ന്യൂദല്‍ഹി: മത്സ്യബന്ധന-ചരക്കു കപ്പലുകള്‍ക്ക് ഭീഷണിയുയര്‍ത്തുന്ന കടല്‍ക്കൊള്ളക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് നാവികസേനാ മേധാവി അഡ്മിറല്‍ ആര്. ഹരികുമാര്‍. സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരില്‍ നിന്ന് മോചിപ്പിച്ചതിന് ഭാരതത്തിന്റെ നാവിക സേനയ്ക്ക് കപ്പലിലെ പാക്, ഇറാന് സ്വദേശികള്‍ നന്ദിയറിയിച്ച സംഭവത്തില്‍ അദ്ദേഹം പ്രതികരിച്ചു. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
പ്രദേശം അപായരഹിതവും സുരക്ഷിതവും സ്വതന്ത്രവുമായ ഇടമാണെന്ന് ഉറപ്പുവരുത്തേണ്ടത് സൈന്യത്തിന്റെ ഉത്തരവാദിത്തമാണ്. ഇറാന്റെയും പാകിസ്ഥാന്റെയും കപ്പലുകള്‍ പോലെതന്നെ വിവിധ രാജ്യങ്ങളിലെ മത്സ്യബന്ധന കപ്പലുകള്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചുന്നതായും അവയുപയോഗിച്ച് വലിയ കപ്പലുകളെ ലക്ഷ്യം വയ്ക്കുന്നതായും നാവികസേനയ്ക്ക് വിവരം ലഭിച്ചിരുന്നു. സൈന്യം കടല്‍ക്കൊള്ളക്കാരെ കീഴടക്കി അവരുടെ ആയുധങ്ങള്‍ പി
ടിച്ചെടുക്കുകയും കപ്പല്‍ ജീവനക്കാരെ മോചിപ്പിക്കുകയും ചെയ്തു.
അതുകൊണ്ടാണ് കപ്പലിലെ ജീവനക്കാര്‍ നാവികസേനയ്ക്ക് നന്ദി പറയുന്നത്. അത് ഞങ്ങളുടെ ദൗത്യമാണ്. നിലവില്‍ രണ്ട് ദൗത്യങ്ങളാണ് നാവികസേനയ്ക്ക് മുന്നിലുള്ളത്. ആന്റി പൈറസി ഓപ്പറേഷനും, ആന്റി ഡ്രോണ്‍ ഓപ്പറേഷനും.
ഭാരതത്തിന്റെ പതാകയുള്ള കപ്പലുകള്‍ക്ക് മാത്രമല്ല, മിസൈലുകളുടെയും ഡ്രോണുകളുടെയും ഭീഷണിയുള്ള ഏത് രാജ്യത്തിന്റെ കപ്പലിനും ആന്റി ഡ്രോണ്‍ ഓപ്പറേഷനിലൂടെ സംരക്ഷണമേകുമെന്നും അദ്ദേഹം വിശദീകരിച്ചു.
ആന്റി പൈറസി ഓപ്പറേഷനിലൂടെ ഒട്ടുമിക്ക കടല്‍കൊള്ള സംഘത്തെയും ഇല്ലാതാക്കാനായി. എന്നാല്‍ ചെങ്കടലിലും ഏദന്‍ കടലിടുക്കിലുമുള്ള പ്രശ്നങ്ങളുടെ സാഹചര്യത്തില്‍ വീണ്ടും കടല്‍ക്കൊള്ള സജീവമാകാനുള്ള സാധ്യത മുന്നില്‍ കാണുന്നുണ്ട്. കടല്‍ക്കൊള്ളക്കാരുടെ സാന്നിധ്യം മേഖലയില്‍ എത്രത്തോളം ഇല്ലാതാക്കാനാകുമോ അതിനാണ് സൈന്യം ശ്രമിക്കുന്നത്, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: