തുഞ്ചന്‍പറമ്പ് : ബ്രഹ്മസത്യം ജഗന്മിഥ്യ എന്ന ശങ്കാരാചാര്യ ദര്‍ശനം തന്നെയാണ് പ്രപഞ്ചത്തില്‍ ആകെ എനര്‍ജി മാത്രമാണ് ഉള്ളതെന്ന ആധുനിക ഊര്‍ജ്ജതന്ത്രത്തിലും ഉള്ളതെന്ന് ശ്രീകുമാരന്‍ തമ്പി. ഇതിന് സമാനമായ ചിന്ത തന്നെയാണ് പൂന്താനം അവതരിപ്പിക്കുന്നതെന്നും ശ്രീകുമാരന്‍തമ്പി പറഞ്ഞു.
ഡാള്‍ട്ടണ്‍ പറഞ്ഞ ആറ്റമിക് തിയറി രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണാദന്‍ പറഞ്ഞിട്ടുണ്ട്. ഈ പ്രപഞ്ചത്തെ നയിക്കുന്ന ശക്തിയെ ആരാധിക്കുന്നതായിരുന്നു എഴുത്തച്ഛന്റെ വഴിയെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
കഴിഞ്ഞ ദിവസം തുഞ്ചന്‍ ഉത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് ശ്രീകുമാരന്‍തമ്പി നടത്തിയ പ്രഭാഷണം ആത്മീയതയുടെ ഔന്നത്യം ഉയര്‍ത്തിപ്പിടിക്കുന്ന ഒന്നായിരുന്നു. എം.ടി. വാസുദേവന്‍ നായരാണ് വേദിയില്‍ അധ്യക്ഷനായിരുന്നത്.
അമ്മയായ ഭൂമിയ്ക്കും ഭൂമിയുടെ പിതാവായ സൂര്യനോടൊപ്പം ഭാഷാപിതാവായ തുഞ്ചത്ത് എഴുത്തച്ഛനും നമസ്കാരം ചൊല്ലി അദ്ദേഹം സൂര്യപ്രാര്ത്ഥനയോടെയാണ് പ്രസംഗം ആരംഭിച്ചത് തന്നെ. ശാസ്ത്രം തെറ്റുകള്‍ പഠിപ്പിച്ച് പിന്നീട് അവ തിരുത്തിതിരുത്തിയാണ് മുന്നേറുന്നതെന്നും എന്നാല്‍ ആധ്യാത്മികത ശാശ്വതസത്യത്തെക്കുറിച്ചുള്ള ബോധമാണ് നല്‍കുന്നതെന്നും ശ്രീകുമാരന്‍തമ്പി പറഞ്ഞു.
ഒരു നദി പര്‍വ്വതത്തില്‍ നിന്നും ഒഴുകിത്തുടങ്ങുമ്പോള്‍ അതിന്റെ വഴി അതിന് നിശ്ചയമില്ല. മനുഷ്യജീവിതവും ഇതുപോലെ അനിശ്ചിത വീഥികളിലൂടെയാണ് മുന്നേറുന്നത്. കോടാനുകോടി നക്ഷത്രങ്ങളടങ്ങിയ ഈ മഹാപ്രപഞ്ചത്തില്‍ ഭൂമി ഒരു മണല്‍ത്തരിയേക്കാള്‍ നിസ്സാരമാണ്. അതിലെ കോടാനുകോടി മനുഷ്യര്‍ക്കിടയില്‍ ഒരാള്‍ മാത്രമായ നമ്മള് എത്ര നിസ്സാരമാണെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: