ചണ്ഡീഗഢ് : കര്ഷകസമരക്കാര്ക്കുള്ളത് കേന്ദ്രസര്‍ക്കാരിനും മോദിയ്ക്കും എതിരെയുള്ള ദുഷ്ടലാക്ക് മാത്രമാണെന്ന കാര്യം തുറന്നടിച്ച് പറഞ്ഞ് പഞ്ചാബിലെ ശിരോമണി അകാലിദള്‍ നേതാവ് ഹര്‍സിമ്രത് കൗര്‍ ബാദല്‍. കര്‍ഷകരുടെ വിളകള്‍ക്ക് മിനിമം തറവില ലഭിയ്ക്കണമെന്നത് ന്യായമായ ആവശ്യമാണെങ്കിലും അതിന് കേന്ദ്രസര്‍ക്കാരിനെ മാത്രം കുറ്റംപറയുന്നത് എന്തിനെന്നാണ് സമരം ചെയ്യുന്ന കര്‍ഷക സംഘടനകളോട് ഹര്‍സിമ്രത് കൗര്‍ ചോദിക്കുന്നത്.
സംസ്ഥാന സര്‍ക്കാരുകള്‍ക്കും പ്രശ്നം പരിഹരിക്കുന്നതില്‍ തുല്യപങ്കാളിത്തമുള്ളപ്പോള് നിങ്ങള്‍ എന്തുകൊണ്ടാണ് പഞ്ചാബിലെ ആംആദ്മി സര്‍ക്കാരിനെതിരെ സമരം ചെയ്യാത്തതെന്നാണ് ഹര്‍സിമ്രത് കൗര്‍ ബാദലിന്റെ ചോദ്യം. കര്‍ഷകസമരം വീണ്ടും ഇളക്കിവിട്ടതിന് പിന്നില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ഗൂഡാലോചനയുണ്ടെന്ന വാര്‍ത്ത പുറത്തുവരുന്നതിനിടയിലാണ് ഹര്‍സിമ്രത് കൗറിന്റെ ഈ വിമര്‍ശനം.
കാര്‍ഷിക ബില്ലിനെതിരെ ആദ്യ കര്‍ഷകസമരം 2020ല്‍ നടന്നപ്പോള്‍ അതിനെ പിന്തുണച്ച് കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ച നേതാവാണ് ഹര്‍സിമ്രത് കൗര്‍ ബാദല്‍. അതുവരെ മോദി സര്‍ക്കാരിന് പിന്തുണ നല്കിയ ശിരോമണി അകാലിദള്‍ (എസ് എഡി) ആ സമരക്കാലത്ത് മോദി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. അന്ന് കേന്ദ്ര ഭക്ഷ്യമന്ത്രിസ്ഥാനമാണ് ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെച്ചത്. ഇപ്പോള്‍ നാല് വര്‍ഷത്തിന് ശേഷം ശിരോമണി അകാലിദള്‍ മോദി സര്‍ക്കാരുമായുള്ള ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: