പ്രയാഗ്രാജ് (ഉത്തര്‍പ്രദേശ്): നൂറ്റാണ്ടുകളായി പ്രയാഗ്രാജ് അറിവിന്റെയും ആശയ വിനിമയത്തിന്റെയും കേന്ദ്രമായി തുടരുകയാണെന്ന് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. പ്രയാഗ്രാജിലെ ഡോ. രാജേന്ദ്ര പ്രസാദ് ദേശീയ നിയമ സര്‍വകലാശാലയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഴക്കിന്റെ ഓക്സ്ഫോര്ഡായി കണക്കാക്കപ്പെടുന്ന അലഹബാദ് സര്‍വകലാശാല 137 വര്‍ഷമായി വിജ്ഞാനത്തിന്റെ പ്രകാശഗോപുരമായി തുടര്‍ന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഷ്ട്രനിര്‍മാണത്തില്‍ അഭിഭാഷകര്‍ ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അഭിഭാഷകര്‍ സമൂഹത്തില്‍ നിര്‍ണായകവും ബഹുമുഖവുമായ പങ്ക് വഹിക്കുന്നുണ്ട്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സദ്ഭരണത്തിന് നിയമവാഴ്ചയാണ് അടിസ്ഥാനമെന്ന് പരിപാടിയില്‍ സംസാരിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഉത്തര്‍പ്രദേശിന്റെ മികച്ച ഭരണ മാതൃക സ്ഥാപിക്കുന്നതില്‍ നിയമസംവിധാനം എപ്പോഴും പിന്തുണച്ചു. ജുഡീഷ്യല്‍ സംവിധാനത്തില്‍ പൊതുവിശ്വാസം നിലനിര്‍ത്തേണ്ടത് ഏറെ പ്രധാനമാണ്. ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്ടപ്പെടുന്നത് അശാന്തിക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യത്തിന്റെ എല്ലാ തൂണുകളും കൂടുതല്‍ ശക്തിപ്പെടുത്താന്‍ എല്ലാവരും ശ്രമിക്കണം. വിവാദങ്ങളല്ല, സംവാദങ്ങളാണ് ആവശ്യം. പരാതികളുള്ള വ്യക്തികള്‍ക്ക് ആശങ്കകള്‍ സര്‍ക്കാരിനെ നേരിട്ട് അറിയിക്കാന്‍ വിവിധ മാര്‍ഗങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: