പുല്‍പ്പള്ളി: വന്യജീവി ആക്രമണങ്ങളില്‍ മൂന്നു ജീവന് പൊലിഞ്ഞിട്ടും തിരിഞ്ഞുനോക്കാതിരുന്ന മന്ത്രിമാര്‍ ദിവസങ്ങള്‍ക്കു ശേഷം ഇന്നലെ വയനാട്ടിലെത്തിയപ്പോള്‍ നേരിട്ടത് വന്‍ ജനരോഷം. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പടമല സ്വദേശി അജീഷ്, പാക്കം വെള്ളച്ചാലില്‍ സ്വദേശി പോള്‍, പരിക്കേറ്റു ചികിത്സയിലുള്ള പാക്കം കരേരിക്കുന്ന് കാട്ടുനായ്ക്ക കോളനിയിലെ ശരത്ത്, കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുടക്കൊല്ലി സ്വദേശി പ്രജീഷ് എന്നിവരുടെ വീടുകളിലാണ് മന്ത്രിമാരായ കെ. രാജന്, എ.കെ. ശശീന്ദ്രന്, എം.ബി. രാജേഷ് എന്നിവരെത്തിയത്.
വന്യജീവിയുടെ ജീവന്റെ വില പോലും മനുഷ്യര്‍ക്കു കൊടുക്കാത്ത നിങ്ങള്‍ ഇനി കാട്ടില്‍ പോയി വോട്ട് ചോദിക്കൂ എന്നാണ് ബലൂര്‍ മഖ്നയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ മകന് അലന് വേദനയും രോഷവും കലര്‍ന്ന ശബ്ദത്തില്‍ മന്ത്രിമാരോടു പറഞ്ഞത്. കൊലയാളി കടുവകളും ആനകളും നാട്ടിലിറങ്ങുമ്പോള്‍ താത്കാലിക വനം
വകുപ്പു വാച്ചര്‍മാര്‍ക്ക് മുളവടി കൊടുത്ത് ജോലിക്കിറക്കി വിടാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയുന്നെന്നന്ന് അജീഷിന്റെ മകള്‍ അല്‍ന ചോദിച്ചു.
പോളിന്റെ വീട്ടിലെത്തിയ മന്ത്രിമാരോട് നാട്ടുകാര്‍ പൊട്ടിത്തെറിച്ചു. സന്ധ്യയാല്‍ വീടിന്റെ പുറത്തിറങ്ങാന്‍ സാധിക്കുന്നില്ലെന്നും കാലങ്ങളായി ഈ വിഷയം അവതരിപ്പിച്ചിട്ടും എന്തു നടപടിയാണുണ്ടായതെന്നുമുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ നില്‍ക്കാനേ മന്ത്രിമാര്ക്കായുള്ളൂ. ജനങ്ങളുടെ ചോദ്യങ്ങള്‍ക്കു മുഖം കൊടുക്കാതെ തടിതപ്പുകയായിരുന്നു മന്ത്രിമാര്‍. വോട്ടു ചോദിച്ച് വീടുകള്‍ കയറിയിറങ്ങാന്‍ ഉത്സാഹിക്കുന്ന നിങ്ങള്‍ ഇത്ര ദിവസമായിട്ടും ഈ നാടിനെയും ദുരന്തം നടന്ന വീടുകളെയും തിരിഞ്ഞു നോക്കാത്തത് പാവപ്പെട്ടവരോടുള്ള അവഗണന കൊണ്ടു മാത്രമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഒരു ചോദ്യത്തിനും മറുപടി പറയാനാകാതെ മന്ത്രിമാര്‍ ജനരോഷത്തിനു മുന്നില്‍ പതറി. മന്ത്രിമാരടങ്ങിയ ഉന്നതതല സംഘത്തെ വിവിധ കര്‍ഷക സംഘടനകളും രാഷ്ട്രീയ കക്ഷികളും പലയിടത്തും കരിങ്കൊടി കാണിച്ചു.
പ്രകോപിതരായ ജനങ്ങളോട് ഡോണ്ട് വറി.. ഡോണ്ട് വറി… എന്നു മാത്രം പറഞ്ഞാണ് എ.കെ. ശശീന്ദ്രന് ഒഴിഞ്ഞുമാറിയത്. ബത്തേരിയില്‍ വിളിച്ചു ചേര്‍ത്ത മന്ത്രിസഭാ ഉപസമിതിയുടെ നേതൃത്വത്തിലെ സര്‍വകക്ഷി യോഗം ബിജെപി ബഹിഷ്കരിച്ചു. ഇത്രയും രൂക്ഷമായ പ്രശ്നങ്ങളുണ്ടായിട്ടും ജില്ലയുടെ ചുമതലയുള്ള മന്ത്രി എ.കെ. ശശീന്ദ്രന് തിരിഞ്ഞു നോക്കാത്തത് കടുത്ത അവഗണനയാണെന്നും ആ മന്ത്രിയുടെ അധ്യക്ഷതയിലെ യോഗം ഒരിക്കലും അംഗീകരിക്കില്ലെന്നും ബിജെപി ജില്ലാ പ്രസിഡന്റ് കെ.പി. മധു പറഞ്ഞു. വന്യജീവിയാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനം
രേഖപ്പെടുത്താന്‍ പോലും തയാറാകാതെയാണ് യോഗം ആരംഭിച്ചതെന്നും മന്ത്രിമാരുടെ സന്ദര്‍ശനമല്ല, മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലാണ് വേണ്ടതെന്നും ആവശ്യപ്പെട്ട് യുഡിഎഫും യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: