റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്ക്റ്റ് ടെസ്റ്റില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ കളിക്കില്ലെന്ന് റിപ്പോര്‍ട്ട്. ആദ്യ മൂന്ന് ടെസ്റ്റുകളിലും കളിച്ച ബുംറക്ക് ഐപിഎല്ലും ടി20 ലോകകപ്പും കണക്കിലെടുത്ത് പരിക്കേല്‍ക്കാതിരിക്കാനും ജോലിഭാരം ക്രമീകരിക്കാനുമായി റാഞ്ചി ടെസ്റ്റില്‍ വിശ്രമം അനുവദിച്ചേക്കുമെന്നാണ് കരുതുന്നത്. 23നാണ് നാലാം ടെസ്റ്റ്.
നാലാം ടെസ്റ്റിന്റെ ഫലം അനുസരിച്ചാവും ധരംശാലയില്‍ നടക്കുന്ന അവസാന ടെസ്റ്റില്‍ ബുംറയെ ഉള്‍പ്പെടുത്തുക. റാഞ്ചിയില്‍ ജയിച്ച് ഇന്ത്യ പരമ്പര നേടിയാല്‍ അവസാന ടെസ്റ്റിലും ബുമ്രക്ക് വിശ്രമം അനുവദിക്കുമെന്നാണ് വിവരം. എന്നാല്‍ മറിച്ചാണെങ്കില്‍ പേസര്‍മാരെ തുണക്കുമെന്ന് കരുതുന്ന ധരംശാലയില്‍ ബുമ്ര ടീമില്‍ തിരിച്ചെത്തും. 17 വിക്കറ്റുമായി പരമ്പരയില്‍ ഏറ്റവും കൂടതല്‍ വിക്കറ്റെടുത്ത ബൗളറാണ് നിലവില്‍ ബുംറ.
അതേസമയം നാലാം ടെസ്റ്റില്‍ കെ.എല്‍. രാഹുല്‍ പ്ലേയിങ് ഇലവനിലേക്കു മടങ്ങിയെത്തും. നിലവിലെ ടീമില്‍ രാഹുലും ഉണ്ടെങ്കിലും പരിക്ക് പൂര്‍ണമായും മാറാത്തതിനാല്‍ താരത്തെ മൂന്നാം ടെസ്റ്റില്‍ താരം കളിച്ചിരുന്നില്ല. എന്നാല്‍ കായികക്ഷമത വീണ്ടെടുത്ത രാഹുല്‍ റാഞ്ചിയിലെ നാലാം ടെസ്റ്റില്‍ കളിക്കാനിറങ്ങുമെന്നാണ് കരുതുന്നത്. രാഹുല്‍ കളിക്കാനിറങ്ങിയാല് കഴിഞ്ഞ രണ്ട് ടെസ്റ്റിലും കളിച്ച യുവതാരം രജത് പാട്ടീദാര്‍ ടീമിന് പുറത്താകും. കളിച്ച രണ്ട് ടെസ്റ്റിലും മികച്ച പ്രകടനം നടത്താന്‍ താരത്തിനു സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പാട്ടീദാറിന് പുറത്തേക്കുള്ള വഴിയൊരുങ്ങുന്നത്.
വ്യക്തപരമായ കാരണങ്ങളാല്‍ മൂന്നാം ടെസ്റ്റിനിടെ വീട്ടിലേക്ക് മടങ്ങുകയും അടുത്ത ദിവസം ടീമിനൊപ്പം ചേരുകയും ചെയ്ത ആര്. അശ്വിന് നാലാം ടെസ്റ്റില്‍ കളിക്കുമോ എന്ന കാര്യത്തില്‍ വ്യക്തവന്നിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ അശ്വിന് ടീമില്‍ കളിക്കാനാണ് സാധ്യത. പരമ്പരയില്‍ പതിവു ഫോമിലേക്ക് ഉയരാന്‍ കഴിയാതിരുന്ന അശ്വിന് രാജ്കോട്ട് ടെസ്റ്റില്‍ 500 വിക്കറ്റെന്ന നാഴിക്കക്കല്ല് പിന്നിട്ടിരുന്നു.
ബുംറക്ക് പകരം ആരെയും ടീമിലുള്‍പ്പെടുത്താനിടയില്ലെന്നാണ് വിവരം. ടീമിലുണ്ടായിരുന്ന മുകേഷ് കുമാറിനെ മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ബുംറ കളിച്ചില്ലെങ്കില്‍ സിറാജിനൊപ്പം ആകാശ് ദീപ് സിങിന് അരങ്ങേറ്റത്തിന് അവസരം ലഭിക്കാനാണ് സാധ്യത.
യുവതാരങ്ങളായ യശസ്വി ജയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, സര്‍ഫറാസ് അഹമ്മദ് എന്നിവര്‍ മികച്ച ഫോമിലാണു കളിക്കുന്നത്. മൂവരും അടുത്ത മത്സരങ്ങള്‍ക്കും പ്ലേയിങ് ഇലവനില്‍ ഉണ്ടാകും. പരമ്പരയില്‍ നിലവില്‍ ഭാരതം 2-1ന് മുന്നിലാണ്. റാഞ്ചിയില്‍ നടക്കുന്ന നാലാം ടെസ്റ്റ് വിജയിച്ചാല്‍ പരമ്പര ഭാരതത്തിന് സ്വന്തമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: