ന്യൂദല്‍ഹി: ആയുഷ്മാന്‍ ഭാരത് പദ്ധതി ആരംഭിച്ചതു മുതല്‍, അഞ്ചു വര്‍ഷത്തിനിടെ ദല്‍ഹിയിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ മാത്രം പദ്ധതിയുടെ ഗുണം ലഭിച്ചത് 23,000 രോഗികള്‍ക്ക്. വിവിധ വിഭാഗങ്ങളിലായി 23,260 രോഗികള്‍ക്ക് ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഗുണഭോക്താക്കളായി ചികിത്സ ലഭ്യമാക്കിയെന്ന് എയിംസിന്റെ പത്രക്കുറിപ്പില്‍ പറയുന്നു. ആയുഷ്മാന്‍ ഭാരത് പദ്ധതി ഏറ്റവും വിജയകരമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നതിന്റെ സന്തോഷവും എയിംസ് പങ്കുവച്ചു.
അര്‍ബുദ ചികിത്സയ്ക്കായി എത്തിയ രോഗികള്‍ക്കാണ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ ഗുണം കിട്ടിയത്. ഓങ്കോളജി വിഭാഗത്തില്‍ 5179 രോഗികള്‍ ചികിത്സ തേടി. ഒപ്താല്‍മോളജി(4275), ജനറല്‍ മെഡിസിന്(3169), ഓര്‍ത്തോപീഡിക്സ്(2260), ന്യൂറോ സര്‍ജറി(2223) എന്നിങ്ങനെയാണ് പ്രധാന വിഭാഗങ്ങളില്‍ ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരം ചികിത്സ ലഭിച്ച രോഗികളുടെ എണ്ണം.
എയിംസിന്റെ ഒന്നാം നമ്പര്‍ ഗേറ്റില്‍ പ്രവര്‍ത്തിക്കുന്ന ആയുഷ്മാന്‍ ഭാരത് കേന്ദ്രം ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്നു. പേഷ്യന്റ് കെയര്‍ മാനേജര്‍മാരും പ്രധാന്‍മന്ത്രി ആരോഗ്യ മിത്രമാരും ചേര്‍ന്നാണ് ഈ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നയിക്കുന്നത്. രോഗികള്‍ക്ക് പദ്ധതിയുടെ ഗുണം കൃത്യമായി ലഭ്യമാക്കാന്‍ എയിംസ് പ്രത്യേക സജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി രണ്ട് പ്രധാന ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്.
എയിംസിലെ 730 ഹൃദയ ശസ്ത്രക്രിയകള്‍ക്ക് ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ നിന്ന് സഹായം ലഭിച്ചു. 557 രോഗികള്‍ക്ക് ഇടുപ്പുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി. 148 മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി. ഇതിലെല്ലാം പദ്ധതി പ്രകാരം രോഗികള്‍ക്ക് സൗജന്യമായി ചികിത്സ ലഭ്യമാക്കാന്‍ കഴിഞ്ഞെന്ന് എയിംസ് അധികൃതര്‍ പറയുന്നു.
എല്ലാ പ്രധാനപ്പെട്ട വിഭാഗങ്ങളിലും ആയുഷ്മാന്‍ ഭാരത് കേന്ദ്രങ്ങള്‍ സജ്ജമാക്കന്‍ ഒരുങ്ങുകയാണ് എയിംസ്. ഇതിനായി ഡോ. വി.കെ. ബന്‍സാലിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നു. ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ 1109 മെഡിക്കല്‍ പാക്കേജുകളിയാണ് രോഗികള്‍ക്ക് പ്രയോജനം ലഭിക്കുക. 27 സ്പെഷാലിറ്റി വിഭാഗങ്ങളിലായി 1949 പ്രൊസീജിയറുകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: