മുംബൈ: മഹാരാഷ്‌ട്രയിലെ താനെയിൽ മയക്കുമരുന്ന് നിർമ്മാണ കടത്ത് റാക്കറ്റുമായി ബന്ധപ്പെട്ട് എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നുമായി 55.7 ലക്ഷം രൂപ വിലമതിക്കുന്ന മെഫെഡ്രോൺ, 59,000 രൂപ വിലമതിക്കുന്ന അസംസ്‌കൃത വസ്തുക്കളും മയക്കുമരുന്ന് നിർമ്മാണത്തിന് ഉപയോഗിച്ച രാസവസ്തുക്കളും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
താനെ സ്വദേശികളായ ജയേഷ് പ്രദീപ് കാംബ്ലി (25), വിഘ്നേഷ് വിനായക് ഷിർകെ (28) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നുമായി 78.8 ഗ്രാം മെഫെഡ്രോൺ പിടികൂടിയതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ശിവരാജ് പാട്ടീൽ പറഞ്ഞു. നേരത്തെ ജനുവരി 5 ന് വസായിലെ ചിങ്കോട്ടിയിൽ നിന്ന് മയക്കുമരുന്ന് വിതരണക്കാരായ അഹമ്മദ് മുഹമ്മദ് ഷാഫി ഷെയ്ഖ് എന്ന അക്ബർ ഖൗ (41), ഷബീർ അബ്ദുൾ കരീം ഷെയ്ഖ് (44) എന്നിവരെ പിടി കൂടിയിരുന്നു. ഇവരിൽ നിന്നുള്ള വിവരങ്ങളാണ് പ്രതികളിലേക്കുള്ള അന്വേഷണത്തെ നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
മറ്റ് പ്രതികളായ കുർള സ്വദേശികളായ മുഹമ്മദ് റാസി ഹനീഫ് അൻസാരി (47), മുഹമ്മദ് അമീർ അമന്തുള്ള ഖാൻ (44) എന്നിവരെ കഴിഞ്ഞ മാസം അവസാനം അറസ്റ്റ് ചെയ്തിരുന്നു. അമന്തുള്ള ഖാൻ അറസ്റ്റിലായതോടെ ഗുജറാത്തിൽ മയക്കുമരുന്ന് കേസിൽ പ്രതിയും 2023 മാർച്ചിൽ പരോളിൽ ഇറങ്ങി മുങ്ങി നടക്കുകയായിരുന്ന ബാല എന്ന മനോജ് പാട്ടീലിനെ കുടുക്കാനും സഹായകമായി.
മനോജ് പാട്ടീലിന്റെ കൂട്ടാളിയായ ദിനേശ് ദേവ്ജി മാത്രെയെ കേസിന്റെ തുടരന്വാഷണത്തിൽ കഴിഞ്ഞ മാസം പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക