വയനാട്: കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട കുറുവാ ദ്വീപിലെ വനം വാച്ചര്‍ പോളിന്റെ മൃതദേഹവുമായി പുല്‍പ്പള്ളിയില്‍ നാട്ടുകാരുടെ പ്രതിഷേധം. പുല്‍പ്പള്ളി ബസ സ്റ്റാന്‍ഡിനകത്താണ് മൃതദേഹവുമായുള്ള നാട്ടുകാരുടെ പ്രതിഷേധം. പോളിന്റെ ബന്ധുക്കള്‍, വിവിധ സഭാ പ്രതിനിധികള്‍, രാഷ്‌ട്രീയക്കാര്‍ തുടങ്ങിയവരും പ്രതിഷേധത്തിലുണ്ട്.
മൃതദേഹം ഇവിടെനിന്നും വിലാപയാത്രയായി പാക്കം വെള്ളച്ചാലിലെ വീട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. നഷ്ടപരിഹാരത്തുക അനുവദിക്കുക, കുട്ടികളുടെ തുടര്‍പഠനം തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ വ്യക്തമാക്കിയതിന് ശേഷം മാത്രമേ പ്രതിഷേധം അവസാനിപ്പിക്കൂ എന്നാണ് നാട്ടുകാര്‍ പറയുന്നത്. ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തണമെന്നും ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും നാട്ടുകാര്‍ പറയുന്നുണ്ട്.
എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കളക്ടര്‍ പാക്കത്തെ പോളിന്റെ വീട്ടിലേയ്‌ക്കെത്താനാണ് സാധ്യതയെന്നാണ് വിവരം. വെള്ളിയാഴ്ച രാവിലെയാണ് കുറുവ ദ്വീപിലെ ഇക്കോ ടൂറിസം ജീവനക്കാരനായ പോളിന് നേരെ കാട്ടാന ആക്രമണം ഉണ്ടായത്. വാരിയെല്ലിനു ഗുരുതരമായി പരിക്കേറ്റ പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലിരിക്കേ മരിക്കുകയായിരുന്നു.
വന്യമൃഗ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് വയനാട്ടിൽ എൽഡിഎഫും യുഡിഎഫും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താൽ പൂർണമാണ്. രാവിലെ 6 മണി മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ ആചരിക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി വിവിധയിടങ്ങളിൽ വാഹനങ്ങൾ അടക്കം തടഞ്ഞു. ലക്കിടി, മാന്തവാടി, കാട്ടിക്കുളം, ബത്തേരി എന്നിവിടങ്ങളിലാണ് പ്രതിഷേധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: