റാഞ്ചി: ചംപായി സോറന്റെ നേതൃത്വത്തില്‍ അധികാരമേറ്റ ഝാര്‍ഖണ്ഡ് മന്ത്രിസഭയിലും കല്ലുകടി. രാജിഭീഷണിയുമായി ജെഎംഎം എംഎല്‍എ വൈദ്യനാഥ് റാം.
പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ 23ന് തുടങ്ങുന്ന നിയമസഭാ സമ്മേളനം ബഹിഷ്കരിക്കുമെന്ന് എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍. മന്ത്രിമാരുടെ പട്ടികയില്‍നിന്ന് അവസാന നിമിഷം പേര് വെട്ടിയെന്ന് ആരോപിച്ചാണ് വൈദ്യനാഥ് റാം രാജിഭീഷണി മുഴക്കുന്നത്. എന്റെ അഭിമാനത്തിന് മുറിവേറ്റു. പ്രതികരിക്കാനാണ് തീരുമാനം, അദ്ദേഹം പറഞ്ഞു. പിന്നാക്ക ജനതയുടെ പേര് പറഞ്ഞ് അധികാരത്തിലെത്തിയ സര്‍ക്കാരാണ് പട്ടികജാതി വിഭാഗത്തില്‍പെട്ട തനിക്കെതിരെ ഈ നിലപാട് സ്വീകരിച്ചെന്ന് വൈദ്യനാഥ് റാം പറഞ്ഞു.
ജയിലിലായ ജെഎംഎം മേധാവി ഷിബു സോറന്റെ ഇളയ മകന് ബസന്ത് സോറന് ഉള്‍പ്പെടെ എട്ട് എംഎല്‍എമാരാണ് ചംപായി സോറന് മന്ത്രിസഭയില്‍ സത്യപ്രതിജ്ഞ ചെയ്തത്. അവസാന നിമിഷം റാമിന്റെ പേര് പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം മുഖ്യമന്ത്രി രണ്ടുദിവസത്തെ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വൈദ്യറാം ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രി ഇപ്പോള്‍ ദല്‍ഹിയിലാണ്. റാഞ്ചിയില്‍ തിരിച്ചെത്തുമ്പോള്‍ അദ്ദേഹം അനുകൂലമായ മറുപടി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു, വൈദ്യനാഥ് പറഞ്ഞു.
അതേസമയം മന്ത്രിസഭയിലെ അംഗങ്ങളെ ചൊല്ലി കോണ്‍ഗ്രസിലും കലാപമാണ്. ആലംഗീര്‍ ആലം, രാമേശ്വര്‍ ഒറോണ്‍, ബന്ന ഗുപ്ത, ബാദല്‍ പത്രലേഖ് എന്നിവര്‍ക്ക് വീണ്ടും മന്ത്രിസ്ഥാനം നല്‍കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനത്തിലാണ് പ്രതിഷേധം. പുതിയ മന്ത്രിസഭയില്‍ മറ്റുള്ളവര്‍ക്ക് ഇടം നല്‍കിയില്ലെന്നും നേരത്തെ മന്ത്രിമാരായവരെത്തന്നെ വീണ്ടും പരിഗണിച്ചുവെന്നും അസംതൃപ്ത എംഎല്‍എമാര്‍ ആരോപിക്കുന്നു. കോണ്‍ഗ്രസിന് പന്ത്രണ്ട് എംഎല്‍എമാരാണ് നിയമസഭയിലുള്ളത്. മന്ത്രിമാരായ നാല് പേരൊഴികെയുള്ള ബാക്കി എട്ട് പേരും കഴിഞ്ഞ ദിവസം ദല്‍ഹിയിലെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: