കൊല്‍ക്കത്ത: സന്ദേശ്ഖാലിയില്‍ തൃണമൂല്‍ അക്രമത്തിനിരയായ ഭുജംഗദാസിന്റെ വീട്ടില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന് എത്തി. ഭുജംഗദാസിന്റെ ഭാര്യ കനികദാസിനെ അക്രമികള്‍ മുടിക്ക് കുത്തിപ്പിടിച്ച് വലിച്ചിഴച്ചിരുന്നു. അവരുടെ കൈയിലുണ്ടായിരുന്ന കുഞ്ഞിനെ അവര്‍ വലിച്ചെറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ ചികിത്സയ്ക്കുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് കമ്മിഷന് അധ്യക്ഷ തൂലികാദാസ് മാധ്യമങ്ങളോട് പറഞ്ഞു.
മെഡിക്കല്‍ സംഘത്തെ ആ വീട്ടിലേക്ക് അയയ്ക്കാന്‍ ചീഫ് ഹെല്‍ത്ത് ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭയന്ന് വീടിന് പുറത്തിറങ്ങാതിരുന്നതിനാലാണ് അവര്‍ക്ക് വേണ്ട മെഡിക്കല്‍ സഹായങ്ങള്‍ ലഭിക്കാതിരുന്നതെന്ന് തൂലികാദാസ് ചൂണ്ടിക്കാട്ടി. കുട്ടിയെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോകാന്‍ കഴിഞ്ഞില്ലെന്ന് അമ്മ പറഞ്ഞു. വീടിന് പുറത്തിറങ്ങാന്‍ കഴിയാത്തതിനാല്‍ ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. ഇക്കാര്യം പരിശോധിക്കാന്‍ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കുടുംബത്തിന് സുരക്ഷയൊരുക്കണമെന്ന് ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ അറിയിച്ചു. ഞങ്ങള്‍ അവര്‍ക്ക് ഫോണ്‍ നമ്പര്‍ നല്കി. അവരെ ആശ്വസിപ്പിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചു, തൂലിക പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: