ന്യൂദൽഹി: ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിറ്റ്‌സോറ്റകിസ് രണ്ട് ദിവസത്തെ ഭാരത സന്ദർശനം നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ചെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഈ മാസം 21, 22 തീയതികളിലാണ് അദ്ദേഹത്തിന്റെ സന്ദർശനം.
നീണ്ട 15 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ഗ്രീസ് രാഷ്‌ട്രത്തലവൻ നടത്തുന്ന ആദ്യ ഭാരത സന്ദർശനമാണിത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പ്രധാനമന്ത്രി മോദി നടത്തിയ ഗ്രീസ് സന്ദർശനത്തിലാണ് ഭാരതം-ഗ്രീസ് ബന്ധം തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർന്നത്. ദൽഹിയിൽ നടക്കുന്ന റെയ്‌സിന ഡയലോഗിൽ, മിറ്റ്‌സോറ്റകിസ് മുഖ്യാതിഥിയും മുഖ്യ പ്രഭാഷകനുമാകുമെന്ന് വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. ഗ്രീക്ക് പ്രധാനമന്ത്രിക്കൊപ്പം മുതിർന്ന ഉദ്യോഗസ്ഥരും ഉന്നതാധികാരമുള്ള ബിസിനസ് പ്രതിനിധി സംഘവും ഉണ്ടാകും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രധാനമന്ത്രി മിറ്റ്‌സോറ്റകിസും ഉഭയകക്ഷി ചർച്ചകൾ നടത്തും. വിശിഷ്ടാതിഥികൾക്കായി പ്രധാനമന്ത്രി മോദി ഉച്ചഭക്ഷണ വിരുന്നും സംഘടിപ്പിക്കുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഭാരതം-ഗ്രീസ് ബന്ധം പങ്കിട്ട സാംസ്കാരിക മൂല്യങ്ങൾ, സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത, സുരക്ഷ, പ്രതിരോധം, ഷിപ്പിംഗ്, നാവിക മേഖലകളിലെ സഹകരണം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും പ്രാദേശികവും ആഗോളവുമായ വിഷയങ്ങൾ ഇരു രാജ്യങ്ങളും ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഭാരതവും ഗ്രീസും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുകയും ആഴത്തിലാക്കുകയും ചെയ്യുന്നതിന് പ്രധാനമന്ത്രി മിറ്റ്‌സോറ്റകിസിന്റെ സന്ദർശനം ഉപകാരപ്പെടുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഏഥൻസിലേക്ക് മടങ്ങുന്നതിന് മുമ്പ് മിറ്റ്‌സോറ്റകിസ് മുംബൈയും സന്ദർശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: