ഉത്തർപ്രദേശിൽ നിന്ന് സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥിയായി വീണ്ടും നാമനിർദ്ദേശം ചെയ്തപ്പെട്ടതോടെ രാജ്യസഭയിലേക്ക് അഞ്ചാം തവണയും മത്സരിക്കാൻ ഒരുങ്ങുകയാണ് ജയ ബച്ചൻ. ഇലക്ഷനു മുന്നോടിയായി തന്റെയും ഭർത്താവ് അമിതാഭ് ബച്ചന്റെയും സ്വകാര്യ ആസ്തികളുടെ കണക്കുവിവരങ്ങൾ സത്യവാങ്മൂലത്തിൽ പ്രഖ്യാപിച്ചിരിക്കുകയാണ് ജയ ബച്ചൻ.
ബിസിനസ് ടുഡേയിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, 2022-23 സാമ്പത്തിക വർഷത്തിൽ ജയയുടെ സ്വകാര്യ ആസ്തി 1.63 കോടി രൂപയാണെന്ന് പറയുന്നു. അമിതാഭ് ബച്ചന്റെ ഇതേ വർഷത്തെ ആസ്തി 273.74 കോടി രൂപയാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. ജയയുടെ ബാങ്ക് ബാലൻസ് 10.11 കോടിയും അമിതാഭിന്റെ ബാങ്ക് ബാലൻസ് 120.45 കോടിയുമാണെന്ന് സത്യവാങ്മൂലത്തിൽ പ്രഖ്യാപിക്കുന്നു. 729.77 കോടി രൂപയുടെ സ്ഥാവര വസ്‌തുക്കളുള്ള ഇവരുടെ സംയുക്ത ജംഗമ സ്വത്തിന്റെ മൂല്യം 849.11 കോടി രൂപയാണ്.
എൻഡോഴ്‌സ്‌മെൻ്റുകളിലൂടെ സമ്പാദിച്ച പണം, എംപി എന്ന നിലയിലുള്ള ജയയുടെ ശമ്പളം, ഒരു അഭിനേതാവ് എന്ന നിലയിലുള്ള അവരുടെ ഫീസ് എന്നിവ ജയയുടെ സമ്പത്തിന്റെ ഉറവിടങ്ങളാണ്. അഭിനേതാവ് എന്ന നിലയിലുള്ള അമിതാഭിന്റെ ശബളത്തിനു പുറമെ ഒരു സോളാർ പ്ലാൻ്റിൽ നിന്നുള്ള വരുമാനം, കെട്ടിട വാടക, ലാഭവിഹിതം, മൂലധന നേട്ടം എന്നിവയൊക്കെയാണ് അമിതാഭിന്റെ വരുമാന സ്രോതസ്സുകൾ.
40.97 കോടിയുടെ ആഭരണങ്ങളും 9.82 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കാറും ജയയുടെ കൈവശമുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ മറ്റൊരു റിപ്പോർട്ട് പറയുന്നു. അമിതാഭിന് 54.77 കോടിയുടെ ആഭരണങ്ങളും രണ്ട് മെഴ്‌സിഡസും ഒരു റേഞ്ച് റോവറും ഉൾപ്പെടെ 17.66 കോടിയോളം വിലമതിക്കുന്ന 16 വാഹനങ്ങളാണ് അമിതാഭ് ബച്ചന്റെ കൈവശമുള്ളത്. 2018ൽ ഭർത്താവ് അമിതാഭ് ബച്ചനും തനിക്കും ചേർന്ന് 1000 കോടി രൂപയുടെ സ്വത്തുണ്ടെന്ന് ജയ വെളിപ്പെടുത്തിയിരുന്നു.
സിനിമയിൽ, ഇപ്പോൾ അത്ര സജീവമല്ല ജയ ഇപ്പോൾ. 2023ൽ കരൺ ജോഹർ ചിത്രമായ റോക്കി ഓര്‍ റാണി കി പ്രേം കഹാനിയിലാണ് ജയ ഒടുവിൽ അഭിനയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: