മ്യൂണിക്: ജര്‍മന്‍ ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായ ആന്ദ്രിയാസ് ബ്രെം(63) അന്തരിച്ചു. മ്യൂണിക്കിലായിരുന്നു അന്ത്യം. 1990ലെ ഇറ്റാലിയന്‍ ലോകകപ്പിലൂടെ മൂന്നാം ലോക ഫുട്ബോള്‍ കിരീടം നേടുന്നതിന് ജര്‍മനിക്കായി ഫൈനലിലെ വിജയഗോള്‍ നേടിയ താരമാണ് ബ്രെം. അന്ന് ഡീഗോ മറഡോണ ഉള്‍പ്പെടുന്ന അര്‍ജന്റീനയ്ക്കെതിരെ ജര്‍മനിക്കായി ഏകപക്ഷീയമായ ഒരു ഗോള്‍ പിറന്നത് ആന്ദ്രിയാസ് ബ്രെമ്മിന്റെ ബൂട്ടില്‍ നിന്നായിരുന്നു.
അറ്റാക്കിങ് ഡിഫെന്‍ഡറായി കളിച്ചിരുന്ന ബ്രെം എല്ലാ പൊസിഷനിലും കയറിയിറങ്ങി കളിക്കാന്‍ മിടുക്കുള്ള താരമായിരുന്നു. ഡിഫെന്‍ഡറായി ഇറങ്ങി സമ്മിശ്ര വൈഭവത്തോടെ കളിച്ച ബ്രസീല്‍ ഇതിഹാസതാരം റൊബര്‍ട്ടോ കാര്‍ലോസിന് തൊട്ടു മുമ്പത്തെ ജനറേഷനില്‍ സമാനരീതിയില്‍ കളിക്കുന്ന പ്രധാന താരമായിരുന്നു ആന്ദ്രിയാസ് ബ്രെം. 1990ലെ ഫൈനലില്‍ പോലും വൈകിയെത്തിയ വിജയഗോളിന് മുമ്പേ എണ്ണം പറഞ്ഞ ഏതാനും ഓണ്‍ ടാര്‍ജറ്റ് ഷോട്ടുകളാണ് താരം തൊടുത്തത്. ഫ്രീക്കിക്കിലും പെനല്‍റ്റിയിലും മികച്ചു നിന്ന താരം അര്‍ജന്റീനക്കെതിരെ വിജയഗോള്‍ കണ്ടെത്തിയത് പെനല്‍റ്റിയിലൂടെയായിരുന്നു. 80 മിനിറ്റ് പിന്നിടുമ്പോഴും ഗോള്‍ രഹിതമായി തുടര്‍ന്ന കളിയില്‍ 84-ാം മിനിറ്റില്‍ പന്തുമായി ബോക്സിനകത്തേക്ക് കുതിച്ച ബ്രെമ്മിനെ അര്‍ജന്റീന മിഡ്ഫീല്‍ഡര്‍ പെഡ്രോ ട്രോഗ്ലിയോ വീഴ്ത്തിയതിന് കിട്ടിയ പെനല്‍റ്റി ആണ് നിര്‍ണായക സമയത്ത് കിരീടം ഉറപ്പിക്കുന്ന ഗോളായി കലാശിച്ചത്.
മിന്നല്‍ വേഗത്തില്‍ സ്പോട്ട് കിക്ക് എടുക്കുന്ന ബ്രെം വലംകാല് കൊണ്ട് അര്‍ജന്റിന വലയുടെ ഇടത് മൂലയിലേക്ക് അതിവേഗത്തില്‍ ഗ്രൗണ്ട് ഷോട്ട് തൊടുത്തു. പെനല്‍റ്റി കിക്കുകള്‍ സേവ് ചെയ്യുന്നതില്‍ വിഗദ്ധനായ അന്നത്തെ അര്‍ജന്റൈന്‍ ഗോളി സെര്‍ജിയോ ഗോയ്കോഷ്യ ആ ഷോട്ടിന് മുന്നില്‍ പരാജിതനായി.
86 അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിച്ചിട്ടുള്ള ആന്ദ്രിയാസ് ബ്രെം രാജ്യത്തിനായി എട്ട് ഗോളുകള്‍ നേടി. ക്ലബ്ബ് ഫു്ടബോളില്‍ ജര്‍മന്‍ ടീമുകളിലാണ് കൂടുതല്‍ കാലവും കളിച്ചിരുന്നത്. 1981 മുതല്‍ 86 വരെ എഫ്സി കൈസേഴ്സ്ലോട്ടേണിന് വേണ്ടി കളിച്ചിരുന്ന താരം പിന്നീട് 1993ല്‍ ഇതേ ക്ലബ്ബിലേക്ക് തിരിച്ചെത്തി. 86ന് ശേഷം ബയേണ്‍ മ്യൂണിക്കില്‍ ചേക്കേറിയ താരം 1987ല്‍ ബുന്ദെസ് ലിഗ കിരീടം നേടിയ ടീമില്‍ അംഗമായിരുന്നു. 1989ല്‍ ലോതര്‍ മത്തേവൂസം യര്‍ഗന്‍ ക്ലിന്‍സ്മാനും അടങ്ങിയ ഇന്റര്‍ മിലാന് സീരി എ കിരീടം നേടിമ്പോള്‍ ആ ടീമിലും ബ്രെം ഉള്‍പ്പെട്ടിരുന്നു. 1992 വരെ അവിടെ തുടര്‍ന്ന താരം പിന്നീട് സ്പാനിഷ് ക്ലബ്ബ് റയല്‍ സരഗോസയ്ക്കായ് കളിച്ചു. തൊട്ടടുത്ത വര്‍ഷം പഴയ ക്ലബ്ബ് എഫ്സി കൈസേഴ്സ്ലോട്ടേണിലേക്ക് മടങ്ങിയത്തി. 1996ല്‍ ടീം ജര്‍മന്‍ കപ്പും 1998ല്‍ ബുന്ദസ് ലിഗ കിരീടവും നേടുമ്പോള്‍ ബ്രെം ടീമിലുണ്ടായിരുന്നു. 2000-02 കാലയളവില്‍ ടീമിന്റെ പരിശീലക ചുമതലയും ബ്രെം വഹിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: