തൃശൂര്‍ : കോടികള്‍ തുലച്ച നവ കേരളസദസിന്റെ തുടര്‍ച്ചയായി വീണ്ടും പരിപാടികള്‍. ഇക്കുറി വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ മുഖ്യമന്ത്രിയുമായി മുഖാമുഖമാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഇതിനും പൊതു ഖജനാവില്‍ നിന്ന് കോടികള്‍ ചെലവാകും. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രചരണമാണ് ലക്ഷ്യം. കോഴിക്കോട്, തൃശൂര്‍, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഈ മാസം 18ന് കോഴിക്കോട് വിദ്യാര്‍ത്ഥികളുമായും 25ന് തൃശൂരില്‍ കലാ- സാംസ്‌കാരിക പ്രവര്‍ത്തകരുമായും മുഖാമുഖം നടക്കുമെന്നാണ് അറിയിപ്പ്.
തുടര്‍ ദിവസങ്ങളില്‍ മറ്റ് ജില്ലകളിലും പരിപാടികള്‍ സംഘടിപ്പിക്കും. ജില്ലാ കലക്ടര്‍മാര്‍ക്കാണ് പരിപാടികളുടെ ഏകോപനച്ചുമതല. പരിപാടികള്‍ക്ക് പണം തടസമാകരുതെന്ന നിര്‍ദേശവും നല്കിയിട്ടുണ്ട്. വിവിധ വകുപ്പ് മേധാവികളോട് പണം പിരിച്ച് നല്കാനും നിര്‍ദേശിച്ചിട്ടുണ്ട്. നവകേരള സദസിന് വേണ്ടിയും വകുപ്പ് മേധാവികള്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പിരിവ് നടത്തിയിരുന്നു.
പണമില്ലാത്തതിനാല്‍ സപ്‌ളൈകോയിലെ നിത്യോപയോഗ സാധനങ്ങളുടെ സബ്‌സിഡി വരെ വെട്ടിക്കുറച്ച സര്‍ക്കാര്‍ രാഷ്‌ട്രീയ പ്രചരണത്തിന് വേണ്ടി കോടികള്‍ ധൂര്‍ത്തടിക്കുന്നതിലാണ് പ്രതിഷേധമുയരുന്നത്. നവകേരള സദസില്‍ ലഭിച്ച പരാതികളില്‍ എണ്‍പത് ശതമാനത്തിലേറെയും പരിഹരിക്കപ്പെടാതെ അവശേഷിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ പുതിയ മുഖാമുഖം പരിപാടി പ്രഹസനമാകുമെന്നുറപ്പാണ്. തൃശൂരില്‍ സിനിമാ, കലാ, സാഹിത്യ രംഗത്തുനിന്ന് രണ്ടായിരം പേര്‍ പരിപാടിക്കെത്തുമെന്നാണ് സംഘാടകര്‍ പറയുന്നത്. ഇത്രയും ആളുകളുമായി ആശയസംവാദം നടക്കില്ലെന്നുറപ്പാണ്. ഫലത്തില്‍ ഇത് മുഖ്യമന്ത്രിയുടെ പ്രസംഗം കേള്‍ക്കാനെത്തുന്ന ആള്‍ക്കൂട്ടം മാത്രമാകും. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന പ്രചരണത്തില്‍ കവിഞ്ഞ് ഒരു പ്രാധാന്യവും ഈ പരിപാടിക്കില്ലെന്ന് വ്യക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: