തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറിന് ശരീരം പുഷ്ടിപ്പെടുത്താന്‍ സര്‍ക്കാര്‍ ചെലവില്‍ ഫിറ്റ്നസ് ഉപകരണങ്ങള്‍ വാങ്ങുന്നു. സ്പീക്കറുടെ വസതിയിലേക്കുള്ള ഫിറ്റ്നസ് ഉപകരണങ്ങള്‍ക്കായി ടെന്‍ഡര്‍ ക്ഷണിച്ചു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുമ്പോഴാണ് സ്പീക്കര്‍ക്ക് ശരീരം മിനുക്കാന്‍ ഉപകരണങ്ങള്‍.
ട്രെഡ്മില്, ലെഗ് കേള് ആന്‍ഡ് ലെഗ് എക്സ്റ്റെന്ഷന് മെഷീന്, കൊമേഴ്സ്യല്‍ ക്രോസ് ട്രെയിനര്‍ മെഷീന് എന്നിവയ്ക്കാണ് ടെന്‍ഡര്‍. 5 എച്ച്പിക്കു മുകളിലുള്ള ട്രെഡ്മില്ലില് സമയം, ദൂരം, കലോറി, പവര്‍, ഹാര്‍ട്ട് റേറ്റ് അടക്കമുള്ള വിവരങ്ങള്‍ അറിയുന്ന എല്‍ഇഡി സ്ക്രീന്‍ വേണം. 180 കിലോയ്ക്കു മുകളില്‍ ഉപയോഗിക്കാനാകുന്ന ലെഗ് കേള് ആന്‍ഡ് ലെഗ് എക്സ്റ്റെന്ഷന് മെഷീനും കൊമേഴ്സ്യല്‍ ക്രോസ് ട്രെയിനര്‍ മെഷീനുമാണ് വേണ്ടത്.
തെരഞ്ഞെടുക്കുന്ന കമ്പനിയുടെ ക്വാളിറ്റിയനുസരിച്ച് ഓരോ മെഷീനും ഒന്നര ലക്ഷത്തിനു മുകളിലുള്ളതു വരെ വിപണിയിലുണ്ട്. ഇന്ന് വൈകിട്ടു മൂന്നു വരെ ടെന്‍ഡറില്‍ പങ്കെടുക്കാം. തെരഞ്ഞെടുക്കപ്പെടുന്ന കമ്പനി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. അപ്പോള്‍ മെഷീനുകള്‍ പ്രദര്‍ശിപ്പിക്കണം. സാധാരണ വീടുകളിലുള്ള ഫിറ്റ്നസ് ഉപകരണങ്ങള്‍ വാങ്ങാനാണ് ടെന്ഡറെന്നാണ് സ്പീക്കറുടെ ഓഫീസ് വിശദീകരണം. മെഷീനു പിന്നാലെ ഫിറ്റ്നസ് ട്രെയിനറെക്കൂടി നിയമിച്ചേക്കും.
സംസ്ഥാനത്തെ കേന്ദ്രം ഞെരുക്കുന്നെന്നും കിട്ടേണ്ട വിഹിതം കൊടുക്കുന്നില്ലെന്നുമുള്ള ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ വിലാപത്തിനിടെയാണ് ധനവകുപ്പ് അനുമതിയോടെ ഫിറ്റ്നെസ് ഉപകരണങ്ങളുടെ ടെന്‍ഡര്‍. മുണ്ടു മുറുക്കി ഉടുക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശവും ഫിറ്റ്നെസ് ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ സര്‍ക്കാരിനു തടസ്സമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: