വിശാഖപട്ടണം: രഞ്ജി ട്രോഫിയില്‍ ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ കേരളം സമനിലകൊണ്ട് തൃപ്തരായി. ആന്ധ്രയാണ് കേരളത്തെ സമനിലയില്‍ തളച്ചത്. രണ്ടാം ഇന്നിങ്സില്‍ ആന്ധ്രയുടെ ഒന്‍പത് വിക്കറ്റ് വീഴ്ത്താനേ കേരള ബൗളര്‍മാര്‍ക്കായുള്ളൂ. പത്താം വിക്കറ്റ് കൂട്ടുകെട്ടില്‍ 31 പന്തുകള്‍ വിജയകരമായി പിടിച്ചുനിന്ന ഷൊഐബ് മുഹമ്മദ് ഖാനും സത്യനാരായണ രാജുവുമാണ് ആന്ധ്രയ്ക്ക് സമനില നേടിക്കൊടുത്തത്. 19ന് ഒന്ന് എന്ന നിലയില്‍ രണ്ടാം ഇന്നിങ്സ് ആരംഭിച്ച ആന്ധ്രയുടെ എട്ട് വിക്കറ്റുകള്‍ വീഴ്ത്താനേ കേരളത്തിനായുള്ളൂ. കളി അവസാനിക്കുമ്പോള്‍ അവര്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് എന്ന നിലയിലായിരുന്നു.
ആന്ധ്ര ഒന്നാം ഇന്നിംഗ്സില്‍ 272 റണ്‍സാണ് നേടിയത്. ബേസില്‍ തമ്പി നാല് വിക്കറ്റ് നേടി. മറുപടി ബാറ്റിംഗില്‍ കേരളം ഏഴിന് 514 എന്ന നിലയില്‍ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. 242 റണ്‍സിന്റെ ലീഡാണ് കേരളം നേടിയിരുന്നത്. അക്ഷയ് ചന്ദ്രന് (184), സച്ചിന് ബേബി (113) എന്നിവരുടെ ഇന്നിങ്സാണ് കേരളത്തെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്.
പിന്നീട് രണ്ടാം ഇന്നിങ്സ് ആരംഭിച്ച ആന്ധ്ര ഒമ്പതിന് 189 എന്ന നിലയില്‍ നില്‍ക്കെ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. ബേസില്‍ തമ്പി, ബേസില്‍. എന്‍.പി എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഇത്തവണ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ജയം മാത്രം നേടാന്‍ കഴിഞ്ഞ കേരളം നോക്കൗട്ട് കാണാതെ പുറത്താവുകയും ചെയ്തു.
ഒന്നിന് 19 എന്ന നിലയില്‍ രണ്ടാം ഇന്നിങ്സ് തുടങ്ങി ആന്ധ്രയ്ക്ക് വേണ്ടി 72 റണ്‍സ് നേടിയ അശ്വിന് ഹെബ്ബാറാണ് ടോപ് സ്കോറര്‍. ഷെയ്ഖ് റഷീദ് 36ഉം കരണ്‍ ഷിന്‍ഡെ 26ഉം റണ്‍സ് നേടി.
രേവന്ദ് റെഡ്ഡി (5), മഹീഹ് കുമാര്‍ (13), റിക്കി ബുയി എന്നിവര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. പിന്നീട് അശ്വിന് ഹെബ്ബാര്‍-കരണ്‍ ഷിന്‍ഡെ സഖ്യം 61 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും ഷിന്‍ഡെയെ പുറത്താക്കി ബേസില്‍. എന്‍.പി കേരളത്തിന് ബ്രേക്ക് ത്രൂ നല്കി. ഹെബ്ബാറിനെ ബേസില്‍ തമ്പിയും മടക്കിയയച്ചു. ഹനുമ വിഹാരിക്കും മികച്ച ബാറ്റിങ് പുറത്തെടുക്കാനായില്ല. എന്നാല്‍ ഷോയ്ബ് മുഹമ്മദ് ഖാനും (93 പന്തില്‍ 11) സത്യനാരായണ രാജുവും (13 പന്ത്) ഉറച്ചുനിന്നതോടെ ആന്ധ്ര സമനില പിടിച്ചുവാങ്ങി. അക്ഷയ് ചന്ദ്രനാണ് കളിയിലെ താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: