കൊൽക്കത്ത: ദേശീയ വനിതാ കമ്മീഷൻ (എൻസിഡബ്ല്യു) അധ്യക്ഷ രേഖ ശർമ്മയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഇന്ന് സന്ദേശ്ഖാലി സന്ദർശിക്കും. കഴിഞ്ഞയാഴ്ച വനിതാ കമ്മീഷന്റെ രണ്ട് അംഗങ്ങൾ പ്രദേശം സന്ദർശിക്കുകയും ബംഗാൾ സർക്കാരിന്റെയും നിയമപാലകരുടെയും ഗുണ്ടകളുമായിട്ടുള്ള കൂട്ടുകെട്ടിന്റെ തിക്തഫലങ്ങൾ അടങ്ങിയ ഒരു റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
“ഞങ്ങൾക്ക് ഇരകളോട് സംസാരിക്കാൻ ആഗ്രഹമുണ്ട്. തുടർന്ന് ഞങ്ങൾ പശ്ചിമ ബംഗാൾ ഗവർണറെയും രാഷ്‌ട്രപതിയെയും നാളെ ന്യൂദൽഹിയിൽ കാണും. പ്രദേശത്ത് നടന്നത് ലജ്ജാകരമാണ്,” – ശർമ്മ പറഞ്ഞു. നോർത്ത് 24 പർഗാനാസിലെ സന്ദേശ്‌ഖാലിയിലെ സ്ഥിതിഗതികളെക്കുറിച്ച് കേന്ദ്ര ഏജൻസികളുമായി സഹകരിക്കാൻ തൃണമൂൽ സർക്കാർ തയ്യാറല്ലെന്ന് ശർമ്മ ആരോപിച്ചു.
ഗ്രാമവാസികൾക്കെതിരെ തൃണമൂൽ ഗുണ്ടകളുടെ നേതൃത്വത്തിൽ നടന്ന അതിക്രമങ്ങളും സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുന്നതിനെതിരെ ഒരാഴ്ചയായി പ്രതിഷേധങ്ങൾ തുടരുകയാണ്. ഇതിനെ തുടർന്ന് പോലീസ് പ്രദേശത്ത് ശക്തമായ കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖും അദ്ദേഹത്തിന്റെ അനുയായികളും തങ്ങളെ നിർബന്ധിച്ച് ഭൂമി തട്ടിയെടുക്കുകയും ലൈംഗികമായി ആക്രമിക്കുകയും ചെയ്തുവെന്ന് സന്ദേശ്ഖാലിയിലെ ഒട്ടനവധി സ്ത്രീകൾ ആരോപിച്ചിരുന്നു. തുടർന്ന് ജനുവരി അഞ്ചിന് റേഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട് ഷാജഹാന്റെ സ്ഥാപനങ്ങൾ പരിശോധിക്കാനെത്തിയ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ഇയാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ജനക്കൂട്ടം ആക്രമിച്ചതിനെ തുടർന്ന് ഷാജഹാൻ ഒളിവിൽ പോകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: