ന്യൂദല്‍ഹി: ഒരു കാലത്ത് മോദിയുടെ കടുത്ത വിമര്‍ശകയായ പ്രമുഖ എഴുത്തുകാരി ശോഭാ ഡെ കഴിഞ്ഞ ദിവസം മോദിയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തി. ഈ വിശ്വത്തിന്റെ തന്നെ നായകനാണ് മോദിയെന്നും കാര്യങ്ങള്‍ അപഗ്രഥിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമാണെന്നും ശോഭാ ഡെ പറയുന്നു.
മാധ്യമപ്രവര്‍ത്തകയായ ബര്‍ഖാ ദത്ത് തന്റെ യൂട്യൂബ് ചാനലില്‍ നടത്തിയ അഭിമുഖത്തിലാണ് ശോഭാ ഡെയുടെ ഈ പ്രതികരണങ്ങള്‍.
WATCH –pic.twitter.com/pbA7u1oap3
— Times Algebra (@TimesAlgebraIND) February 19, 2024
മുംബൈയില്‍ വ്യവസായികളുടെ ഒരു സംഗമത്തിലാണ് ശോഭാ ഡെ വലിയൊരു ഇടവേളയ്ക്ക് ശേഷം പ്രധാനമന്ത്രി മോദിയെ കാണുന്നത്.
സെല്‍ഫിയെടുക്കാനാവാതെ ശോഭാ ഡെ
ശോഭാ ഡെയുടെ ഭര്‍ത്താവും വ്യവസായിയുമായ ദിലീപ് ഡെ കടുത്ത മോദി ആരാധകനാണ്. ആ ചടങ്ങില്‍ പതിവുപോലെ ദിലീപ് ഡെ മോദിയെ കണ്ടു. കൂടെ ശോഭാ ഡെയുമുണ്ടായിരുന്നു. മോദി പണ്ട് ശോഭാ ഡെയെ കണ്ടത് കൃത്യമായി ഓര്‍ത്തെടുക്കുകയും അന്ന് പറഞ്ഞ ചില കാര്യങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തു.
“മോദിയുടെ ഓര്‍മ്മശക്തി അപാരമാണ്.”- ശോഭാ ഡെ പറയുന്നു. ഒരു മുഖം ഒരിയ്ക്കല്‍ കണ്ടാല്‍ മോദി പിന്നെ മറക്കില്ലെന്നും ശോഭാ ഡെ പറയുന്നു. ഇക്കാര്യത്തില്‍ ആനയുടേതുപോലെയുള്ള ഓര്‍മ്മയുള്ള നേതാവാണ് അദ്ദേഹമെന്ന് പരക്കെ പറഞ്ഞുകേള്‍ക്കുന്നതായും ശോഭാ ഡെ വിശദീകരിക്കുന്നു. ആരുമായും നടത്തിയ ചെറിയ സംഭാഷണങ്ങള്‍ പോലും അദ്ദേഹം ഓര്‍ത്തുവെയ്ക്കുമെന്നും ശോഭാ ഡെ പറയുന്നു. ശോഭാ ഡെയെ പരിചയമുള്ള ഒരു വ്യക്തി മോദിയുടെ അരികില്‍ കൊണ്ടു ചെന്നെന്നും ഇവരെ അറിയുമോ എന്നും ചോദിച്ചതിന് ഇവരെ ആരാണ് അറിയാത്തത് എന്നായിരുന്നു മോദിയുടെ പ്രതികരണം. വര്‍ഷങ്ങളായി ഇവരുടെ വിമര്‍ശനങ്ങളും കേട്ടുകൊണ്ടേയിരിക്കുന്നു എന്നും മോദി അല്പം പരിഹാസരൂപേണ പറഞ്ഞു. ഞാന്‍ ആരെയും അനാവശ്യമായി വിമര്‍ശിക്കാറില്ലെന്നും ആവശ്യമെങ്കില്‍ വിമര്‍ശിക്കുമെന്നുമായിരുന്നു ഇതിന് ശോഭാ ദെ നല്കിയ മറുപടി.
വിവാഹബന്ധങ്ങളില്‍ നിറയെ പ്രശ്നങ്ങളുണ്ട് എന്ന് പൊതുവായ ഒരു കമന്റ് പറഞ്ഞു. ശോഭ ഡെയുടെ വിവാഹബന്ദങ്ങളുടെ തകര്‍ച്ചയെ പ്രതിപാദിക്കുന്ന സ്പൗസ് എന്ന പുസ്തകം പ്രസിദ്ധമാണ്. ഭര്‍ത്താവ് ദിലീപ് ഡെയെ കെട്ടിപ്പുണര്‍ന്ന് മോദി പറഞ്ഞു: “മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കൂ” എന്ന പോസിറ്റീവ് കമന്റാണ് നല്‍കിയത്. പിന്നീട് മോദി ശോഭാ ഡെയെയും ദിലീപിനെയും ആലിംഗനം ചെയ്ത ശേഷം ഫോട്ടൊഗ്രാഫറെ വിളിച്ചു. താന്‍ ഒരു സെല്‍ഫിയെടുത്തോട്ടെ എന്ന് ശോഭാ ഡെ ചോദിച്ചപ്പോള്‍ അതിനും മോദി പോസ് ചെയ്തു. പക്ഷെ എന്തോ ശോഭാ ഡെയുടെ മൊബൈല്‍ ഫോണ്‍ വര്‍ക്ക് ചെയ്തില്ല. അതിന് മോദി എല്ലാവരെയും വിളിച്ച് ചേര്‍ത്ത് ഉറക്കെ പറഞ്ഞു:”ആദ്യമായി ശോഭാ ദെ ജീവിതത്തില്‍ ഒരു കാര്യത്തിലെങ്കിലും തോറ്റുപോയി” എന്ന്. അതോടെ മുറിയില്‍ ഉണ്ടായിരുന്നവര്‍ എല്ലാവരും ഉറക്കെ പൊട്ടിച്ചിരിച്ചു.
അപാര കരിസ്മയുള്ള നേതാവെന്ന് ശോഭാ ഡെ
ഒരു നേതാവ് എന്ന നിലയില്‍ മോദിയുടെ സ്വാധീനശക്തി അസാമാന്യമാണെന്നും നല്ല വശീകരണശക്തിയുള്ള നേതാവാണ് മോദിയെന്നും ശോഭാ ഡെ പറയുന്നു. മോദി റൂമിലേക്ക് കടന്നുവരുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ സ്വാധീനശക്തിയും കരുത്തും പ്രകടമായിരുന്നു. മുറിയില്‍ ഒരാളായാലും ആയിരക്കണക്കിന് പേരുണ്ടെങ്കിലും മോദിയുടെ സ്വാധീന വലയത്തില്‍ എല്ലാവരും അമര്‍ന്നുപോകുമെന്നും ശോഭാ ഡെ പറയുന്നു. അത്രയ്ക്കുണ്ട് അദ്ദേഹത്തിന്റെ കരിഷ്മ. ഒരു വട്ടം കൂടി അദ്ദേഹത്തെ നേരില്‍ കാണാന്‍ മോഹിച്ചുപോകുന്നുവെന്നും ശോഭാ ഡെ പറഞ്ഞു.
അദ്ദേഹത്തിന്റെ യാത്ര എല്ലാവര്‍ക്കുമറിയാം. ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ തുടങ്ങി പിന്നീടുള്ള വളര്‍ച്ചയെല്ലാം എല്ലാവര്‍ക്കുമറിയാവുന്നതാണ്. ഇദ്ദേഹം ലോകത്തിന്റെ നെറുകയിലാണ്.-ശോഭാ ഡെ പറഞ്ഞു. തന്നെത്തന്നെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ബോധവും അപാരമാണ്. ആരോടും ആജ്ഞാപിക്കാനും ആരെയുംനിരായുധരാക്കാനും ഉള്ള മോദിയുടെ കഴിവും അപാരമാണ്. അദ്ദേഹത്തിന്റെ മനസാന്നിധ്യം അസാധ്യമാണ്. –ശോഭാ ഡെ പറയുന്നു.
2019ലെ ലോക് സഭാ തെരഞ്ഞെടുപ്പ് കാലത്ത് രാഹുല്‍ ഗാന്ധിയെ ശക്തമായി പിന്തുണയ്ക്കുകയും മോദിയെ ശക്തമായി വിമര്‍ശിക്കുകയും ചെയ്ത എഴുത്തുകാരിയാണ് ശോഭാ ഡെ. ഇവര്‍ ഇംഗ്ലീഷ് പത്രങ്ങളില്‍ എഴുതുന്ന പ്രതിവാര ലേഖനങ്ങള്‍ ഏറെ വായിക്കപ്പെടുന്നവയാണ്.
ആളുകളുമായി സംവദിക്കാനുള്ള മോദിയുടെ കഴിവും അപാരമാണെന്നും ശോഭാ ഡെ അടിവരയിട്ട് പറയുന്നു.
ശോഭാ ഡെ എന്ന എഴുത്തുകാരി
സോഷ്യലൈറ്റ് ഈവനിംഗ് (Socialite evening) എന്ന ആദ്യഗ്രന്ഥം തന്നെ ശോഭാ ഡെയ്ക്ക് വലിയ ആരാധകവൃന്ദത്തെ സൃഷ്ടിച്ചു. നിരവധി കോപ്പികളാണ് വിറ്റഴിഞ്ഞത്. മുംബൈയിലെ ഉന്നതരുടെ ജീവിതത്തിലെ സത്യങ്ങള്‍ തുറന്നുകാട്ടുന്നതായിരുന്നു ഈ നോവല്‍. സ്റ്റാറി നൈറ്റ്സ് (Starry Nights) എന്ന പുസ്തകം ബോളിവുഡിലെ താരങ്ങളുടെ ജീവിതകഥ പറയുന്ന പുസ്തകമാണ്. സല്‍ട്രി നൈറ്റ് (Sultry Night) എന്ന പുസ്തകവും ഏറെ വായനക്കാരെ നേടിയെടുത്ത നോവലാണ്. സര്‍വൈവിംഗ് മെന്‍ (Surviving Men) എന്ന നോവലില്‍ പുരുഷമേധാവിത്വ സമൂഹത്തിന്റെ സത്യമാണ് തുറന്ന് കാട്ടുന്നത്. വിവാഹം എന്ന പ്രതിഭാസത്തെ ആഴത്തില്‍ വിശകലനം ചെയ്യുന്ന സ്പൗസ് എന്ന നോവലിന് ആരാധകര്‍ ഏറെയാണ്. ഏകദേശം 22 പുസ്തകങ്ങള്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചു. ഭര്‍ത്താവ് ദിലീപ് ഡെ ഷിംപ്പിംഗ് വ്യവസായിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: