പ്രശ്നങ്ങള്‍ ഉള്ളിടത്ത് കേന്ദ്ര നിര്‍ദ്ദേശം പാലിക്കാന്‍ എംപി സംസ്ഥാന സര്‍ക്കാരില്‍ സമര്‍ദ്ദം ചെലുത്തണം. അതിനെവിടെ സമയം! എല്ലാം ശരിയാക്കാം. ഞാന്‍ പ്രധാനമന്ത്രിയായിട്ട് എന്ന മട്ടിലാണദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: