കൊല്‍ക്കത്ത: ഇവിടെ ഞങ്ങള്‍ക്ക് സുരക്ഷിതമായി ജീവിക്കാന്‍ കഴിയില്ല. പുറത്തിറങ്ങാന്‍ പേടിയാണ്, രക്ഷിക്കണം… സന്ദേശ്ഖാലിയിലെ തൃണമൂല്‍ അതിക്രമങ്ങളെക്കുറിച്ച് ഭയന്നരണ്ട കണ്ണുകളോടെയാണ് ഇപ്പോഴും അമ്മമാര്‍ മനസ് തുറക്കുന്നത്.
ഈ ക്രൂരത തുടങ്ങിയിട്ട് ഏറെയായി. ഷേഖ് ഷാജഹാനെന്ന തൃണമൂല്‍ നേതാവിന്റെ സര്‍വാധിപത്യത്തിലായിരുന്നു ഇത്രകാലവും സന്ദേശ് ഖാലി. കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ ഇ ഡി അയാളെ തേടിയെത്തിയതോടെയാണ് സന്ദേശ്ഖാലിക്ക് സമാധാനമായത്. അയാള്‍ ഒളിവില്‍ പോയതിന് ശേഷമാണ് തങ്ങള്‍ അനുഭവിച്ച പീഡനങ്ങള്‍ പുറത്ത് പറയാനും പ്രതിഷേധിക്കാനും ഞങ്ങള്‍ക്ക് ഇത്രയെങ്കിലും സാധിക്കുന്നത്, ബംഗാളിലെ സ്ത്രീപ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുന്നവരിലൊരാളായ കനിക ദാസ് മാധ്യമങ്ങളോട് പറഞ്ഞു.
ആസൂത്രിതമായ കൂട്ടബലാത്സംഗങ്ങളാണ് ഇവിടെ നടക്കുന്നത്. രാത്രികളില്‍ വീടുകയറി സ്ത്രീകളെ പിടിച്ചുകൊണ്ടുപോകും. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഓഫീസിലെത്തിച്ച് ലൈംഗികമായി, ക്രൂരമായി പീഡിപ്പിക്കും. സ്വന്തം മക്കള്‍ക്ക് മുന്നില്‍ പോലും ഞങ്ങള്‍ മുഖമില്ലാത്തവരായിട്ട് എത്രയോ കാലമായി, കനിക പറയുന്നു.
ഞങ്ങളുടെ പട്ടിണി മുതലെടുത്താണ് ഷാജഹാനും സംഘവും ഇവിടെ കടന്നുകയറിയത്. സാമൂഹികവിരുദ്ധരാണ് തൃണമൂലുകാരെല്ലാം. പരാതി പറയാന്‍ പോലും ഞങ്ങള്‍ക്ക് അവകാശമില്ല. പോലീസ് ഞങ്ങളെ കേള്‍ക്കുമായിരുന്നില്ല. ഒരാളും നടപടിയെടുത്തില്ല.
അവര്‍ക്കെതിരെ ശബ്ദിച്ചതിനാണ് ഫെബ്രുവരി പത്തിന് പുലര്‍ച്ചെ മൂന്ന് മണിക്ക് എന്റെ വീട്ടില്‍ അതിക്രമിച്ചുകയറിയത്. ഇരുപത്-മുപ്പത് പേരുണ്ടായിരുന്നു. പോലീസും കൂട്ടിനുണ്ടായിരുന്നു. അവര്‍ കതക് ചവിട്ടിത്തുറന്നു. മുടിക്ക് കുത്തിപ്പിടിച്ച് വലിച്ചിഴച്ചു. എന്റെ കുഞ്ഞിനെ അവര്‍ വലിച്ചെറിഞ്ഞു, കനിക ദാസ് പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസ് റേപ്പിസ്റ്റുകള്‍ നയിക്കുന്ന പാര്‍ട്ടിയാണ്. ഈ സമരം അവസാനിക്കില്ല. ഞങ്ങളുടെ തലമുറകള്‍ക്കെങ്കിലും സുരക്ഷിതമായി ഇവിടെ കഴിയാന്‍ വേണ്ടിയാണ് സമരം. കനിക ദാസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: