കൊച്ചി: കവളപ്പാറ ഉരുള്‍പൊട്ടലില്‍ ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനും കൃഷിഭൂമി പുനഃസ്ഥാപിക്കുന്നതിനുമുള്ള നടപടികള്‍ക്കായി റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതി രൂപീകരിക്കാന്‍ കേരള ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
ജിയോളജി മേഖലയിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കാനുള്ള ഉന്നതതല സമിതി രണ്ടു മാസത്തിനകം രൂപീകരിക്കണമെന്ന് കോടതി വ്യക്തമാക്കി. 2019 ലെ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ കൃഷിനാശത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കവളപ്പാറ വില്ലേജ് നിവാസികള്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ ഉത്തരവ്.
ഹര്‍ജി പരിഗണിക്കവെ സര്‍ക്കാര്‍ പരിഗണിക്കേണ്ട നഷ്ടപരിഹാരമാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് സര്‍ക്കാര്‍ അഭിഭാഷകന് കോടതിയില്‍ വ്യക്തമാക്കി. ഭൂമി പുനഃസ്ഥാപിക്കുന്നതിനുള്ള ഭൂമിശാസ്ത്രപരമായ പ്രത്യാഘാതങ്ങള്‍ ഉള്‍പ്പെടെ വിവിധ തലങ്ങളില്‍ പരിശോധിക്കേണ്ടതുണ്ടെന്നും ഈ സാഹചര്യത്തില്‍ സര്‍ക്കാരിനെ തീരുമാനമെടുക്കാന്‍ അനുവദിക്കണമെന്നും വ്യക്തമാക്കി. എന്നാല്‍ ഭൂമി പുനഃസ്ഥാപിക്കുന്നതിലുള്ള നിരുത്തരവാദപരമായ ശ്രമങ്ങള്‍ മറ്റ് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
മരിച്ച കുടുംബങ്ങള്‍ക്ക് ചില ചെറിയ ആനുകൂല്യങ്ങള്‍ നല്‍കിയതായി കോടതി കണ്ടെത്തി. എന്നാല്‍ ഭൂമി നഷ്ടപ്പെട്ടതിന് അപേക്ഷകര്‍ക്ക് തുക വാഗ്ദാനം ചെയ്തിട്ടില്ലെന്ന് കോടതി പറഞ്ഞൂ. അതിനാല്‍, ഹര്‍ജിക്കാര്‍ക്ക് കുറഞ്ഞ കാലയളവിനുള്ളില്‍ ആശ്വാസം നല്കാന് സര്‍ക്കാര്‍ സമഗ്രമായും വേഗത്തിലും നടപടിയെടുക്കണമെന്ന് കോടതി നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: