ഷാ അലം(മലേഷ്യ): ചരിത്രപ്പടവുകളില് ഒരു ചുവടുകൂടി കടന്ന് ഭാരതത്തിന്റെ വനിതാ ബാഡ്മിന്റണ്‍ ടീം. രണ്ട് തവണ ഒളിംപിക് മെഡല്‍ സ്വന്തമാക്കിയ പി.വി. സിന്ധു നയിക്കുന്ന ഭാരത വനിതകള്‍ ഏഷ്യന്‍ ബാഡ്മിന്റണ്‍ ടീം ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കടന്നു.
ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഏതെങ്കിലുമൊരു ഇനത്തില്‍ ഭാരതം ഫൈനലിലെത്തുന്നത്. ഇതിന് മുമ്പ് രണ്ട് തവണ പുരുഷ ടീം മെഡല്‍ നേടിയിട്ടുണ്ടെങ്കിലും പോരാട്ടം സെമിയില്‍ അവസാനിച്ചിരുന്നു. ഇന്ന് നടക്കുന്ന ഫൈനലില്‍ ഭാരത വനിതകളുടെ എതിരാളികള്‍ തായ്ലന്ഡ് ആണ്.
ഇന്നലെ നടന്ന സെമി പോരാട്ടത്തില്‍ കരുത്തരായ ജപ്പാനെ 3-2ന് തോല്‍പ്പിച്ചാണ് ഭാരത വനിതകളുടെ മുന്നേറ്റം. നിര്‍ണായകമായ അഞ്ചാം മത്സരത്തില്‍ ഭാരതത്തിന്റെ 17കാരി അന്മോല് ഖര്‍ബ് നേടിയ നേരിട്ടുള്ള ഗെയിമിന്റെ വിജയത്തോടെയാണ് ഫൈനല്‍ പ്രവേശം ഉറപ്പാക്കിയത്. ലോക റാങ്കിങ്ങില്‍ 29-ാം സ്ഥാനത്തുള്ള നാട്ട്സുകി നിദായ്റയെ ആണ് അന്മോല് കീഴടക്കിയത്. സ്കോര്‍: 21-14, 21-18 ആദ്യ മത്സരത്തില്‍ പരിചയ സമ്പന്നയായ പിവി സിന്ധു പരാജയപ്പെട്ടു. അയാ ഒഹോരിയോട് നേരിട്ടുള്ള ഗെയിമിന് തോറ്റത്(സ്കോര്‍: 13-21, 20-22) ഭാരതത്തെ ക്ഷീണിപ്പിച്ചു.
രണ്ടാമത് നടന്ന ഡബിള്‍സ് ത്രില്ലര്‍ പോരാട്ടത്തില്‍ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം ഭാരതത്തിനായി ഗംഭീര വിജയം സ്വന്തമാക്കി. മൂന്ന് ഗെയിമിലൂടെയാണ് ഇരുവരും ഭാരതത്തിനായി ആശ്വാസ സമനില നേടിയെടുത്തത്. നമി മാറ്റ്സുയാമ-ചിഹാരു ഷിദ സഖ്യത്തെയാണ് തോല്‍പ്പിച്ചത്. മത്സരം 1-1 തുല്യതയിലായി.
തൊട്ടടുത്ത ഗെയിമിലും വിജയിച്ച് ഭാരതം മുന്നില്‍ കയറി. സിംഗിള്‍സ് പോരില്‍ അഷ്മിത ചാലിഹ തോല്‍പ്പിച്ചത് കരുത്തന് താരം നോസോമി ഒകുഹാരയെ. നേരിട്ടുള്ള ഗെയിമിനായിരുന്നു അഷ്മിതയുടെ വിജയം. മത്സരം 2-1ന് ഭാരതത്തിന്റെ ആധിപത്യം ജയമുറപ്പിച്ചാല്‍ നാലാം മത്സരത്തില്‍ ഭാരതം ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാമായിരുന്നു. ഡബിള്‍സ് പോരാട്ടത്തില്‍ അശ്വിനി പൊന്നപ്പയുടെ സഖ്യതാരമായി ഇറങ്ങിയത് പി.വി. സിന്ധു ആണ്. പതിവ് താരം താനിഷ ക്രാസ്റ്റോയ്ക്ക് പരിക്കേറ്റത് കാരണമാണ് സിന്ധുവിന് ഇറങ്ങേണ്ടിവന്നത്. ജപ്പാന്റെ റെനാ മിയോറ-അയാകോ സാകുറാമോട്ടോ സഖ്യത്തോട് നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോറ്റു. പിന്നെ മത്സരം അന്തിമ ഫലത്തിനായി അഞ്ചാം ഗെയിമിലേക്ക് നീണ്ടു. അന്മോല് ഖര്‍ബ് ഭാരതത്തിന് അപൂര്‍വ്വ നേട്ടം സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: