ന്യൂദല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ മഹുവ മൊയ്ത്ര ഇന്നലേയും ഇ ഡിക്ക് മുമ്പാകെ ഹാജരായില്ല. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) ലംഘനവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായാണ് മഹുവയെ വിളിപ്പിച്ചത്.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും, വിദേശ നിക്ഷേപം സംബന്ധിച്ച രേഖകളെല്ലാം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ഈ മാസം 15ന് ഇ ഡി മഹുവയ്‌ക്ക് നോട്ടീസ് നല്കിയതാണ്. എന്നാല്‍ അവര്‍ ഹാജരാകാതെ ഒഴിയുകയായിരുന്നു. കാരണം എന്തെന്ന് വ്യക്തമാക്കിയിട്ടില്ല.
പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കുന്നതിന് വ്യവസായി ദര്‍ശന്‍ ഹിരനന്ദാനിയില്‍ നിന്ന് പണം കൈപ്പറ്റി, പാര്‍ലമെന്റ് ഐഡിയും പാസ്‌വേഡും കൈമാറിയെന്നുമുള്ള ആരോപണത്തില്‍ മഹുവയ്‌ക്ക് എംപി സ്ഥാനം നഷ്ടമായിരുന്നു. സംഭവത്തില്‍ ഇ ഡിയെ കൂടാതെ സിബിഐയും കേസെടുത്തിട്ടുണ്ട്.
കോഴ വാങ്ങിയെന്ന ആരോപണത്തില്‍ പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി അന്വേഷണം നടത്തിയ ശേഷമാണ് മഹുവയെ എംപി സ്ഥാനത്ത് നിന്നും നീക്കിയത്. ഇതിനെതിരെ അവര്‍ സുപ്രീംകോടതിയേയും സമീപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: